Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം; 30 മരണം

$
0
0

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ കനത്തമഴയിലും മണ്ണിടിച്ചിലിലും മുപ്പത്പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരുക്കേറ്റു. ദേശീയ ദുരന്തനിവാരണസേനയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത്. മരിച്ചവര്‍ക്കുള്ള സഹായധനം ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മേഘ വിസ്ഫോടനത്തെ തുടര്‍ന്നതുണ്ടായ ശക്തമായ മഴയില്‍ നിരവധി വീടുകള്‍ തകര്‍ന്നു.54 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് രേഖപ്പെടുത്തിയത്.

മൂന്ന് വര്‍ഷം മുന്‍പ് സര്‍വനാശം വിതച്ച മേഘവിസ്ഫോടനമെന്ന പ്രകൃതിദുരന്തം ഇന്നലെയും ഉത്തരാഖണ്ഡിനെ കെടുതിയിലാഴ്ത്തിയിരിക്കുന്നത് . മരണ സംഖ്യ ഉയര്‍ന്നേക്കും. പിത്തോര്‍ഗര്‍, ചമോലി ജില്ലകളിലാണ് ദുരന്തം പൊടുന്നനെ പെയ്തിറങ്ങിയത്. നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. വെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും വീടുകളും ഏക്കര്‍ കണക്കിന് കൃഷിഭൂമിയും ഒലിച്ചുപോയി. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടെന്നും നിരവധി പേരെ കാണാതായെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
പുണ്യനദിയായ അളകനന്ദയിലെ ജലനിരപ്പ് അപകടകരമാം വിധം ഉയര്‍ന്നിട്ടുണ്ട്. നന്ദപ്രയാഗ് മേഖലയിലും ജലനിരപ്പ് ഉയര്‍ന്നു. സിംഗാലി, പത്താകോട്ട്, ഒഗ്ല, താല്‍ ഗ്രാമങ്ങളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്. പാലങ്ങളും റോഡുകളും തകര്‍ന്ന് പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു. ഋഷികേശ് – ബദ്രീനാഥ് ദേശീയ പാത (എന്‍.എച്ച് 58 ) ദേവപ്രയാഗിന് സമീപം അടച്ചു. താല്‍ – മുന്‍സ്യാരി റോഡ് തകര്‍ന്നു. യമുനോത്രി ദേശീയപാതയിലും കേദാര്‍നാഥ് ദേശീയപാതയിലും ഗതാഗതം തടസപ്പെട്ടു. കേദാര്‍നാഥ് ദേശീയ പാതയില്‍ വലിയ വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്തോ – ടിബറ്റന്‍ പൊലീസ്, എസ്.എസ്.ബി, സംസ്ഥാന പൊലീസ് സേനകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. ദുരന്തനിവാരണ സേനയുടെ കൂടുതല്‍ യൂണിറ്റുകള്‍ സ്ഥലത്തേക്ക് എത്തും.രണ്ട് ദിവസമായി കനത്ത മഴ പെയ്യുന്ന ഉത്തരാഖണ്ഡില്‍ കഴിഞ്ഞ ദിവസം 54 മില്ലി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. പ്രധാന നദികളിലെല്ലാം ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. നൈനിറ്റാള്‍, ഉദ്ധംസിംഗ് നഗര്‍, ചമ്പാവാത്, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ അടുത്ത 74 മണിക്കൂറില്‍ കനത്ത മഴയ്ക്കും മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ്റാവത്ത് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി.

2013ലെ ഹിമാലയന്‍ സുനാമി
2013 ജൂണില്‍ ഉത്തരാഖണ്ഡിലുണ്ടായ മേഘവിസ്ഫോടനം സുനാമിക്ക് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു. ഔദ്യോഗിക കണക്കില്‍ 5000ത്തോളം പേരാണ് അന്ന് മരിച്ചത്. രുദ്രപ്രയാഗ്, ചമോലി, ഉത്തരകാശി, പിത്തോര്‍ഗര്‍ ജില്ലകളിലാണ് അന്ന് ദുരന്തം പെയ്തത്. ഗംഗോത്രി, കേദാര്‍നാഥ്, ബദ്രിനാഥ്, ഗൗരികുണ്ഡ് തുടങ്ങിയ തീര്‍ത്ഥാടന മേഖലകളിലെല്ലാം കനത്ത നാശമുണ്ടായി. ഏക്കര്‍ കണക്കിന് ഭൂമി ഒലിച്ചുപോയി. നൂറുകണക്കിന് ഗ്രാമങ്ങള്‍ തകര്‍ന്നു. ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു.

മേഘവിസ്ഫോടനം ഒരു ചെറിയ പ്രദേശത്ത് പെട്ടെന്നുണ്ടാകുന്ന അതിശക്തമായ മഴയാണ് മേഘവിസ്ഫോടനം . മിനിട്ടുകള്‍ കൊണ്ടുണ്ടാകുന്ന പ്രതിഭാസം വലിയ വെള്ളപ്പൊക്കവും കനത്ത നാശനഷ്ടങ്ങളും ഉണ്ടാക്കുന്നു. മണിക്കൂറില്‍ 100 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ പെയ്യും. പര്‍വത മേഖലകളിലും മരുപ്രദേശങ്ങളിലുമാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്.


Viewing all articles
Browse latest Browse all 20522

Trending Articles