Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

തമ്പാനൂര്‍ രവി 12 നു ഹാജരാകണമെന്നു സോളാര്‍ കമ്മിഷന്‍

$
0
0

കൊച്ചി : കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി 12 നു ഹാജരാകണമെന്നു കമ്മിഷന്‍ നിര്‍ദേശിച്ചു. നാളെ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട്, ഒന്‍പതിന് പത്തനംതിട്ടയിലെ വിദ്യാഭ്യാസ സ്ഥാപനമുടമ ഏബ്രഹാം കലമണ്ണില്‍ എന്നിവര്‍ ഹാജരാകണം.

ബിജു രാധാകൃഷ്ണന്‍ ഇന്നലെ 45 മിനിറ്റ് സരിതയെ ക്രോസ് വിസ്താരം ചെയ്തു. ജസ്റ്റിസ് ജി. ശിവരാജന്‍, കമ്മിഷന്‍ അഭിഭാഷകന്‍ സി. ഹരികുമാര്‍, സരിതയുടെ അഭിഭാഷകന്‍ സി.ഡി. ജോണി, കോര്‍ട്ട് ഓഫിസര്‍, വനിതാ സ്റ്റെനോഗ്രഫര്‍ എന്നിവരെ മാത്രം സാക്ഷികളാക്കിയായിരുന്നു ക്രോസ് വിസ്താരം. ബിജുവിന്റെ ചോദ്യങ്ങള്‍ തന്റെ കക്ഷിക്കു മാനക്കേടുണ്ടാക്കുമെന്ന് ആശങ്കയുള്ളതിനാല്‍ ക്രോസ് വിസ്താരം രഹസ്യമായി വേണമെന്ന സരിതയുടെ അഭിഭാഷകന്റെ അപേക്ഷ പരിഗണിച്ചായിരുന്നു ഇത്.

 

ഡല്‍ഹിയിലോ ഇടപ്പഴഞ്ഞിയിലെ വീട്ടിലോ തോമസ് കുരുവിളയ്ക്കു പണം കൈമാറിയതിനു കമ്പനി രേഖകളൊന്നുമില്ലെന്നു സരിത എസ്. നായര്‍ സോളര്‍ അന്വേഷണ കമ്മിഷനു മൊഴി നല്‍കി. ഇടപ്പഴഞ്ഞിയിലെ വീട്ടില്‍ പണം കൈമാറിയ തീയതി അറിയില്ല. തന്റെ ഡയറിയില്‍ മാത്രമാണ് ഇതു സംബന്ധിച്ചു രേഖപ്പെടുത്തിയിട്ടുള്ളതെന്നു പറഞ്ഞ സരിത, ഡയറി ഒരിടത്തും തെളിവായി നല്‍കിയിട്ടില്ലെന്നും അറിയിച്ചു.

 

മുഖ്യമന്ത്രിക്കു വേണ്ടി തോമസ് കുരുവിളയ്ക്ക് 1.90 കോടി രൂപ കൊടുത്തുവെന്നു കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. ഇതിനു രേഖയില്ലെന്നാണു തോമസ് കുരുവിളയുടെ അഭിഭാഷകന്‍ പി.സി. ചാക്കോ ക്രോസ് വിസ്താരം നടത്തവേ സരിത സമ്മതിച്ചത്. ഡല്‍ഹിയില്‍ പണം തോമസ് കുരുവിളയ്ക്കു കൈമാറിയതു സന്ധ്യ കഴിഞ്ഞാണ്. സമയം ഓര്‍മയില്ലെന്നും രേഖ പരിശോധിച്ചശേഷം പറയാമെന്നും സരിത മൊഴി നല്‍കി. ഏതു രേഖ എന്ന അഭിഭാഷകന്റെ ചോദ്യത്തിനു മുന്നില്‍ പതറിയ സരിത, അത് ഇവിടെ പറയേണ്ട ആവശ്യമില്ലെന്ന് ആദ്യം നിലപാടെടുത്തെങ്കിലും ഡയറിയാണ് രേഖയെന്നു പിന്നീട് വ്യക്തമാക്കി.

ബിജു ഡല്‍ഹിയില്‍ പതിവായി താമസിക്കുന്ന ഹോട്ടലിലെ മാനേജരാണു ഡല്‍ഹിയില്‍ പണവുമായെത്തിയ ധീരജ്. പണമടങ്ങിയ ബാഗ് ധീരജിന്റെ കാറില്‍നിന്നെടുത്ത് തോമസ് കുരുവിളയുടെ കാറിന്റെ പിന്‍സീറ്റില്‍ വച്ചതു ധീരജാണെന്നും താന്‍ പണം തൊട്ടില്ലെന്നും സരിത പറഞ്ഞു. അപ്പോള്‍, ബാഗില്‍ എന്താണുള്ളതെന്ന് കണ്ടിട്ടില്ലേ എന്ന് ചോദിച്ചപ്പോള്‍, ധീരജ് ബാഗ് തുറന്ന് പണം കാണിച്ചു തന്നുവെന്നു സരിത നിലപാട് മാറ്റി. ഡ്രൈവറെ പുറത്തിറക്കി നിര്‍ത്തിയശേഷമാണു കുരുവിളയുടെ കാറിലിരുന്നു സംസാരിച്ചത്.

മാളിന്റെ പാര്‍ക്കിങ് ഏരിയയില്‍ പണം കൈമാറിയശേഷം തോമസ് കുരുവിള പണം കാറില്‍വച്ച് തനിക്കൊപ്പം എതിര്‍വശത്തെ ഹോട്ടലില്‍ കയറി ചായ കുടിച്ചു. ഡല്‍ഹി പോലൊരു നഗരത്തില്‍, ഒരു കോടിയിലധികം രൂപയുള്ള ബാഗ്, വിശ്വസ്തനല്ലാത്ത ഡ്രൈവറുള്ള കാറില്‍ വച്ചശേഷം ആരെങ്കിലും ചായ കുടിക്കാന്‍ പോകുമോ എന്ന് അഡ്വ. പി.സി. ചാക്കോ ചോദിച്ചു. ഇടപ്പഴഞ്ഞിയിലെ വീട്ടില്‍ കുരുവിള 80 ലക്ഷം രൂപ വാങ്ങാന്‍ വന്ന ദിവസം അവിടെ തന്റെ സുഹൃത്ത് ഉണ്ടായിരുന്നെന്നും എന്നാല്‍ സുഹൃത്തിന്റെ മേല്‍വിലാസം അറിയില്ലെന്നും സരിത പറഞ്ഞു.
2012 ഡിസംബര്‍ 27നാണു ഡല്‍ഹിയില്‍ തോമസ് കുരുവിളയ്ക്ക് 1.10 കോടി രൂപ നല്‍കിയതെന്നു മൊഴി നല്‍കിയ സരിത, അതേസമയം ടീം സോളര്‍ സാമ്പത്തിക ബാധ്യതയിലാണെന്നു 2012 ഓഗസ്റ്റില്‍ താന്‍ തിരിച്ചറിഞ്ഞതായും മൊഴി നല്‍കി. ഓഗസ്റ്റിനുശേഷം ബിജു കമ്പനിയില്‍ വരാതായാതോടെയാണ് കമ്പനിയുടെ ബാധ്യതകള്‍ മനസ്സിലാക്കിയത്. ആന്റോ ആന്റണി എംപിയെ പരിചയപ്പെടുന്നത് ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട സ്ഥലം വില്‍പന തര്‍ക്കം പരിഹരിക്കുന്നതിനുവേണ്ടിയാണ്. ഹൈബി ഈഡന്‍ എംഎല്‍എയെ ബന്ധപ്പെട്ടിരുന്നതു സോളര്‍ ബിസിനസ് സംസാരിക്കാനല്ലെന്നും മറ്റു ചില കാര്യങ്ങള്‍ക്കായാണെന്നും അഭിഭാഷകരുടെ ചോദ്യത്തിനു സരിത മറുപടി നല്‍കി.

ജോസ് കെ. മാണി എംപിയുമായി പണമിടപാട് ഉണ്ടായിട്ടില്ല. പൊലീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ജി.ആര്‍. അജിത് 40 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോഴാണ് 20 ലക്ഷം കൊടുത്തതെന്നു ക്രോസ് വിസ്താരത്തിനിടെ സരിത മൊഴി നല്‍കിയെങ്കിലും, പണം എപ്പോള്‍,എങ്ങനെ ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തിയില്ല. ഒന്‍പതിനു സരിതയുടെ ക്രോസ് വിസ്താരം തുടരും. കമ്മിഷനെ അപമാനിക്കുന്ന രീതിയില്‍ മന്ത്രി ഷിബു ബേബിജോണ്‍ പ്രസംഗിച്ചുവെന്ന പരാതിയില്‍ മന്ത്രിയുടെ അഭിഭാഷകന്‍ ശിവന്‍ മഠത്തില്‍ 15നു ഹാജരായി വിശദീകരണം നല്‍കണമെന്നും കമ്മിഷന്‍ ഉത്തരവിട്ടു.

 


Viewing all articles
Browse latest Browse all 20532

Trending Articles