കോഴിക്കോട്: സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ പകർത്തുന്നതിന് ഹോട്ടലിലെ ടോയ് ലെറ്റില്‍ ഒളിക്യാമറ വച്ചയാൾക്ക് മൂന്ന് വർഷം തടവ്. കോഴിക്കോട് മാവൂർ റോഡിലെ കെഎസ്ആർടിസി ടെർമിനലിനു സമീപത്തെ സാഗർ ഹോട്ടലിൽ മൊബൈൽ ക്യാമറ ഒളിപ്പിച്ച് വച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലാണ് ശിക്ഷ.
ഹോട്ടലിലെ താത്കാലിക ജീവനക്കാരനായിരുന്ന കല്ലാനോട് അഖിൽ ജോസിനെയാണ് ശിക്ഷിച്ചത്. കോഴിക്കോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്നു വർഷം തടവിന് പുറമെ 20,000 രൂപ പിഴയും അടയ്ക്കണം. രണ്ട് വ്യത്യസ്ത കേസുകളിലായി മൂന്നു വർഷം വീതം തടവ് ശിക്ഷ വിധിച്ചിരുന്നെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധി ന്യായത്തിൽ വ്യക്തമാക്കുന്നു.
2010 മാർച്ച് 11നാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. ഹോട്ടലിലെ ടോയ് ലെറ്റിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഭക്ഷണം കഴിക്കാനെത്തിയ എൻജിനീയറിങ് വിദ്യാർഥിനിയാണ് ടോയ് ലെറ്റിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് നഗരത്തിൽ നിരവധി സമരങ്ങൾ തന്നെ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അഖിൽ ജോസ് പിടിയിലായത്. നടക്കാവ് സിഐ ആയിരുന്ന ജെയ്സൺ കെ എബ്രഹാം. ടികെ അഷ്റഫ് എന്നിവരായിരുന്നു കേസ് അന്വേഷിച്ചത്.
The post സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ പകർത്തുന്നതിന് ഹോട്ടലിലെ ടോയ് ലെറ്റില്‍ ഒളിക്യാമറ വച്ചു appeared first on Daily Indian Herald.