കാഞ്ഞിരമറ്റം: വീരമൃത്യു വരിച്ച സൈനികന്റെ ഭൗതികാവശിഷ്ടം 24 വര്‍ഷത്തിനു ശേഷം നാട്ടിലെത്തിച്ചു. പാലാ കാഞ്ഞിരമറ്റം ഏഴാച്ചേരി വീട്ടില്‍ ജോസഫിന്റെയും ത്രേസ്യാമ്മയുടെയും മകന്‍ തോമസ് ജോസഫിന്റെ ഭൗതികാവശിഷ്ടമാണ് നാഗാലാന്‍ഡില്‍ നിന്ന് നാട്ടിലെത്തിച്ചത്. വെള്ളിയാഴ്ച രാവിലെ ഭൗതികാവശിഷ്ടം ഔദ്യോഗിക ബഹുമതികളോടെ കാഞ്ഞിരമറ്റം മാര്‍ സ്ലീവാ പള്ളിയില്‍ സംസ്‌കരിച്ചു.
1992 ല്‍ നാഗാലാന്‍ഡിലുണ്ടായ തീവ്രവാദി ആക്രമണത്തിലാണ് സെക്കന്‍ഡ് ലഫ്റ്റനന്റായിരുന്ന ഇ. തോമസ് ജോസഫ് കൊല്ലപ്പെട്ടത്. രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച മകന്റെ ഭൗതികാവശിഷ്ടം നാട്ടിലെത്തിച്ച്്് സംസ്‌കരിക്കണമെന്ന അമ്മ ത്രേസ്യാമ്മയുടെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് ഇപ്പോള്‍ സാധ്യമായിരിക്കുന്നത്.
വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം ഒന്നരയോടെയാണ് ഭൗതികാവശിഷ്ടം വിമാന മാര്‍ഗം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൊണ്ടുവന്നത്. വിമാനത്താവളത്തില്‍ അര മണിക്കൂറോളം പൊതുദര്‍ശനത്തിന് വെച്ചു. സൈനിക മേഖലയുമായി ബന്ധപ്പെട്ട നിരവധി പേര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. മദ്രാസ് റെജിമെന്റ് ഒമ്പതാം ബറ്റാലിയന്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.
1992 ജൂണ്‍ 12 നാണ് തീവ്രവാദികള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് 21 കാരനായ തോമസ് ജോസഫ് ഉള്‍പ്പെടെയുള്ള സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയത്. 18 പേരാണ് അന്ന്്് കൊല്ലപ്പെട്ടത്. ആര്‍മി ക്യാമ്പ് സ്ഥിതി ചെയ്തിരുന്ന ചക്കബാമ എന്ന സ്ഥലത്താണ് എല്ലാവരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. തോമസിന്റെ പിതാവ് ജോസഫിന് മാത്രമാണ് അന്ന് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായത്.
തോമസ് ജോസഫിന്റെ ബാച്ചിലുണ്ടായിരുന്ന സൈനികര്‍ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി അടുത്തിടെ ഒത്തുകൂടിയിരുന്നു. തുടര്‍ന്ന് ഇവര്‍ തോമസ് ജോസഫിന്റെ വീട് സന്ദര്‍ശിച്ചപ്പോഴാണ് മകന്റെ ഭൗതികാവശിഷ്ടമെങ്കിലും നാ്ട്ടില്‍ സംസ്‌കരിക്കണമെന്ന ആഗ്രഹം റിട്ട. സുബേദാര്‍ മേജര്‍ കൂടിയായ എ.ടി. ജോസഫും ഭാര്യ ത്രേസ്യാമ്മയും പങ്കുവെച്ചത്. തുടര്‍ന്നാണ് സഹപ്രവര്‍ത്തകര്‍ ആര്‍മിയിലെ ഉന്നതരുമായി ബന്ധപ്പെട്ട് ഭൗതികാവശിഷ്ടം നാട്ടിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. തോമസ് ജോസഫിന്റെ മാതാപിതാക്കള്‍ നാഗാലാന്‍ഡില്‍ എത്തുകയും നടപടികള്‍ പൂര്‍ത്തിയാക്കി നാഗാലാന്‍ഡില്‍ നിന്ന് ഭൗതികാവശിഷ്ടം നാട്ടിലേക്ക് കൊണ്ടുവരുകയുമായിരുന്നു.
തോമസ് ജോസഫിന്റെ ചേതനയറ്റ ശരീരം അവസാനമായി ഒന്നുകാണാന്‍ പോലും കഴിയാഞ്ഞതിന്റെ വേദനയില്‍ കഴിഞ്ഞിരുന്ന ഏഴാച്ചേരി തറവാട്ടില്‍ 24 വര്‍ഷത്തിനു ശേഷം ഭൗതികാവശിഷ്ടമെത്തിയപ്പോള്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു. വെള്ളിയാഴ്ച രാവിലെ കാഞ്ഞിരമറ്റം മാര്‍ സ്ലീവാ പള്ളിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തി.പിതാവിന്റെ പാത പിന്‍തുടര്‍ന്നു മകന്‍ അകാലത്തില്‍ പൊലിഞ്ഞെങ്കിലും മാതാവിന്റെ കണ്ണീരുണങ്ങാതെ അവശേഷിക്കുന്നതിനിടെയാണു സഹപ്രവര്‍ത്തകരായ സൈനിക ഉദ്യോഗസ്ഥര്‍ ഈ മാതാവിനെ തേടി ഏഴാച്ചേരി വീട്ടിലെത്തിയത്. 25 വര്‍ഷമായുള്ള ത്രേസ്യാമ്മയുടെ കണ്ണീരിനും പ്രാര്‍ഥനയ്ക്കുമാണു ഇപ്പോള്‍ സാഫല്യമുണ്ടായിരിക്കുന്നത്.