തിരൂരിൽ ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ച സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ.
മലപ്പുറത്ത് താലിബാൻ കോടതി പ്രവർത്തിക്കുന്നുണ്ടെന്നും താലിബാൻ കോടതിയാണ് വിപിന്റെ വധശിക്ഷ നടപ്പിലാക്കിയതെന്നുമാണ് ശോഭാ സുരേന്ദ്രൻ ആരോപിച്ചത്.
കൊല്ലപ്പെട്ട വിപിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ.
കൊടിഞ്ഞി ഫൈസൽ വധക്കേസിലെ രണ്ടാം പ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ ആലത്തിയൂർ സ്വദേശി വിപിൻ കഴിഞ്ഞദിവസമാണ് വെട്ടേറ്റ് മരിച്ചത്. തിരൂർ ബിപി അങ്ങാടി പുളിഞ്ചോടിൽ വെച്ചാണ് അക്രമികൾ വിപിനെ വെട്ടിക്കൊലപ്പെടുത്തിയത്.
വിപിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി കഴിഞ്ഞദിവസം രാത്രി എട്ട് മണി വരെ തിരൂർ താലൂക്കിൽ ഹർത്താൽ ആചരിച്ചിരുന്നു. തിരൂരിലും പരിസരപ്രദേശങ്ങളിലും കനത്ത പോലീസ് കാവൽ തുടരുകയാണ്.
വിപിൻ വധക്കേസ് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്നാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും ആവശ്യമെന്നും ശോഭാ സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ഒത്താശയോടെയാണ് കൊലപാതകം നടന്നത്. അതിനാൽ യഥാർഥ കുറ്റവാളികളെ കണ്ടെത്താൻ എൻഐഎ അന്വേഷണം വേണം.
ദേശീയ അന്വേഷണ ഏജൻസി അന്വേഷണിക്കണമെന്ന ആവശ്യം സംസ്ഥാന സർക്കാർ അംഗീകരിച്ചില്ലെങ്കിൽ കേന്ദ്രസർക്കാരിനെ സമീപിക്കുമെന്നും ബിജെപി നേതാക്കൾ പറഞ്ഞു.
The post മലപ്പുറത്ത് താലിബാൻ കോടതി പ്രവർത്തിക്കുന്നു; വിപിന്‍റെ കൊലപാതകം താലിബാൻ കോടതിയുടെ വധശിക്ഷ; ശോഭാ സുരേന്ദ്രന്‍ appeared first on Daily Indian Herald.