തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസിലെ താരങ്ങള്‍ക്ക് നേരെ പൊലീസിന്റെ അതിക്രമമെന്ന് പരാതി. സംവിധായകന്‍ ലിജോ തന്നെയാണ് ഇക്കാര്യമറിയിച്ചത്. മൂവാറ്റുപുഴയില്‍ വച്ചാണ് താരങ്ങള്‍ക്കെതിരെ പൊലീസ് അതിക്രമം ഉണ്ടായത്. പുതിയ സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി എത്തിയപ്പോഴാണ് സംഭവം.
മൂവാറ്റുപുഴ ഭാഗത്ത് സിനിമയുടെ പ്രചാരണത്തിനായി പോയവര്‍ക്കാണ് തീയേറ്ററിന് മുന്നില്‍ത്തന്നെ ദുരനുഭവമുണ്ടായതെന്ന് ലിജോ പെല്ലിശ്ശേരി പറയുന്നു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ലിജോയുടെ പ്രതികരണം.
സംഭവത്തെക്കുറിച്ച് ലിജോ പറയുന്നത് ഇങ്ങനെ:
മൂവാറ്റുപുഴ ഭാഗത്ത് പ്രൊമോഷനുമായി പോയിക്കൊണ്ടിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി ഒരു പൊലീസ് വാഹനം മുന്നില്‍ തടസം സൃഷ്ടിച്ച് നിര്‍ത്തുകയായിരുന്നു. നടീനടന്മാരടക്കമുള്ളവരെ വാഹനത്തില്‍നിന്ന് നിര്‍ബന്ധപൂര്‍വ്വം പുറത്തിറക്കുകയും മോശമായി സംസാരിക്കുകയും ചെയ്തു. മൂവാറ്റുപുഴ ഡിവൈഎസ്പി ആണെന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. ഞാനിപ്പോള്‍ നാട്ടിലില്ല. സംരക്ഷണം തരേണ്ടവര്‍ ഇങ്ങനെ പെരുമാറിയാല്‍ എങ്ങനെയാണ് ഈ നാട്ടില്‍ ക്രമസമാധാനപാലനം നടക്കുകയെന്ന് എനിക്കറിയില്ല. വളരെ മോശമാണിത്.
സിനിമ ഓടിക്കൊണ്ടിരിക്കുന്ന തീയേറ്ററിന് മുന്നില്‍ അവര്‍ക്ക് തിരിഞ്ഞുനോക്കിയാല്‍ കാണാവുന്ന പോസ്റ്ററിലുള്ളവരെയാണ് തടഞ്ഞുനിര്‍ത്തിയതെന്നും മോശമായ ഭാഷയില്‍ സംസാരിച്ചതെന്നും പറയുന്നു ലിജോ. ”വാഹനത്തിനകത്ത് എന്ത് ചെയ്യുകയാണെന്ന് വളരെ മോശമായ ഭാഷയിലാണ് ചോദിച്ചത്.” സിനിമയിലെ മുഖ്യകഥാപാത്രങ്ങളിലൊന്നായ യുക്യാമ്പ് രാജനെ അവതരിപ്പിച്ച നടന്‍ ടിറ്റോ വില്‍സണോട് പേര് ‘പള്‍സര്‍ ടിറ്റോ’ എന്നാക്കണോ എന്നൊക്കെ പൊലീസ് ചോദിച്ചെന്നും ലിജോ പെല്ലിശ്ശേരി പറയുന്നു.
‘ഡബിള്‍ ബാരലി’ന് ശേഷം ലിജോ പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസി’ല്‍ 86 പുതുമുഖങ്ങളാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തീയറ്ററില്‍ മികച്ച മുന്നേറ്റമാണ് ഈ ചിത്രം ഉണ്ടാക്കിയിരിക്കുന്നത്.
The post അങ്കമാലി ഡയറീസിലെ അണിയറക്കാരോട് പോലിസിന്റെ അതിക്രമം; പ്രതിഷേധവുമായി ലിജോ ജോസ് പെല്ലിശ്ശേരി appeared first on Daily Indian Herald.