സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബിജെപി എംഎൽഎ ഒ. രാജഗോപാലിന്റെ നേമത്തെ ഓഫിസിനുനേരെ ആക്രമണം. അക്രമത്തിൽ കാറിന്റെ ചില്ലുകളും ജനൽ ചില്ലുകളും കല്ലേറിൽ തകർന്നു. ശനിയാഴ്ച അർധരാത്രിയോടെയായിരുന്നു ആക്രമണം.
രാജഗോപാൽ എംഎൽഎ സംഭവസ്ഥലം സന്ദർശിച്ചു. സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് രാജഗോപാൽ ആരോപിച്ചു. സംഭവത്തിന് പിന്നിൽ എന്താണ് കാരണമെന്ന് അറിയില്ല. രാത്രി 12 മണിവരെ ബിജെപി പ്രവർത്തകർ ഓഫിസിൽ ഉണ്ടായിരുന്നു. അതിനു ശേഷം ഒന്നരയോടെയാണ് ആക്രമണം ഉണ്ടായത് എന്നാണ് വിവരം.
ഒരു സംഘം ആളുകൾ എത്തി കല്ലേറ് നടത്തി. പിന്നീട് ഒരുസംഘം കാറിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയായിരുന്നുവെന്നും രാജഗോപാൽ പറഞ്ഞു. വാഹനങ്ങളിലും കെട്ടിടത്തിലും വടിവാളുകൊണ്ട് വെട്ടിയ പാടുകൾ ഉണ്ടെന്ന് ബിജെപി പ്രവർത്തകരും ആരോപിച്ചു.
തിരുവനന്തപുരത്തു തന്നെ പാപ്പനംകോട് ഭാഗത്ത് സിപിഎം പ്രവർത്തകർ ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ബിജെപിയുടെ സംസ്ഥാന ഓഫിസിനുനേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്. ഈ സംഭവത്തിൽ ആർക്കെതിരെയും കേസില്ല. ഇതിന്റെ തുടർച്ചയാണോ പുതിയ സംഭവമെന്ന് അറിയില്ല. വിജയേട്ടൻ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തോളം ഞങ്ങളിൽ ഒരാൾക്ക് നേരെയും നടപടിയുണ്ടാകില്ലെന്ന ഭാവത്തിലാണ് സിപിഎം പ്രവർത്തകരെന്നും അതാണ് അവർക്ക് പരസ്യമായി അക്രമത്തിന് ധൈര്യം പകരുന്നതെന്നും രാജഗോപാൽ ആരോപിച്ചു.
The post ഒ.രാജഗോപാലിന്റെ ഓഫിസിനു നേരെ ആക്രമണം: പിന്നിൽ സിപിഎമ്മെന്നു ബിജെപി appeared first on Daily Indian Herald.