ബദല്‍പൂര്‍: പുതിയ ഷൂ വാങ്ങി തരാമെന്ന് പറഞ്ഞാണ് ആറ് വയസുകാരിയെ അച്ഛന്‍ കൂട്ടികൊണ്ടു പോയി പുഴയിലേക്ക് വലിച്ചെറിഞ്ഞു. പാലത്തിന് മുകളില്‍ നിന്നും അച്ഛനും, അച്ഛന്‍റെ കൂട്ടുകാരനും കൂടി അവളെ ഉല്ലാസ് നദിയിലേക്കാണ് വലിച്ചെറിഞ്ഞത്.ഈ 6 വയസ്സുകാരിയെ 11 മണിക്കൂറുകള്‍ക്ക് ശേഷം രക്ഷിച്ചു. പുഴക്ക് സമീപമുള്ള നിര്‍മ്മാണ കമ്പനിയിലെ സുരക്ഷാ ജീവനക്കാരനാണ് രാവിലെ 7 മണിയോടു കൂടി പുഴക്കരയിലെ മരത്തില്‍ തൂങ്ങിപ്പിടിച്ച് കരയുന്ന കുഞ്ഞിനെ കണ്ടെത്തിയത്. ഇയാള്‍ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഇയാള്‍ വിവരമറിയിച്ചതനുസരിച്ച് എത്തിയ കുല്‍ഗോന്‍-ബദല്‍പൂര്‍ അഗ്നിശമന സംഘവും പോലീസും 15 മിനിറ്റ് നേരത്തെ ശ്രമത്തിനൊടുവില്‍ കുട്ടിയെ രക്ഷിക്കുകയായിരുന്നു.
മഹാരാഷ്ട്രയിലെ ബദല്‍പൂരിലുള്ള വാലിവ്‌ലി പാലത്തിന് സമീപം ബുധനാഴ്ച്ച രാത്രിയായിരുന്നു സംഭവം. അന്വേഷിച്ചപ്പോള്‍ തന്റെ പേര് എക്താ സിയാനി എന്നാണെന്നും താനെയിലെ വര്‍ത്തക് നഗര്‍ സ്വദേശിയാണെന്നും കുട്ടി പറഞ്ഞതായി പോലീസ് അറിയിച്ചു. കൂടാതെ അച്ഛനും കൂട്ടുകാരനും ചേര്‍ന്നാണ് തന്നെ പുഴയിലേക്ക് വലിച്ചെറിഞ്ഞതെന്ന് കുട്ടി പറഞ്ഞതായും പോലീസ് വ്യക്തമാക്കി. ബുധനാഴ്ച്ച രാത്രി എട്ട് മണിയോടെയാണ് കുട്ടിയെ അച്ഛന്‍ നദിയിലെറിഞ്ഞതെന്ന് പോലീസ് പറയുന്നു. പുതിയ ഷൂസ് വാങ്ങിത്തരാമെന്ന് പറഞ്ഞാണ് അച്ഛന്‍ വീട്ടില്‍ നിന്നും തന്നെ കൊണ്ടുവന്നതെന്ന് കുട്ടി പറഞ്ഞതായും പൊലീസ് പറഞ്ഞു. കുട്ടിയെ ഉടന്‍ തന്നെ ആരോഗ്യപരിശോധനക്കായി സമീപത്തെ ആശുപത്രിയില്‍ പ്രവേശിച്ചു. മകളെ കാണാനില്ലെന്ന് പറഞ്ഞ് ഏക്തയുടെ അമ്മ ബുധനാഴ്ച്ച രാത്രി വര്‍ത്തക് നഗര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ടായിരുന്നു. കുട്ടിയുടെ അച്ഛനും സുഹൃത്തിനും വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു