കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിനു കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് രവി പിള്ള ഗ്രൂപ്പിനു കൊട്ടാരം കൈമാറാന്‍ ധാരണയായത്. കൊട്ടാരത്തോടൊപ്പം 64.5 ഏക്കര്‍ ഭൂമിയും ആര്‍കെ ഗ്രൂപ്പിനു നല്‍കും. ഉടമസ്ഥാവകാശം നിലനിര്‍ത്തിക്കൊണ്ടാണ് സര്‍ക്കാര്‍ കൊട്ടാരവും സ്ഥലവും സ്വകാര്യ ഗ്രൂപ്പിനുനല്‍കിയിരിക്കുന്നത്.
ടൂറിസം വകുപ്പാണ് കൊട്ടാരം വിട്ടുകൊടുക്കുന്ന കാര്യം മന്ത്രിസഭയില്‍ നിര്‍ദേശിച്ചത്. ഇത് മന്ത്രിസഭ അംഗീകരിക്കുകയും ചെയ്യുകയായിരുന്നു. നിരുപാധികം കൊട്ടാരം വിട്ടുകൊടുക്കുന്നതിനെ സിപിഐ യോഗത്തില്‍ എതിര്‍ത്തു. ഇതേ തുടര്‍ന്നാണ് ഉടമസ്ഥാവകാശം നിലനിര്‍ത്തി കൊട്ടാരം കൈമാറാന്‍ ധാരണയായത്.
കോവളം കൊട്ടാരം ആര്‍കെ ഗ്രൂപ്പിനു കൈമാറണമെന്ന് ടൂറിസം വകുപ്പ് വളരെ മുമ്പ് തന്നെ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വച്ചിരുന്നതാണ്. എന്നാല്‍ റവന്യു വകുപ്പും സിപിഐയും എതിര്‍ത്തതിനെ തുടര്‍ന്ന് ഇത് നീണ്ടുപോവുകയായിരുന്നു. ഇന്ത്യാ ടൂറിസം വികസന കോര്‍പറേഷന്റെ ഉടമസ്ഥതയിലായിരുന്നു നേരത്തേ കോവളം കൊട്ടാരം. 2002ല്‍ കേന്ദ്രസര്‍ക്കാര്‍ ഇതു ലേലത്തിനു വച്ചു. അന്ന് 43.68 കോടി രൂപയ്ക്ക് ഗള്‍ഫാര്‍ ഗ്രൂപ്പ് കൊട്ടാരം വാങ്ങുകയായിരുന്നു. പിന്നീട് ലീലാ ഗ്രൂപ്പും ആര്‍ കെ ഗ്രൂപ്പും കൊട്ടാരം കൈക്കലാക്കി. 2004ല്‍ സംസ്ഥാന സര്‍ക്കാര്‍ പൈതൃക സ്മാരകമായ കോവളം കൊട്ടാരവും ഭൂമിയും സര്‍ക്കാര്‍ തിരികെ ഏറ്റെടുക്കുകയായിരുന്നു.
The post കോവളം കൊട്ടാരം ഇനി രവി പിള്ളയ്ക്ക് ഭരിക്കാം; സര്‍ക്കാര്‍ വിട്ടുകൊടുത്തു appeared first on Daily Indian Herald.