സ്വന്തം ലേഖകൻ
തിരുവനന്തപുരം: വീഴ്ചകളിലൂടെ വിവാദങ്ങളിൽ കഴിയുന്ന സർക്കാരിന്റെ മുഖം രക്ഷിക്കാൻ പൊലീസിനെ അഴിച്ചു വിട്ട് വിവാദമായ രണ്ടു അറസ്റ്റിനു നേതൃത്വം നൽകിയത് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.വി ജയരാജൻ. നടൻ ദിലീപിനെയും, ഏറ്റവും ഒടുവിൽ കോൺഗ്രസ് എംഎൽഎ എം.വിൻസന്റിന്റെ അറസ്റ്റിലെത്തിയ സംഭവങ്ങൾക്കു പിന്നിൽ സിപിഎമ്മിന്റെ കണ്ണൂരിലെ ഉരുക്കുമുഷ്ടിയായ എം.വി ജയരാജനെന്നാണ് സൂചന.
ഡിജിപി സ്ഥാനത്തേയ്ക്കു ടി.പി സെൻകുമാർ തിരികെ എത്തുമെന്നു ഉറപ്പായതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ വൻ അഴിച്ചു പണിയുണ്ടായത്. എം.വി ജയരാജനെ മുഖ്യമന്ത്രിയുടെ ഓഫിസിൽ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിക്കുകയായിരുന്നു. ഇതോടെയാണ് ആഭ്യന്തര വകുപ്പിന്റെയും പൊലീസിന്റെയും നിയന്ത്രണം പൂർണമായും സിപിഎമ്മിന്റെ കയ്യിൽ എത്തിയത്. തുടർന്നാണ് പൊലീസിനു വീഴ്ചയുണ്ടായെന്ന രീതിയിലുള്ള വാർത്തകൾ ഇല്ലാതായതും സർക്കാർ പൂർണതോതിൽ സജ്ജമായതും.
എം.വി ജയരാജന്റെ നിർദേശനാസുരണമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെ ആദ്യം ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. എന്നാൽ, അന്നു തന്നെ അറസ്റ്റു ചെയ്യാനുള്ള പൊലീസിന്റെ നീക്കം ജയരാജൻ തന്നെ ഇടപെട്ട് വെട്ടുകയായിരുന്നു. അന്നു തന്നെ ദിലീപിനെ അറസ്റ്റ് ചെയ്തിരുന്നു എങ്കിൽ അത് ഡിജിപിയായ ടി.പി സെൻകുമാറിന്റെ ക്രഡിറ്റിൽ പോകുമെന്നു തിരിച്ചറിഞ്ഞ ജയരാജൻ ഇടപെട്ടതിനെ തുടർന്നാണ് അപ്രതീക്ഷിത അറസ്റ്റിൽ നിന്നു പൊലീസ് പിൻവാങ്ങിയത്. തുടർന്നു സെൻകുമാർ സർവീസിൽ നിന്നു വിരമിച്ച ശേഷം അറസ്റ്റിലേയക്കു നീങ്ങുകയായിരുന്നു.
എം.വിൻസെന്റ് എംഎൽഎയുടെ കേസിൽ ശക്തമായ നടപടിയുണ്ടാകണമെന്നും, ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യണമെന്നും കേസ് അന്വേഷിക്കുന്ന അജിതാ ബീഗത്തിനു ജയരാജൻ തന്നെ നേരിട്ടു നിർദേശം നൽകുകയായിരുന്നു. ഇതേ തുടർന്നാണ് പൊലീസ് സംഘം ജയരാജനെ അറസ്റ്റ് ചെയ്തത്. പൊലീസിനു വീഴ്ചകളുണ്ടാകുന്ന അവസ്ഥ ഒഴിവാക്കാൻ പൊലീസിനെ സ്വതന്ത്രമാക്കുകയാണ് ഇപ്പോൾ സർക്കാരും പൊലീസും ചെയ്തിരിക്കുന്നത്.
The post പൊലീസിനെ അഴിച്ച് വിട്ട് സർക്കാർ: ദിലീപിന്റെയും വിൻസന്റിന്റെയും അറസ്റ്റിനു പിന്നിൽ ജയരാജൻ; കടിഞ്ഞാൺ കയ്യിലെടുത്ത് സിപിഎം appeared first on Daily Indian Herald.