Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20545

വീരനും പിണറായിയും തമ്മില്‍: ജനതാദള്ളുകള്‍ പിളര്‍പ്പിലേയ്ക്ക്: മുന്നണി മാറിയേ തീരൂ എന്നു വീരനും കൂട്ടരും

$
0
0

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വം പൂര്‍ണമായി അംഗീകരിച്ചു ഇടതു മുന്നണിയിലേയ്ക്കു മടങ്ങാനൊരുങ്ങുന്ന എംപി വീരേന്ദ്രകുമാറിനും കൂട്ടര്‍ക്കും കടക്കാനുള്ളത് പാര്‍ട്ടിയുടെ പിളര്‍പ്പെന്ന കടമ്പ. വീരന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി മന്ത്രി കെ.പി മോഹനന്റെ നേതൃത്വത്തിലുള്ള സംഘം നിലകൊണ്ടുതോടെ ജനതാദള്ളില്‍ വീണ്ടും ഒരു പിളര്‍പ്പ് ആസന്നമായി. ജനതാദള്‍യുവിന്റെ മുന്നണി മാറ്റ ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്ന സാഹചര്യത്തില്‍ വലിയ ആഭ്യന്തര പ്രതിസന്ധിയാണ് ഇരു ജനതാപാര്‍ട്ടികളും നേരിടുന്നത്. മുന്നണി മാറ്റം സംഭവിക്കുമെന്ന് ഏതാണ്ട് ഉറപ്പായപ്പോള്‍ ഇരുപാര്‍ട്ടിയിലും ഉയര്‍ന്നുവരുന്ന വിമതശബ്ദം പാര്‍ട്ടികളുടെ പിളര്‍പ്പിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ജനതാദള്‍യു എല്‍ഡിഎഫിലേക്ക് തിരിച്ചെത്തുന്നതിനോട് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനും മന്ത്രി കെ.പി. മോഹനനുമാണ് വലിയ എതിര്‍പ്പുള്ളത്. ഇവര്‍ക്കൊപ്പമുള്ള നേതാക്കള്‍ മുന്നണി മാറ്റത്തെ വലിയ തോതില്‍തന്നെ എതിര്‍ക്കുന്നുമുണ്ട്. യുഡിഎഫില്‍ തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് ആഴ്ച്ചകള്‍ക്കുമുമ്പ് നടന്ന സംസ്ഥാന നേതൃയോഗത്തില്‍ ഭൂരിപക്ഷ അഭിപ്രായം ഉയര്‍ന്നെങ്കിലും മുന്നണി മാറ്റത്തെ മന്ത്രി കെ.പി. മോഹനന്‍ അടക്കമുള്ളവര്‍ എതിര്‍ക്കുന്നുണ്ട്.

യുഡിഎഫില്‍ നിന്നുകൊണ്ടുതന്നെ പാര്‍ട്ടിക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനത്തെയാണ് ഇവര്‍ അനുകൂലിക്കുന്നത്. അതേസമയം സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറിനൊപ്പമുള്ള തെക്കന്‍കേരളത്തിലെ ജില്ലാ നേതാക്കള്‍ മുന്നണിമാറ്റത്തെ അനുകൂലിക്കുന്നവരുമാണ്. എല്‍ഡിഎഫില്‍ തങ്ങള്‍ക്കുവേണ്ട പ്രാതിനിധ്യം ലഭിക്കുമെന്നാണ് ഇക്കൂട്ടരുടെ വാദം. എന്നാല്‍ ജനതാദള്‍യു എല്‍ഡിഎഫിലേക്ക് തിരിച്ചെത്തിയാല്‍ മനയത്ത് ചന്ദ്രന്‍, കെ.പി. മോഹനന്‍ എന്നിവരടങ്ങുന്ന ഒരു വിഭാഗം യുഡിഎഫില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്നാണ് അറിയുന്നത്.

പാര്‍ട്ടി മുന്നണി വിട്ടാല്‍ യുഡിഎഫില്‍ തന്നെ ഉറച്ചുനിന്ന് മറ്റൊരു പാര്‍ട്ടി രൂപീകരിക്കുന്നതിനെ ക്കുറിച്ചും ആലോചനകള്‍ നടക്കുന്നതായാണ് വിവരം. ജനതാദള്‍യു എല്‍ഡിഎഫില്‍ എത്തിയാല്‍ ലയനം വേണ്ടെന്നാണ് ജനതാദള്‍എസ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ആര്‍ക്കും മുന്നണിയില്‍ തങ്ങള്‍ക്കൊപ്പം ഘടകകക്ഷിയായി തുടരാമെന്നും സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുമുണ്ട്. എന്നാല്‍ ജനതാദള്‍ എസും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

ജനതാദള്‍യു ഇടതു ചേരിയിലെത്തിയാല്‍ അവര്‍ക്കൊപ്പം ലയിക്കണമെന്ന വാദവുമായി എസിലെ ചില നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. അങ്കമാലി എംഎല്‍എ ജോസ് തെറ്റയില്‍, മുന്‍ എംഎല്‍എയും ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ കെ. കൃഷ്ണന്‍ കുട്ടി എന്നിവരടങ്ങുന്ന വിഭാഗമാണ് പാര്‍ട്ടി ലയിക്കണമെന്ന വാദവുമായി എത്തുന്നത്.

ഇത് ദേശീയ നേതൃത്വം വിലക്കുന്നിതനാല്‍ ഈ വിഭാഗം ജനതാദള്‍ യുവിലേക്ക് പോകാനുള്ള സാധ്യതയും ഏറെയാണ്. ജനതാദള്‍ എസിനെ സംബന്ധിച്ചിടത്തോളം ജനതാദള്‍ യുവിന്റെ മടങ്ങി വരവുണ്ടാക്കുന്ന ക്ഷീണം ചെറുതാവില്ല. നിലവില്‍ അഞ്ച് സീറ്റിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനതാദല്‍ എസ് മത്സരിച്ചത്. അഞ്ച് സീറ്റ് മൂന്നായി ചുരുങ്ങാനാണ് സാധ്യത. മാത്രവുമല്ല വിജയ സാധ്യത ഏറെയുള്ള വടകര പോലുള്ള സീറ്റുകള്‍ ജനതാദള്‍ യുവിന് നല്‍കേണ്ടിയും വരും.

ജനതാദള്‍ യുവുമായി സിപിഎം ഇതിനോടകം സീറ്റ് ചര്‍ച്ചകള്‍വരെ നടത്തിക്കഴിഞ്ഞുവെന്ന് പാര്‍ട്ടിയിലെ ഉന്നതനേതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്. ജനതാദള്‍യുവിനെ എല്‍ഡിഎഫിലേക്ക് തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ തങ്ങളുമായി സിപിഎം ചര്‍ച്ചപോലും നടത്തിയില്ലെന്ന പരാതിയും ജനതാദള്‍ എസിനുണ്ട്. അതേസമയം 18ന് ജനതാദള്‍യു കോഴിക്കോട്ട് സംസ്ഥാന കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടുകള്‍ ചര്‍ച്ച ചെയ്യാനായി ചേരുന്ന യോഗത്തിന് ശേഷം ചിത്രങ്ങള്‍ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ കേരളം.


Viewing all articles
Browse latest Browse all 20545

Trending Articles