Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20542

ശൈലി മാറ്റിയില്ലെങ്കില്‍ മുന്നണിയില്‍ തുടരാനാവില്ലെന്ന് മാണി.ഐക്യം മെച്ചപ്പെടുത്തണമെന്ന് ഘടകകക്ഷികള്‍

$
0
0

കോട്ടയം: കോണ്‍ഗ്രസ്സിന്റെ ശൈലി മാറ്റണമെന്ന് ഘടകകക്ഷികള്‍ ഒന്നടങ്കം യുപിഎ അദ്ധ്യക്ഷ സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടു.യു.ഡി.എഫിലെ നിലവിലെ ഐക്യം കൂടുതല്‍ മെച്ചപ്പെടുത്തിയില്ലെങ്കില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാവുമെന്ന് ഘടകക്ഷികള്‍ സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. അതേസമയം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാറണമെന്ന ആവശ്യമൊന്നും ഘടകകക്ഷികള്‍ ആരും തന്നെ മുന്നോട്ട് വച്ചില്ല. കുഞ്ഞാലിക്കുട്ടിയും മാണിയുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത ഭാഷയില്‍ പരാതി പറഞ്ഞത്.

ശൈലി മാറ്റാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ലെങ്കില്‍ മുന്നണിയില്‍ തുടരാന്‍ ബുദ്ധിമുട്ടാവുമെന്ന് കെ. എം. മാണി സോണിയാ ഗാന്ധിയെ അറിയിച്ചു. രമേശ് ചെന്നിത്തലക്കെതിരേയും മാണി പരാതി ഉന്നയിച്ചു. ആഭ്യന്തര മന്ത്രി കൂടിയായ രമേശ് മുഖ്യമന്ത്രിയെക്കൂടി ഉന്നംവെച്ച് അയച്ച കത്ത് സംസ്ഥാനത്ത് വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ നടന്ന പരാമര്‍ശം യുഡിഎഫിന് തിരിച്ചടിയാകും.ന്യൂനപക്ഷങ്ങള്‍ക്കെതിരായി യാതൊരുവിധ പ്രസ്താവനകളും കോണ്‍ഗ്രസ്സ് നേതാക്കളുടെ ഭാഗത്തുനിന്നും ഇനി ഉണ്ടാവാതിരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും മാണി സോണിയയോട് ആവശ്യപ്പെട്ടു.മുസ്ളീംലീഗ്, കേരളാ കോണ്‍ഗ്രസ്, ആര്‍.എസ്.പി എന്നീ കക്ഷികളാണ് കോട്ടയത്തെ നാട്ടകം ഗസ്റ്റഹൗസില്‍ സോണിയയുമായി കൂടിക്കാഴ്ച നടത്തിയത്. എല്ലാ കക്ഷികളും ഐക്യത്തോടെയും സഹകരണത്തോടെയും മുന്നോട്ട് പോവണമെന്നും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാമെന്നും സോണിയ ഘടകകക്ഷി നേതാക്കള്‍ക്ക് ഉറപ്പു നല്‍കി.സംസ്ഥാനത്തിന്റെ പൊതുരാഷ്ട്രീയ സാഹചര്യങ്ങളും സോണിയയെ ഘടകകക്ഷി നേതാക്കള്‍ ബോദ്ധ്യപ്പെടുത്തി. സമീപകാലത്തുണ്ടായ വിവാദങ്ങള്‍ ഭരണത്തിന്റെ ശോഭ കെടുത്തിയെന്ന് മുസ്ളീം ലീഗ് നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസിനുള്ളിലാണ് പ്രധാന പ്രശ്നങ്ങളെന്നും നേതാക്കള്‍ പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നായിരുന്നു ഇതിന് സോണിയയുടെ മറുപടി.

യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസ്സിനേയും തന്നെയും ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ നിരന്തരം ആക്രമിക്കുകയാണ്. ഇത് പ്രതിപക്ഷത്തിന് ആക്രമിക്കാനുള്ള ഇന്ധനം നല്‍കുന്നതിന് തുല്യമാണ്. മറ്റൊരിക്കലും ഉണ്ടാകാത്ത തരത്തില്‍ ഐക്യം ഉണ്ടായാല്‍ മാത്രമേ പരിക്കില്ലാതെ രക്ഷപെടാന്‍ പറ്റു.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിനാണ് ഏറെ നഷ്ടം ഉണ്ടായിട്ടുള്ളത്. കേരളാ കോണ്‍ഗ്രസ്സ് മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. അര്‍ഹമായ സീറ്റുകള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന് ലഭിക്കണമെന്നും മാണി ആവശ്യപ്പെട്ടു. എന്നാല്‍ ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സോണിയയുമായി സംസാരിച്ചിട്ടില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭാ തിരഞ്ഞെുപ്പില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണമെന്നായിരുന്നു കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ.എം.മാണിയുടെ ആവശ്യം. സീറ്റ് വിഭജനക്കാര്യത്തില്‍ നീതി ലഭിക്കണമെന്നും മാണി സോണിയയോട് ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ക്ഷീണമുണ്ടായത് കോണ്‍ഗ്രസിനാണ്. ന്യൂനപക്ഷങ്ങളെ അകറ്റുന്ന തരത്തിലുള്ള പ്രസ്താവനകള്‍ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ നടത്തിയിരുന്നു. ഇത് ഇനി ഉണ്ടാവരുതെന്നും മാണി ആവശ്യപ്പെട്ടു. അതേസമയം, ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് തനിക്കും മന്ത്രി ബാബുവിനും രണ്ട് നീതിയാണെന്ന പരാതി ഉന്നയിച്ചില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു. റബ്ബറിന്റെ ഇറക്കുമതി അനുവദിക്കരുതെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെടണമെന്നും മാണി സോണിയയോട് ആവശ്യപ്പെട്ടു.ഐക്യത്തോടെ യുഡിഎഫ് മുന്നോട്ടു പോകണമെന്ന് ആര്‍.എസ്.പിയും സോണിയയോട് ആവശ്യപ്പെട്ടതായി എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. ബാര്‍ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി സംസ്ഥാന സര്‍ക്കാരിനു ലഭിച്ച അംഗീകാരമാണ്. ഐക്യത്തോടെ മുന്നോട്ടു പോയാല്‍ തുടര്‍ ഭരണം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കൂടുതല്‍ വിട്ടുവീഴ്ച്ചയും പക്വതയും പ്രകടിപ്പിക്കണം. നേതാക്കളുടെ തമ്മിലടി അവസാനിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് ലീഗ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കളുടെ ശൈലിയില്‍ കാതലായ മാറ്റം ഉണ്ടാകണം.അല്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പ് യുഡിഎഫിന് സന്തോഷം നല്‍കില്ലെന്നും കുഞ്ഞാലിക്കുട്ടി സോണിയയെ അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ അനൈക്യം പരിഹരിക്കണമെന്നും തങ്ങള്‍ക്ക് അര്‍ഹമായ സീറ്റുകള്‍ നല്‍കണമെന്ന് ജേക്കബ് ഗ്രൂപ്പും ആര്‍എസ്പിയും സോണിയയോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്സിന് ഏറെ പ്രതീക്ഷയുള്ള സംസ്ഥാനമാണ് കേരളമെന്നും പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കാമെന്നും സോണിയ നേതാക്കളെ അറിയിച്ചു.

അതേസമയം മുന്നണിയിലെ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ നേതാക്കള്‍ക്ക്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയുടെ കര്‍ശന നിര്‍ദേശം. അതിരുവിട്ട ഗ്രൂപ്പ്‌ പ്രവര്‍ത്തനം പാടില്ല. മുന്നണിയിലെ എല്ലാ നേതാക്കളും ഒറ്റക്കെട്ടായി മുന്നോട്ടുപോണമെന്നും സോണിയ നേതാക്കള്‍ക്ക്‌ നിര്‍ദേശം നല്‍കി.

മുന്നണിയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ്‌ വി.എം സുധീരന്‍ എന്നിവരുമായി സോണിയ വെവ്വേറെയും പിന്നീട്‌ സംയുക്‌തമായും കൂടിക്കാഴ്‌ച നടത്തി. മുന്നണിയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുവെന്ന ഘടകകക്ഷികളുടെ വാദത്തിന്‌ മുഖവില നല്‍കിയ സോണിയ എത്രയും വേഗം അവ അവസാനിപ്പിക്കണമെന്ന്‌ മൂവര്‍ക്കും നിര്‍ദേശം നല്‍കി. ഐക്യത്തോടെ ഒരുമിച്ചു നിന്നാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുണ്ടെന്ന ഘടകകക്ഷികളുടെ അഭിപ്രായത്തിലാണ്‌ സോണിയയുടെ നീക്കം.

സോണിയയുടെ നിര്‍ദേശപ്രകാരം നാളെ ഉമ്മന്‍ചാണ്ടി, ചെന്നിത്തല, വി.എം സുധീരന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംയുക്‌ത വാര്‍ത്താ സമ്മേളനം നടത്തും. മുന്നണിയിലെ ഐക്യസന്ദേശം ഉയര്‍ത്തിപ്പിടിച്ചാവും വാര്‍ത്താ സമ്മേളനം.നാട്ടകം റെസ്റ്റ് ഹൗസിലാണ് സോണിയ ഘടക കക്ഷിനേതാക്കളെ കണ്ടത്.


Viewing all articles
Browse latest Browse all 20542

Trending Articles