Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

നമ്പർ 1’ആണെങ്കിലും ,എത് ആസാമി വന്നാലും നമ്മൾ കമിഴ്ന്ന് വീഴും! കേരളത്തിലെത്തിയ ദൈവത്തെ കാണാന്‍ പോയ ഷാഹിന നഫീസയുടെ കുറിപ്പ്..

$
0
0

ഷാഹിനയുടെ പോസ്റ്റ് വായിക്കാം

ഹരിയാനയും പഞ്ചാബുമൊക്കെ കഴിഞ്ഞാല്‍ റാംറഹിം സിങ്ങിന്റെ ഒരു പ്രധാന ലാവണം കേരളമാണ് . ആള്‍ ദൈവങ്ങള്‍ക്ക് പരവതാനി വിരിക്കാന്‍ ഒരു മടിയുമില്ലാത്ത നാടാണല്ലോ നമ്മുടേത് .വര്‍ഷത്തില്‍ മൂന്നോ നാലോ തവണ അയാള്‍ കേരളത്തില്‍ വരാറുണ്ട് .2014 ല്‍ ഒരു പോലീസ് ഓഫീസറാണ് അയാളുടെ കേരളത്തിലേക്കുള്ള സ്ഥിരം വരവിനെ കുറിച്ച് എന്നോട് പറഞ്ഞത് . ഈ ഉടായിപ്പ് സ്വാമിമാരൊക്ക എന്തിനാണ് അടിക്കടി കേരളത്തില്‍ വരുന്നതെന്ന് നിങ്ങളെ പോലുള്ള മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിക്കാത്തതെന്ത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം . ഇടുക്കിയും വയനാടുമാണ് പ്രധാന കേന്ദ്രങ്ങള്‍ .ജൂണില്‍ അങ്ങേര്‍ വാഗമണ്ണില്‍ വരുന്നുണ്ടെന്നും പറഞ്ഞു .അന്വേഷിച്ചു കളയാം എന്ന് കരുതി . സ്വാമി എത്തിയതറിഞ്ഞു വാഗമണ്ണിലേക്ക് പുറപ്പെട്ടു . വീക്കെന്‍ഡ് ആയതിനാല്‍ അന്‍പുവിനെയും അിശഹമയേയും കൂട്ടി . അഞ്ഞൂറോളം അനുയായികള്‍ ,റേഞ്ച് റോവര്‍ ,ബി എം ഡബ്ലിയു ലംബോര്‍ഗിനി പോലുള്ള വമ്പന്‍ കാറുകള്‍ , തോക്കേന്തിയ സ്വകാര്യ ഭടന്മാരെക്കൂടാതെ ഹരിയാനാപോലീസിന്റെ ഇസഡ് കാറ്റഗറി സെക്യൂരിറ്റി . ഒരു റിസോര്‍ട്ട് മൊത്തമായി ബുക്ക് ചെയ്താണ് സ്വാമിയുടെ താമസം .അങ്ങോട്ട് ആര്‍ക്കും പ്രവേശനമില്ല എന്നാണ് പ്രാദേശികപത്രപ്രവര്‍ത്തകരോടും ലോക്കല്‍ പോലീസിനോടും അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് . എന്തായാലും ശ്രമിച്ചു നോക്കാം എന്ന് തീരുമാനിച്ചു .
വാഗമണ്ണില്‍ എത്തി ഒരു മുറിയെടുത്തു. ഉച്ചക്ക് ശേഷം സ്വാമി താമസിക്കുന്ന റിസോര്‍ട്ടിലേക്ക് പോയി .വണ്ടി കുറെ ദൂരെ നിര്‍ത്തി നടന്നു . പരിസരത്തുടനീളം യൂണിഫോമിലും അല്ലാതെയുമുള്ള സുരക്ഷാഭടന്മാര്‍ . രണ്ടു സ്ത്രീകളും ഒരു കുട്ടിയുമായതു കൊണ്ടാകണം അവര്‍ ഞങ്ങളെ അത്ര കാര്യമായി എടുത്തില്ല . സ്വാമിക്കെതിരെ വാര്‍ത്ത കൊടുത്തതിനു ഒരു മാധ്യമപ്രവര്‍ത്തകനെ തട്ടിക്കളഞ്ഞ പാര്‍ട്ടിയാണ് .അങ്ങേരുടെ മടയിലേക്കാണ് ചെന്ന് കയറുന്നത് എന്നാലോചിച്ചപ്പോള്‍ കുറച്ചു ഭയമുണ്ടായിരുന്നു .ഇത്തരം സന്ദര്‍ഭങ്ങളില്‍ അന്‍പുവാണ് എന്റെ സഹായി . അവനു അന്ന് എട്ടു വയസ്സേ ഉള്ളൂ . ആരെ കണ്ടാലും കലപിലാന്നു സംസാരിക്കും .ഇംഗ്‌ളീഷെങ്കില്‍ ഇംഗ്ലീഷ് , ഹിന്ദി എങ്കില്‍ ഹിന്ദി .എന്തായാലും അമ്മ ജേര്‍ണലിസ്റ്റ് ആണെന്ന കാര്യം ആരോടും പറയരുതെന്ന് പ്രത്യേകം ചട്ടം കെട്ടിയിരുന്നു .ഞങ്ങള്‍ പതുക്കെ ഗേറ്റ് കടന്ന് അകത്തു കയറി . റേഞ്ച് റോവറും ലംബോര്‍ഗിനിയുമൊക്കെ കണ്ടു അന്‍പു ആവേശഭരിതനായി .അവിടെ തോക്കും പിടിച്ചു നിന്നിരുന്ന പോലീസുകാരനെ അങ്കിള്‍ എന്നൊക്ക വിളിച്ചു ഹിന്ദിയില്‍ ഭയങ്കര ഡയലോഗ് . അതെന്തായാലും എനിക്കു ഗുണമായി . എന്നെ ആരും കാര്യമായി ശ്രദ്ധിച്ചില്ല . അപ്പുറത്തെ മുറിയില്‍ ഉണ്ടായിരുന്ന റിസോര്‍ട്ട് മാനേജരോട് സംസാരിച്ചു .

Godmancountry1

എന്തായാലും ദൈവം അപ്പോഴവിടെ ഉണ്ടായിരുന്നില്ല .പുറത്തു പോയിരിക്കുകയായിരുന്നു . ഞങ്ങള്‍ അവിടെ നിന്നിറങ്ങി കുറച്ചു കറങ്ങി മറ്റൊരിടത്തെത്തിയപ്പോള്‍ ധാരാളം പൊലീസുകാര്‍ കൂടി നില്‍ക്കുന്നത് കണ്ടു .ഹരിയാനാപോലീസ് മാത്രമല്ല .കേരളാപോലീസും .ഒരു വലിയ സംഘം . അവര്‍ അത്ര നല്ല മൂഡിലല്ല .കലിപ്പിലാണ് . സ്വാമിയേ കാണുമ്പോള്‍ വണങ്ങണമെന്ന് ഹരിയാനാപോലീസ് പറഞ്ഞത്രേ . ‘പിന്നേ …എന്റെ അച്ഛനെ കണ്ടാല്‍ ഞാന്‍ വണങ്ങാറില്ല .പിന്നല്ലേ ഈ ഉടായിപ്പ് സ്വാമി ..’ എന്ന് ഒരു പോലീസുകാരന്‍ . സ്വാമിയെ ഒന്ന് കാണാന്‍ പറ്റുമോ എന്നായി ഞാന്‍ .വീക്കെന്‍ഡില്‍ കറങ്ങാനിറങ്ങിയ ടൂറിസ്റ്റുകളാണ് എന്ന നാട്യത്തിലാണ് ഞങ്ങള്‍ . ഇവിടെ കുറച്ചു നേരം വെയിറ്റ് ചെയ്താല്‍ കാണാമെന്ന് അവര്‍ . എന്തായാലും കേരളാപോലീസ് നല്ല സഹകരണമായിരുന്നു . ബോറടിച്ചു നില്‍ക്കുമ്പോള്‍ രണ്ടു സ്ത്രീകളുടെ കമ്പനി ആര്‍ക്കാ ഇഷ്ട്ടപ്പെടാത്തത് .കുറച്ചു കഴിഞ്ഞപ്പോള്‍ ദാ വരുന്നു സാക്ഷാല്‍ റാംറഹിം സിംഗ് .രേവ പോലുള്ള ഒരു ഇലക്ട്രിക് കാര്‍ ഓടിച്ചാണ് വരവ് . ‘അയ്യേ , ഇക്കണ്ട ലംബോര്‍ഗിനി ഒക്കെ ഉണ്ടായിട്ട് ഈ വണ്ടിയിലാണോ ഇങ്ങേരുടെ യാത്ര എന്ന് ഞാന്‍ . എന്റെ നിഷ്‌കളങ്കത കണ്ട് പോലീസുകാര്‍ക്ക് വീണ്ടും തമാശ . അത് രേവ ഒന്നുമല്ല .ജര്‍മ്മന്‍ നിര്‍മിത ബുള്ളറ്റ് പ്രൂഫ് ഇലക്ട്രിക് കാറാണത്രെ ! കാറില്‍ അങ്ങേരെ കൂടാതെ ഒരു സ്ത്രീയുമുണ്ടായിരുന്നു .അത് ഭാര്യയാണോ എന്ന് ഞാന്‍ ചോദിച്ചു . പോലീസുകാര്‍ക്ക് വീണ്ടും തമാശ .’ആ ..അതെ , പല ഭാര്യമാരില്‍ ഒന്ന് ..’ ഹരിയാന പോലീസ് കട്ട ഗൗരവത്തിലാണ് .കേരളാപോലീസിന്റെ ട്രോള്‍ ഒന്നും അവര്‍ക്കത്ര ഇഷ്ടപ്പെടുന്നില്ല .ഒരു പോലീസുകാരന്‍ എന്റെ ഫോണ്‍ നമ്പര്‍ ഒക്കെ വാങ്ങി വെച്ചു .
പിറ്റേന്ന് രാവിലെ ആറു മണിക്ക് പോലീസുകാരന്റെ വിളി വന്നു . ഏഴു മണിക്ക് സ്വാമി ഒരു ധ്യാനം നടത്തുന്നുണ്ടത്രേ .പോയാല്‍ പങ്കെടുക്കാമെന്ന് . ‘വെറുമൊരു ടൂറിസ്റ്റായ ‘ എന്നോട് ഇങ്ങേര്‍ എന്തിനാ വെളുപ്പാന്‍ കാലത്തേ വിളിച്ചു ഇത് പറയുന്നത് എന്നാലോചിച്ചു ഞാന്‍ ശങ്കിച്ചു . അതങ്ങേര്‍ക്കും മനസ്സിലായി . ദാ കിടക്കുന്നു .. ‘ നിങ്ങള്‍ ആരാണെന്നും എന്തിനു വന്നതാണെന്നും ഞങ്ങള്‍ക്കിന്നലെ തന്നെ മനസ്സിലായി .അല്ലെങ്കില്‍ പിന്നെ ഞങ്ങള്‍ എന്തിനാ പോലീസാന്നും പറഞ്ഞു നടക്കുന്നത് എന്നൊരു ഡയലോഗ്. എന്തായാലും രാവിലെ വയറു നിറച്ചു കിട്ടിയ സന്തോഷത്തില്‍ , ഒരു ചമ്മിയ താങ്ക്‌സും പറഞ്ഞു ,അന്‍പുവിനേയും അനിലയെയും ഹോട്ടല്‍ മുറിയില്‍ ഉറങ്ങാന്‍ വിട്ടു ഞാന്‍ വെച്ച് പിടിച്ചു .ധ്യാനസ്ഥലത്തേക്ക് . അവിടെ എത്തിയപ്പോള്‍ ഏകദേശം നൂറോളം പേര്‍ .കൂടുതലും സ്ത്രീകള്‍ .എല്ലാവരും തോട്ടം തൊഴിലാളികള്‍ . അകത്തു കയറി . സാമീടെ അനുയായികള്‍ എല്ലാവര്‍ക്കും പേപ്പറും പേനയും കൊടുത്തിട്ടുണ്ട് .പേരും മറ്റു വിശദാംശങ്ങളും പൂരിപ്പിച്ചു കൊടുക്കണം . പണം കൊടുക്കാമെന്നു പറഞ്ഞാണ് അവരെ അവിടെ എത്തിച്ചിട്ടുള്ളത് എന്ന് വ്യക്തം . ദരിദ്രരായ മനുഷ്യര്‍ . ചിലര്‍ക്ക് ചികിത്സാ സഹായമാണ് ആവശ്യം . മറ്റു ചിലര്‍ക്ക് വീട് . കുട്ടികളുടെ പഠനം ,ജോലി ..അങ്ങനെ പല വിധ ആവശ്യങ്ങള്‍ . ഈ വന്നിരിക്കുന്ന സ്വാമി ഇതെല്ലാം നടത്തി തരും എന്ന പ്രതീക്ഷയിലാണ് ആ മനുഷ്യര്‍ . തമിഴും മലയാളവും മാത്രം സംസാരിക്കുന്ന തോട്ടം തൊഴിലാളികള്‍ . അവരോടു ഹിന്ദിയിലാണ് സ്വാമീടെ ആളുകള്‍ സംസാരിക്കുന്നത് .എനിക്കും കിട്ടി ,പൂരിപ്പിച്ചു കൊടുക്കാനായി ഒരു ഫോം . മറ്റു സ്ത്രീകളോടൊക്കെ ഞാന്‍ സംസാരിക്കുന്നത് കണ്ടാല്‍ സംശയം തോന്നിയാലോ എന്ന് കരുതി മാറി നിന്നു . പക്ഷേ ഭാഷാപ്രശ്‌നം ഉള്ളത് കൊണ്ട് ,സ്വാമീടെ അനുയായികള്‍ക്ക് എന്റെ സഹായം വേണമായിരുന്നു . മറ്റു സ്ത്രീകളുടെ വിവരങ്ങള്‍ ശേഖരിച്ചു ഫോം ഫില്‍ ചെയ്തു കൊടുക്കുന്ന പണി എന്നെ ഏല്‍പ്പിച്ചു . കിട്ടിയ അവസരം ഞാന്‍ നന്നായി ഉപയോഗിച്ചു . ഏല്‍പ്പിച്ച പണി കൃത്യമായി ചെയ്തു .എല്ലാവരോടും സംസാരിച്ചു . വിവരങ്ങള്‍ പൂരിപ്പിച്ചു കൊടുത്തു . പലര്‍ക്കും തലേ ദിവസം വണ്ടികൂലി അടക്കം വീട്ടില്‍ എത്തിച്ചു കൊടുത്തിരുന്നു . ചികിത്സാ സഹായവും വീടും ഭൂമിയുമൊക്ക വാഗ്ദാനം ചെയ്താണ് അവരെ കൊണ്ട് വന്നിട്ടുള്ളത് .

Godmancountry-main
എന്തായാലും സ്വാമി അനുയായികളെ ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്ന് മനസ്സിലായി . എങ്ങനെയാണ് അയാള്‍ സാമ്രാജ്യം വികസിപ്പിക്കുന്നത് എന്നും . കേരളത്തിലേക്കുള്ള അയാളുടെ വരവിന്റെ യഥാര്‍ത്ഥ ലക്ഷ്യം എന്താണ് എന്നറിയാനായിരുന്നു ശ്രമം . ഇടുക്കിയിലും വയനാടുമൊക്കെ സ്വാമിയുടെ ആളുകള്‍ ഭൂമി വാങ്ങി കൂട്ടിയിട്ടുണ്ട് എന്നാണ്അറിയാന്‍ കഴിഞ്ഞത് . പക്ഷേ തെളിവില്ല .
ഒരു കാര്യം മനസ്സിലായി . നമ്മള്‍ നമ്പര്‍ വണ്‍ ഒക്കെയാണെങ്കിലും ഏത് ആസാമി വന്നാലും കമിഴ്ന്നു വീഴും . എവിടെയാണ് കാലുറപ്പിക്കേണ്ടതെന്ന് സ്വാമിമാര്‍ക്കും അറിയാം . മലയോര ഗ്രാമങ്ങളില്‍ .തോട്ടം മേഖലയില്‍ .ജനങ്ങളുടെ ദാരിദ്യ്രം മുതലെടുത്താണ് ഇവര്‍ തഴച്ചു വളരുന്നത് .
സ്വാമിയുടെ അഭിമുഖത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല . ഓപ്പണില്‍ സ്‌റ്റോറി വന്നു കഴിഞ്ഞപ്പോള്‍ ദാ വരുന്നു വിളി . എന്റെ സ്‌റ്റോറി അങ്ങേര്‍ക്ക് അപകീര്‍ത്തി ഉണ്ടാക്കുന്നുവത്രേ കേസ് കൊടുക്കുമെന്ന് . പറയാനുള്ള കാര്യങ്ങള്‍ ഒരു കടലാസ്സിലാക്കി എഡിറ്റര്‍ക്ക് അയച്ചോളൂ എന്ന് ഞാനും പറഞ്ഞു . പക്ഷേ പിന്നീടൊന്നും സംഭവിച്ചില്ല .

 

The post നമ്പർ 1’ആണെങ്കിലും ,എത് ആസാമി വന്നാലും നമ്മൾ കമിഴ്ന്ന് വീഴും! കേരളത്തിലെത്തിയ ദൈവത്തെ കാണാന്‍ പോയ ഷാഹിന നഫീസയുടെ കുറിപ്പ്.. appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles