സ്വന്തം ലേഖകൻ
കോട്ടയം: ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറുടെ ചുമതല വഹിക്കുന്ന ട്രെയിനി എഎസ്പി ചൈത്രാ തേരേസാ ജോണും ജില്ലാ പൊലീസ് മേധാവി എൻ.രാമചന്ദ്രനും നേർക്കുനേർ. മദ്യപിച്ചു വാഹനം ഓടിച്ച മലയാള മനോരമയുടെ ഉന്നത ഉദ്യോഗസ്ഥനെതിരെ കേസെടുത്തതിന്റെ പേരിൽ ചൈത്രയുടെ പഴ്സണൽ സ്റ്റാഫിലുണ്ടായിരുന്ന രണ്ടു പൊലീസുകാരെ ജില്ലാ പൊലീസ് മേധാവി എ.ആർ ക്യാംപിലേയ്ക്കു സ്ഥലം മാറ്റിയിരുന്നു. ഇതിനു പിന്നാലെ തന്റെ ഒപ്പമുണ്ടായിരുന്ന പൊലീസുകാർക്കെതിരെയല്ല, തനിക്കെതിരെയാണ് നടപടിയെടുക്കേണ്ടതെന്നു ചൈത്ര ജില്ലാ പൊലീസ് മേധാവിയോടു പൊട്ടിത്തെറിച്ചത്. ഇതോടെ മലയാള മനോരമയെ പ്രീതിപ്പെടു്ത്താൻ നടപടിയെടുക്കുന്ന ജില്ലാ പൊലീസ് മേധാവി വെട്ടിലായി.
കഴിഞ്ഞ ആഴ്ചയായിരുന്നു വിവാദങ്ങൾക്കു ആസ്പദമായ സംഭവം. ജില്ലാ പൊലീസിന്റെ രാത്രികാല വാഹനപരിശോധനയുടെ ഭാഗമായി ചൈത്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഞ്ഞിക്കുഴി ഭാഗത്ത് വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് മലയാള മനോരമയിലെ ഉന്നതനായ ഉദ്യോഗസ്ഥൻ മദ്യപിച്ചു വാഹനം ഓടിച്ച് ഇതുവഴി എത്തിയത്. അളവിൽ കൂടുതൽ മദ്യപിച്ച് ലക്കുകെട്ടെത്തിയ ഉദ്യോഗസ്ഥനെ കസ്റ്റഡിയിൽ ചൈത്രയും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരും കസ്റ്റഡിയിൽ എടുത്തു. മലയാള മനോരമയുടെ ജീവനക്കാരനാണെന്നു പറഞ്ഞ ഉദ്യോഗസ്ഥൻ തന്റെ തിരിച്ചറിയൽ കാർഡ് എഎസ്പിയെ കാണിക്കുയും ചെയ്തു. എന്നാൽ, ഇയാൾക്കെതിരെ കേസെടുക്കണമെന്ന നിർദേശം ഒപ്പമുണ്ടായിരുന്ന പൊലീസുകാർക്കു എഎസ്പി നൽകുകയായിരുന്നു. മനോരമയ കോട്ടയം ബ്യൂറോയിലെ ഉന്നതൻ അടക്കം നേരിട്ടു വിളിച്ചിട്ടും ചൈത്ര തന്റെ നിലപാട് മാറ്റാൻ തയ്യാറായില്ല. മനോരമ ഉദ്യോഗസ്ഥനെതിരെ കേസെടുത്ത ശേഷമാണ് ചൈത്ര പിന്മാറിയത്.
മനോരമ ജീവനക്കാരനാണെന്നു പറഞ്ഞിട്ടും സംഭവത്തിൽ കേസെടുത്ത ചൈത്രയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് മലയാള മനോരമയിൽ നിന്നു ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചത്. എഎസ്പിയ്ക്കെതിരെ നടപടിയെടുക്കാനാവാത്തതിനെ തുടർന്നു മനോരമയെ പ്രീതിപ്പെടുത്താനായി ഇവരുടെ ഒപ്പമുണ്ടായിരുന്നവർക്കെതിരെ ജില്ലാ പൊലീസ് മേധാവി നടപടിയെടുക്കുകയായിരുന്നു. ചൈത്രയുടെ പഴ്സണൽ സ്റ്റാഫിലുണ്ടായിരുന്ന് രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ ഉടൻ തന്നെ ജില്ലാ പൊലീസ് മേധാവി എ.ആർ ക്യാംപിലേയ്ക്കു സ്ഥലം മാറ്റി. ഇതിനു പിന്നാലെ, പൊലീസ് ക്ലബിൽ നിന്നു ചൈത്രയുടെ പഴ്സും, മൊബൈൽ ഫോണും മോഷണം പോയെന്ന രീതിയിൽ മലയാള മനോരമയിൽ വാർത്തയും വന്നു. ഇതോടെയാണ് സംഭവം കൊഴുത്തത്. ജില്ലാ പൊലീസ് മേധാവിയെ ഫോണിൽ ബന്ധപ്പെട്ട് ചൈത്ര തന്റെ അംഗരക്ഷകർക്കെതിരെ നടപടിയെടുത്തത് എന്തിനാണെന്നു വ്യക്തമാക്കണമെന്നു ആവശ്യപ്പെട്ടു. മനോരമ ഉദ്യോഗസ്ഥനെതിരെ കേസെടുത്തത് താനാണെന്നും നടപടിയെടുക്കണമെങ്കിൽ തനിക്കെതിരെ എടുക്കണമെന്നുമായിരുന്നു എഎസ്പിയുടെ വെല്ലുവിളി. ഇതോടെ എസ്പിയും പ്രതിരോധത്തിലായി. എഎസ്പിയുടെ കോൺഫിഡൻഷ്യൽ സർവീസ് റിപ്പോർട്ടുകൾ തയ്യാറാക്കേണ്ടത് ജില്ലാ പൊലീസ് മേധാവിയാണെന്നിരിക്കെയാണ് ട്രെയിനിയായ ഐഎപിഎസ് ഉദ്യോഗസ്ഥ ജില്ലാ പൊലീസ് മേധാവിയ്ക്കെതിരെ പൊട്ടിത്തെറിച്ചത്. മനോരമയ്ക്കു മുന്നിൽ മുട്ടിടിച്ചു നിൽക്കുന്ന ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ ചൈത്ര വ്യത്യസ്തയായതിനെ കയ്യടിച്ചാണ് ജില്ലയിലെ സാധാരണക്കാർ സ്വീകരിച്ചിരിക്കുന്നത്. വാർത്ത പുറത്തായതോടെ സംഭവം ഒതുക്കി തീർക്കാനുള്ള ശ്രമത്തിലാണ് മലയാള മനോരമയും ജില്ലാ പൊലീസ് മേധാവിയും.
The post മനോരമ ജീവനക്കാരനെ മദ്യപിച്ചു വാഹനം ഓടിച്ചതിനു പിടികൂടി: വനിതാ എഎസ്പിയുടെ അംഗരക്ഷകരെ പിൻവലിച്ചു എസ്പി; പൊട്ടിത്തെറിച്ച് പെൺപുലിയായി ചൈത്രാ തെരേസാ ജോൺ appeared first on Daily Indian Herald.