കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വൈദികനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന ഇയാളെ ആലുവ പോലിസ് ആണ് അറസ്റ്റ് ചെയ്തത്.പതിനാലുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. പുത്തന്‍വേലിക്കര കുരിശിങ്കല്‍ ലൂര്‍ദ്ദ്മാതാ പള്ളി വികാരി ഫാ. എഡ്‌വിന്‍ ഫിഗറസ് (41) ആണ് അറസ്റ്റിലായത്. ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പള്ളിമേടയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ അമ്മ പുത്തന്‍വേലിക്കര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
പള്ളിയില്‍ കുര്‍ബാനക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി പോയിരുന്ന പെണ്‍കുട്ടിയെ പള്ളിവികാരി അടുപ്പം നടിച്ച് മേടയിലേക്ക് വിളിച്ച് അവിടെവെച്ച് പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി.പുറത്തുപറഞ്ഞാല്‍ കുടുംബത്തെ സഹിതം ഇല്ലാതാക്കിക്കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ടായിരുന്നു.
ജനുവരി മുതല്‍ മാര്‍ച്ച് വരെ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.സംഭവത്തിനു ശേഷം ഒളിവിലായിരുന്നു ഫിഗ്രേസ്. ഫിഗ്രേസിന്റെ സഹോദരൻ ചാലക്കുടി സാമ്പള്ളൂർ പതിശ്ശേരി വീട്ടിൽ സിൽവസ്റ്റർ ഫിഗ്രേസ് (58), മറ്റൊരു സഹോദരന്റെ മകൻ മറൈൻ എൻജിനിയിറിംഗ് വിദ്യാർത്ഥിയായ വെള്ളിക്കുളങ്ങര അരീപ്പറമ്പ് പൂമംഗലം പതിശ്ശേരി വീട്ടിൽ ഗാർവിൻ ഫിഗ്രേസ് (22) എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
കഴിഞ്ഞ ഏപ്രിലിലാണ് പെൺകുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പുത്തൻവേലിക്കര പൊലീസ് കേസെടുത്തത്. തുടർന്ന് പ്രദേശത്തെ ബാറുടമയുടെയും പള്ളിക്കമ്മിറ്റിയിലെ ചിലരുടെയും സഹായത്തോടെ ഫിഗ്രേസ് ഒളിവിൽ പോയി. പിന്നീട് ഇയാൾ ദുബായിലേക്കും പോവുകയായിരുന്നു. ഏപ്രിൽ 27 ന് വടക്കേക്കര സർക്കിൾ ഇൻസ്പെക്ടർ മുമ്പാകെ ഹാജരായി മൊഴി നൽകി. എന്നാൽ ഹൈക്കോടതി ജാമ്യ ഹർജി തള്ളിയതോടെ വീണ്ടും എഡ്വിൻ ഒളിവിൽ പോവുകയായിരുന്നു.
അതേസമയം, കോട്ടപ്പുറം രൂപത ബിഷപ്പ് ജോസഫ് കാരിക്കശ്ശേരിയുടെ അറിവോടെ പുരോഹിതരായ ഫാ. ഫ്രാൻസിസ് താണിയത്ത്, ഫാ. നിക്സൺ കാട്ടശേരി എന്നിവർ ചേർന്നൊരുക്കിയ കെണിയാണ് തനിക്കെതിരായ പീഡനക്കേസെന്ന് ഫാ. എഡ്വിൻ ഫിഗ്രേസ് നേരത്തെ ആരോപിച്ചിരുന്നു.