ദില്ലി:ലഡാക്കിൽ ഇന്ത്യയും ചൈനയും ഏറ്റുമുട്ടൽ . നിയന്ത്രണ രേഖ ലംഘിച്ച് ലഡാക്കിൽ കടന്നു കയറാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യ പരാജയപ്പെടുത്തി. നിയന്ത്രണ രേഖയ്ക്ക് സമീപത്തെ പെൻഗോങ് മേഖലയിലാണ് ചൈനീസ് സൈന്യം കടന്നു കയറാൻ ശ്രമിച്ചത്. തുടർന്നുണ്ടായ കല്ലേറിൽ ഇരു വിഭാഗത്തിലും നിരവധി പേർക്ക് പരുക്കേറ്റു. ദോക് ലാ മേഖലയിൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം നിലനിൽക്കുന്നതിനിടെയാണ് ലഡാക്കിലെ കടന്നുകയറ്റ ശ്രമം. ചൊവ്വാഴ്ച രാവിലെ ആറിനും ഒമ്പതിനുമിടയിലായിരുന്നു ചൈനീസ് സൈന്യത്തിൻറെ കടന്നു കയറ്റ ശ്രമം. രണ്ട് തവണ കടന്നു കയറാൻ ശ്രമിച്ചപ്പോൾ ഇന്ത്യൻ സൈന്യം കൃത്യമായി പ്രതികരിക്കുകയായിരുന്നു. മനുഷ്യ മതിൽ തീർത്താണ് ഇന്ത്യൻ സൈന്യം ചൈനീസ് സൈന്യത്തെ നേരിട്ടത്. തുടർന്നാണ് ചൈനീസ് സൈന്യം കല്ലേറ് നടത്തിയത്. ഇന്ത്യൻ സൈന്യവും അതേനാണയത്തിൽ തിരിച്ചടിക്കുകയായിരുന്നു. പിന്നീട് ബാനർ ഡ്രിൽ നടത്തി ഇരുവിഭാഗവും പഴയ സ്ഥാനത്തേക്ക് പോവുകയായിരുന്നു. മേഖലയിൽ സൈന്യം അതീവ ജാഗ്രതയിലാണ്. ദോക് ലാ യെ ചൊല്ലി ഇന്ത്യയും ചൈനയും തമ്മിൽ ജൂൺ 16നാണ് സംഘർഷം ഉണ്ടായത്. ഇന്ത്യയും ഭൂട്ടാനും ചൈനയും ചേരുന്ന ട്രൈ ജംഗ്ഷനിലാണ് പ്രശ്നം നടക്കുന്നത്. ദോക് ലയിൽ ചൈന റോഡ് നിർമ്മിക്കാൻ തീരുമാനിച്ചതായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കം. ചൈന അതിർത്തി ലംഘിച്ചെന്ന് ഇന്ത്യയും ഇന്ത്യ അതിർത്തി ലംഘിച്ചെന്ന് ചൈനയും ആരോപിക്കുന്നു.
The post കടന്നുകയറാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം പരാജയപ്പെടുത്തി… ലഡാക്കിൽ ഇന്ത്യയും ചൈനയും ഏറ്റുമുട്ടൽ appeared first on Daily Indian Herald.