Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20647

പിണറായിയെ കുടുക്കുമോ?സെന്‍കുമാര്‍ വിഷയം സര്‍ക്കാര്‍ കൂടുതല്‍ അപകടത്തിലേക്ക് .ചീഫ് സെക്രട്ടറി ജയിലില്‍ പോകേണ്ടി വരുമോ ?

$
0
0

തിരുവനന്തപുരം :ടി.പി സെന്‍കുമാര്‍ വിഷയയത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ അപകടത്തിലേക്കും അതുവഴി പിണറായി നിയമ കുരുക്കില്‍ പെടുമെന്നും നിയമ വിദഗ്ദരുടെ വിലയിരുത്തല്‍ .സെന്‍കുമാറിനെ ഡിജിപിയായി നിയമിക്കണമെന്ന കോടതിവിധി നടപ്പിലാക്കാന്‍ കാലതാമസം വരുത്തുന്നതിലൂടെ സര്‍ക്കാര്‍ കൂടുതല്‍ അപകടത്തിലേക്കാണു പോകുന്നതെന്നും നിയമവിദഗ്ധര്‍.റിവിഷന്‍ ഹര്‍ജി നല്‍കണോയെന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയിരിക്കുകയാണ്. വീണ്ടും കോടതിയെ സമീപിക്കണമെന്നാണു നിയമോപദേശമെങ്കില്‍ സര്‍ക്കാരിനു കനത്ത തിരിച്ചടിക്കു സാധ്യതയുണ്ടെന്നു നിയമവിദഗ്ധര്‍ പറയുന്നു. സുപ്രീം കോടതി വിധി അനുസരിക്കുകയെന്ന എളുപ്പവഴി മാത്രമാണു സര്‍ക്കാരിനു മുന്നിലുള്ളതെന്നും അവര്‍ വ്യക്തമാക്കുന്നു.

രണ്ടു കാര്യങ്ങളാണു സുപ്രീം കോടതി വിധിക്കുശേഷം സെന്‍കുമാറിന്റെ നിയമന വിഷയത്തില്‍ ഉണ്ടായിരിക്കുന്നത്. വിധി വന്നയുടന്‍, അതിന്റെ അടിസ്ഥാനത്തില്‍ തന്നെ ഡിജിപിയായി നിയമിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കി. വിധിയുടെ പകര്‍പ്പും ഒപ്പം നല്‍കിയിരുന്നു. എന്നാല്‍, നാലു ദിവസം പിന്നിടുമ്പോഴും ഒരു നടപടിയും സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നതാണ് ഒന്നാമത്തെ കാര്യം. രണ്ടാമതായി, റിവിഷന്‍ ഹര്‍ജി നല്‍കണോയെന്ന കാര്യത്തില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. റിവിഷന്‍ ഹര്‍ജി നല്‍കേണ്ടതില്ല എന്നാണു നിയമോപദേശമെങ്കില്‍ സര്‍ക്കാരിനു കോടതിവിധി നടപ്പിലാക്കേണ്ടിവരും. അല്ലെങ്കില്‍ നിയമോപദേശം മറികടന്നു സര്‍ക്കാരിനു സുപ്രീം കോടതിയെ സമീപിക്കാം. ഇതു സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലേക്കു തള്ളിവിടാനിടയുണ്ട്.
കര്‍ണാടക സര്‍ക്കാരിനെതിരെയുള്ള കോടതിവിധിയാണു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സര്‍വീസ് സംബന്ധമായ വിഷയത്തില്‍ നീതി തേടി കോടതിയെ സമീപിച്ച ഉദ്യോഗസ്ഥന് അനുകൂലമായി സുപ്രീം കോടതി നിലപാടെടുത്തു. എന്നാല്‍, ഉത്തരവു നടപ്പിലാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയാറായില്ല. ഉദ്യോഗസ്ഥന്‍ വീണ്ടും കോടതിയെ സമീപിച്ചു. ഉത്തരവു നടപ്പിലാക്കേണ്ട ബാധ്യതയുണ്ടായിരുന്ന കര്‍ണാടക അഡീ. ചീഫ് സെക്രട്ടറിക്കു ജയിലില്‍ പോകേണ്ടിവന്നു. ഇവിടെയും സമാന സാഹചര്യം ഉണ്ടാകാമെന്നാണു വിലയിരുത്തല്‍. സെന്‍കുമാറിനെ ഡിജിപി തസ്തികയില്‍നിന്ന് മാറ്റാന്‍ അന്നത്തെ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ ഇടപെട്ടു എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. നളിനി നെറ്റോ ഇപ്പോള്‍ ചീഫ് സെക്രട്ടറിയാണ്. അവര്‍ക്കാണ് പുനര്‍നിയമനത്തിനായി സെന്‍കുമാര്‍ അപേക്ഷ നല്‍കിയിരിക്കുന്നതും. നിയമനം വൈകുകയും സെന്‍കുമാര്‍ വീണ്ടും കോടതിയെ സമീപിക്കുകയും ചെയ്താല്‍ ഉദ്യോഗസ്ഥര്‍ക്കു നടപടി നേരിടേണ്ട സാഹചര്യം ഉണ്ടാകാം.tp-senkumar1

‘ഇപ്പോഴത്തെ കോടതി നടപടി പുനപരിശോധിക്കുന്നതിന് സാധ്യതയില്ല. ജൂണ്‍ 30 വരെയാണ് സെന്‍കുമാറിന്റെ കാലാവധി. സെന്‍കുമാറിന് ഉടനടി നിയമനം നല്‍കുകയാണു സര്‍ക്കാര്‍ ചെയ്യേണ്ടത്. സമയം നീട്ടികൊണ്ടുപോകുന്നത് അപകടമാകും. വീണ്ടും സര്‍ക്കാര്‍ കോടതിയെ സമീപിച്ചാല്‍ ഹിയറിങ്ങിനുപോലും സാധ്യത കാണുന്നില്ല’– അഡ്വ. കാളീശ്വരം രാജ് പറയുന്നു.
തന്റെ സര്‍വീസ് കാലയളവു നഷ്ട്ടപ്പെട്ടെന്നും നടപടി വേണമെന്നും സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഈ വിഷയത്തില്‍ കോടതി പ്രത്യേക അഭിപ്രായം പറഞ്ഞില്ല. സര്‍ക്കാര്‍ നടപടികള്‍ വൈകിപ്പിച്ചു കോടതിയെ പ്രകോപിപ്പിക്കുകയും സെന്‍കുമാര്‍ കോടതിയെ വീണ്ടും സമീപിക്കുകയും ചെയ്താല്‍ സെന്‍കുമാറിനു നഷ്ടപ്പെട്ട സര്‍വീസ് കാലയളവ് തിരിച്ചുനല്‍കണമെന്നു കോടതിക്കു നിര്‍ദേശിക്കാവുന്നതാണ്. അതു വീണ്ടും സര്‍ക്കാരിനു തിരിച്ചടിയാകും. ‘സര്‍ക്കാരിന് അനുകൂലമായ തീരുമാനം കോടതിയുടെ ഭാഗത്തുനിന്നുണ്ടാകാന്‍ ഒരു സാധ്യതയും കാണുന്നില്ല. തീരുമാനം നീട്ടുന്നതു കൂടുതല്‍ അപകടം ചെയ്യും’– അഡ്വ. ഡി.ബി. ബിനു വ്യക്തമാക്കുന്നു.cm-pinarayi-1

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് 2016 മെയ് 30 നാണ് സെന്‍കുമാറിനെ മാറ്റുന്നത്. തന്നെ മാറ്റിയതിനെതിരെ ജൂണ്‍ രണ്ടിനു സെന്‍കുമാര്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനു പരാതി നല്‍കി. സെന്‍കുമാറിനെ മാറ്റിയ നടപടി ശരിവച്ച ട്രൈബ്യൂണല്‍ ഉത്തരവില്‍ ഇടപെടില്ലെന്ന് 2017 ജനുവരി 25ന് ഹൈക്കോടതി ഡിവിഷന്‍ ബ‌ഞ്ച് വ്യക്തമാക്കി. ഫെബ്രുവരി 15നു സെന്‍കുമാറിനെ ഐഎംജി ഡയറക്ടറായി സര്‍ക്കാര്‍ നിയമിച്ചു. ഫെബ്രുവരി 26 നു ഹൈക്കോടതി തീരുമാനത്തിനെതിരെ സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ഏപ്രില്‍ 24നു സെന്‍കുമാറിനെ തിരിച്ചെടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു.

സുപ്രീം കോടതി വിധിയില്‍ കാര്യങ്ങള്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും നിയമോപദേശം ഇനിയും തേടാനുള്ള അവസ്ഥ ഇല്ലെന്നും അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ‘സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിക്കണം എന്നാണു സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. കോടതിവിധി അനുസരിക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ല. ഇപ്പോഴത്തെ നിയമോപദേശം തേടല്‍ ചടങ്ങു മാത്രമാണ്. ഹരീഷ് സാല്‍വേയില്‍നിന്നാണു സര്‍ക്കാര്‍ നിയമോപദേശം തേടുന്നതെന്നാണ് വാര്‍ത്തകളില്‍നിന്ന് മനസ്സിലാകുന്നത്. ഹരീഷ് സാല്‍വേ നല്‍കുന്ന ഉപദേശം ശരിയാകണമെന്നില്ല. സുപ്രീം കോടതി സെന്‍കുമാര്‍ വിഷയത്തില്‍ പറഞ്ഞിരിക്കുന്ന വിധി ഏതു പൗരനും മനസ്സിലാകുന്ന ഒന്നാണ്. അതില്‍ യോജിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും അനുസരിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്’– സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു.

സെന്‍കുമാറിന്‍റെ സര്‍വീസ് കാലാവധി അവസാനിക്കുന്നത് 2017 ജൂണ്‍ മുപ്പതിനാണ്. അതുവരെ അദ്ദേഹത്തെ പൊലീസ് മേധാവിയായി നിയമിക്കണമെന്നാണ് കോടതി നിര്‍ദേശം. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം എടുത്ത ആദ്യ നിര്‍ണായക തീരുമാനങ്ങളിലൊന്ന് സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തും നിന്നും നീക്കം ചെയ്തതായിരുന്നു. പൊലീസ് മേധാവി സ്ഥാനത്തുനിന്നും നീക്കം ചെയ്തതിനെതിരെ ഹൈക്കോടതിയിലും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും സെന്‍കുമാര്‍ പോയിരുന്നെങ്കിലും വിധി എതിരായിരുന്നു. തുടര്‍ന്ന് ഇടതു സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് മുന്‍ ഡിജിപിയായിരുന്ന ടിപി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ കേസിന് പോകുന്നതും.senkumar-pinarayi-sc-judgement

ജിഷ, പുറ്റിങ്ങല്‍ കേസുകളില്‍ ഡിജിപി സെന്‍കുമാറിന്റെയും പൊലീസിന്റെയും സമീപനം ജനങ്ങള്‍ക്ക് അതൃപ്തി ഉണ്ടാക്കിയെന്ന് കാണിച്ചായിരുന്നു പൊലീസ് മേധാവി സ്ഥാനത്തുനിന്നും പിണറായി സര്‍ക്കാര്‍ ഇദ്ദേഹത്തെ നീക്കം ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥന്റെ പ്രവൃത്തികളില്‍ ജനത്തിന് അതൃപ്തി ഉണ്ടായാല്‍ പൊലീസ് നിയമത്തിലെ 97 പ്രകാരം മാറ്റാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് കോടതിയില്‍ സര്‍ക്കാരിനായി അഭിഭാഷകര്‍ ആദ്യം മുതല്‍ വാദിച്ചതും. എന്നാല്‍ പൊലീസ് നിയമത്തിലെ ഇത്തരം വകുപ്പുകള്‍ ഭരണഘടനാ വിരുദ്ധമാണെന്നും റദ്ദുചെയ്യണമെന്നും ആയിരുന്നു സെന്‍കുമാറിന്റെ വാദം.
അഖിലേന്ത്യാ സര്‍വീസ് ചട്ടവും കേരള പൊലീസ് ആക്റ്റും അനുസരിച്ച് തനിക്കെതിരായ സര്‍ക്കാര്‍ നടപടി നിയമപരമായിരുന്നില്ലെന്നാണ് സെന്‍കുമാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നത്. ഐപിഎസ് ഉദ്യോഗസ്ഥരെ ഒരു തസ്തികയില്‍ നിയമിച്ചാല്‍ രണ്ടുവര്‍ഷത്തിനുളളില്‍ നീക്കം ചെയ്യാന്‍ പാടില്ല. നീക്കം ചെയ്യുകയാണെങ്കില്‍ അതിന് തക്ക കാരണമുണ്ടാകണം. ഇതെല്ലാം ലംഘിച്ചാണ് തനിക്കെതിരെയുളള സര്‍ക്കാര്‍ നടപടി. ഡിജിപിമാരെ നിയമിക്കുമ്പോള്‍ അവര്‍ക്ക് രണ്ടുകൊല്ലം തുടര്‍ച്ചയായി കാലവധി ലഭിക്കണമെന്ന് ഉറപ്പുവരുത്തണമെന്ന് 2006ല്‍ പ്രകാശ്‌സിങ് കേസില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ കോടതിവിധിയും.പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും സിപിഐഎം നേതാക്കള്‍ക്കെതിരെ നടത്തിയ അന്വേഷണത്തിലാണ് സര്‍ക്കാര്‍ പ്രതികാരനടപടി സ്വീകരിച്ചതെന്നും അദ്ദേഹം സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. കതിരൂര്‍ മനോജ്, ടിപി ചന്ദ്രശേഖരന്‍, ഷൂക്കൂര്‍ വധ കേസുകളില്‍ നടത്തിയ അന്വേഷണം സര്‍ക്കാരിന് വിദ്വേഷമുണ്ടാക്കാന്‍ ഇടയാക്കിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കതിരൂര്‍ മനോജ് വധകേസില്‍ പി ജയരാജിനെതിരെ നടത്തിയ അന്വേഷണ ഔദ്യോഗിക ജീവിതം തകര്‍ത്തുവെന്നും സെന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു.താന്‍ രാഷ്ട്രീയ എതിരാളിയാണെന്ന് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നുവെന്നും സെന്‍കുമാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

The post പിണറായിയെ കുടുക്കുമോ?സെന്‍കുമാര്‍ വിഷയം സര്‍ക്കാര്‍ കൂടുതല്‍ അപകടത്തിലേക്ക് .ചീഫ് സെക്രട്ടറി ജയിലില്‍ പോകേണ്ടി വരുമോ ? appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20647

Latest Images

Trending Articles



Latest Images