ഇറ്റാനഗർ∙ ചൈനീസ് അതിർത്തിയിലേക്ക് വേഗത്തിൽ എത്താൻ അരുണാചൽ പ്രദേശിലൂടെ ഇന്ത്യ തുരങ്കം നിർമിക്കുന്നു. അരുണാചലിലെ 4,170 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സേല പാസിലൂടെയാണു തുരങ്കം വരുന്നത്. പദ്ധതി യാഥാർഥ്യമാവുമ്പോൾ ചൈനീസ് അതിർത്തിയോടു ചേർന്നുകിടക്കുന്ന തവാങ്ങിലെത്താൻ നിലവിൽ ഉള്ളതിനെക്കാൾ 10 കിലോമീറ്ററോളം ദൂരം കുറയും. ബോർഡർ റോഡ്സ് ഓർഗനൈസേഷനാണ് രണ്ട് തുരങ്കങ്ങൾ നിർമിക്കുന്നത്.
ഇതോടെ അസമിലെ തേസ്പുരിൽ സൈന്യത്തിന്റെ 4 കോർ ആസ്ഥാനത്തുനിന്നു തവാങ്ങിലെത്താനുള്ള സമയത്തിൽ ഒരു മണിക്കൂറോളം കുറവുണ്ടാകുമെന്ന് ബിആർഒ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഇതുകൂടാതെ, ഈ തുരങ്കം വരുന്നതിലൂടെ അരുണാചൽ പ്രദേശിലെ ബോംദിലയ്ക്കും തവാങ്ങിനുമിടയിലെ 171 കിലോമീറ്റർ നീളമുള്ള ദേശീയപാത 13, ഏതു കാലാവസ്ഥയിലും യാത്രായോഗ്യം ആയിരിക്കുകയും ചെയ്യും.കിഴക്കൻ ഹിമാലയത്തിലെ ദുർഘടമായ വഴികളിലൂടെ അതിർത്തിയിലെത്താനുള്ള ഇന്ത്യയുടെ പ്രയാസം, തുരങ്കങ്ങൾ വരുന്നതിലൂടെ പരിഹരിക്കാനാകുമെന്നാണു വിലയിരുത്തൽ.
തുരങ്ക നിർമാണത്തിനായി ഭൂമിയേറ്റെടുക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ ആരംഭിക്കണമെന്ന് കാട്ടി വെസ്റ്റ് കാമെങ് ഡപ്യൂട്ടി കമ്മിഷണർ സോണൽ സ്വരൂപിന് ബിആർഒ ഔദ്യോഗികമായി അപേക്ഷ നൽകിയിട്ടുണ്ടെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.ഇതിനൊപ്പം നിലവിലെ ഒറ്റവരി റോഡ് ബൈസാകിയിൽനിന്ന് ഇരട്ടവരിയുള്ള ദേശീയപാതയാക്കുകയും ചെയ്യും. തുരങ്കങ്ങളിൽ ഒന്നിന് 475 മീറ്റർ നീളവും മറ്റൊന്നിന് 1790 മീറ്റർ നീളവും ഉണ്ടാകും. തുരങ്കം പൂർത്തിയായാൽ തവാങ് പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായി മാറും.
The post ഇന്ത്യ തുരങ്കം നിർമിക്കുന്നു..ചൈനീസ് അതിർത്തിയിൽ ഉടനെത്തും appeared first on Daily Indian Herald.