ക്രൈം ഡെസ്‌ക്
കോട്ടയം: വിവാഹം ക്ഷണിക്കാനെന്നു വിശ്വസിപ്പിച്ചു യുവാവ് നഗരമധ്യത്തിൽ പത്രവിൽപനക്കാരിയുടെ സ്വർണവള കവർന്നു. സഹോദരിയുടെ വിവാഹത്തിനു സ്വർണവളയുടെ അളവെടുക്കാനെന്നു തെറ്റിധരിപ്പിച്ചാണ് പത്രവിൽപനക്കാരിയായ കുടമാളൂർ അയ്മനം സ്വദേശിയായ തങ്കമ്മയുടെ മുക്കാൽപവൻ തൂക്കമുള്ള സ്വർണവള യുവാവ് തട്ടിയെടുത്തത്.
ഇന്നലെ വൈകിട്ട് നാലുമണിയോടെ തിരുനക്കര ക്ഷേത്രത്തിനു മുന്നിലായിരുന്നു സംഭവം. ക്ഷേത്രത്തിനു മുന്നിൽ നിന്നു തങ്കമ്മയുടെ സമീപത്തെത്തിയ യുവാവ്, ഇവരുടെ ബന്ധു സജിയുടെ പുത്രനാണെന്നാണ് പരിചയപ്പെടുത്തി. ഇരുചക്രവാഹനത്തിലെത്തിയ പ്രതി, ഇതിൽ ഇരുന്നു തന്നെയാണ് ഇവരുമായി സംസാരിച്ചത്. തുടർന്നു, സഹോദരിയുടെ വിവാഹമാണെന്നും സ്വർണം വാങ്ങാനാണ് നഗരത്തിലെത്തിയതെന്നും തങ്കമ്മയോടു പറഞ്ഞു. ഇതു വിശ്വസിച്ച തങ്കമ്മയോടു ഇവരുടെ കയ്യിലെ സ്വർണ വള തരാൻ ആവശ്യപ്പെട്ടു. സഹോദരിയ്ക്കു വള വാങ്ങുന്നതിനു അളവെടുക്കുന്നതിനാണ് ഈ വളയെന്നാണ് പ്രതി ഇവരെ വിശ്വസിപ്പിച്ചത്. കയ്യിൽ നിന്നു വളരെ കഷ്ടപ്പെട്ട് തങ്കമ്മ വള ഊരി പ്രതിയ്ക്കു നൽകി. തന്റെ കയ്യിലുണ്ടായിരുന്ന വെള്ളപേപ്പറിൽ വളയുടെ അളവ് നോക്കാനെന്ന വ്യാജേനെ പ്രതി വട്ടം വരയ്ക്കുകയും ചെയ്തു. ഇതിനിടെ തങ്കമ്മയുടെ മുന്നിൽ നിന്നും പ്രതി വളയുമായി മുങ്ങുകയായിരുന്നു.
ഈ സമയം ഇതുവഴി എത്തിയ വെസ്റ്റ് എസ്ഐ എം.ജെ അരുണിനോടു തങ്കമ്മ തന്റെ വള നഷ്ടമായ വിവരം അറിയിച്ചു. തുടർന്നു എസ്ഐയുടെ നേതൃത്വത്തിൽ കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ഉടൻ തന്നെ നഗരത്തിൽ പരിശോധന നടത്തുകയും ചെയ്തു. എന്നാൽ, പ്രതിയെയോ ഇയാൾ സഞ്ചരിച്ച വാഹനമോ കണ്ടെത്താൻ പൊലീസിനു സാധിച്ചില്ല. ഇതേ തുടർന്നു നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം പ്രതിയ്ക്കായി തിരച്ചിൽശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു.
The post വിവാഹം ക്ഷണിയ്ക്കാനെത്തിയ യുവാവ് വീട്ടമ്മയുടെ സ്വർണ വളയുമായി മുങ്ങി appeared first on Daily Indian Herald.