മുംബൈ: ഗുണ്ടകളുടെ തട്ടിക്കൊണ്ടുപോകലിനും ആക്രമണത്തിനും ഇരയായ മലയാളത്തിന്റെ യുവനടിക്ക് പിന്തുണയുമായി ഇന്ത്യന്‍ സിനിമാലോകം. ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തറും തെന്നിന്ത്യന്‍ താരങ്ങളായ വിശാലും സാമന്തയും സിദ്ധാര്‍ഥുമാണ് ട്വിറ്ററിലൂടെ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
നടി അനുഭവിച്ച ദുരിതം കേട്ട് ഞെട്ടിയിരിക്കുകയാണ്. ഇതിനെ മറികടക്കാനുള്ള ധൈര്യം അവള്‍ക്ക് ഉണ്ടാവട്ടെ. കുറ്റക്കാര്‍ മുഴുവന്‍ പിടിക്കപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഫര്‍ഹാന്‍ അക്തര്‍ ട്വീറ്റ് ചെയ്തു. ധീര എന്നാണ് സാമന്ത ദുരിതം അനുഭവിച്ച നടിയെ വിശേഷിപ്പിച്ചത്. ഞാന്‍ എന്റെ ടൈംലൈന്‍ നിരന്തരം പരിശോധിച്ചുകൊണ്ടിരിക്കും. നിങ്ങള്‍ സിനിമയില്‍ തിരിച്ചെത്തുന്നത് കാത്തിരിക്കുകയാണ് ഞാന്‍. സാമന്ത ട്വിറ്ററില്‍ കുറിച്ചു.
നടിയുടെ ധൈര്യത്തെ അഭിനന്ദിക്കുകയാണെന്ന് തമിഴ് അഭിനേതാക്കളുടെ സംഘടനയുടെ നേതാവ് കൂടിയായ വിശാല്‍ പറഞ്ഞു. ഈ സംഭവത്തില്‍ മുഴുവന്‍ സിനിമാലോകവും നടിക്കൊപ്പമുണ്ട്. ഒരു നടിക്ക് ഇത്തരമൊരു അനുഭവം ഉണ്ടാവുകയാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്താവും.
സംഭവം സംബന്ധിച്ച് കേരള മുഖ്യമന്ത്രിക്ക് കത്തെഴുതുന്നുണ്ട്. കുറ്റക്കാരെ കണ്ടെത്തണമെന്നും അവര്‍ക്ക് തക്ക ശിക്ഷ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടായിരിക്കും കത്തെഴുതുക. ഇനിയൊരാള്‍ക്ക് ഇത്തരമൊരു കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ തോന്നാത്ത തരത്തിലുള്ളതായിരിക്കണം ശിക്ഷ. ഇക്കാര്യത്തില്‍ നടിക്കും മലയാളത്തിലെ താരസംഘടനയായ അമ്മയ്ക്കും വേണ്ട പിന്തുണയെല്ലാം നല്‍കും. വിശാല്‍ പറഞ്ഞു.
The post യുവനടിയ്ക്ക് പിന്തുണയുമായി ഇന്ത്യന്‍ സിനിമാലോകം appeared first on Daily Indian Herald.