മലയാള സിനിമയിലെ സ്ത്രീ സംഘടന സാമൂഹിക പ്രവര്‍ത്തകര്‍ കൂടിയായ ഭാഗ്യലക്ഷ്മിയെയും മാലാ പാര്‍വ്വതിയെയും ഒഴിവാക്കിയിട്ടില്ലെന്ന് സംഘടനയിലെ ഭാരവാഹിയായ സംവിധായിക വിധു വിന്‍സെന്റ്.
അങ്ങനെയാരെയും ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നില്ല. ഭാഗ്യലക്ഷ്മിയുടെയും പാര്‍വ്വതിയുടെയും രാഷ്ട്രീയമെന്താണ് എന്ന് എനിക്കറിയില്ല. സത്യത്തില്‍ അവരെ ഒഴിവാക്കമെന്ന് ആഗ്രഹിക്കുന്ന ആരും അങ്ങനെ സംഘടനയിലോ മുഖ്യമന്ത്രിയെ കണ്ടവരുടെ കൂട്ടത്തിലോ ഇല്ല. ഒരു ഗ്രൂപ്പെന്ന് പറയാന്‍ പോലുമായിട്ടില്ല ഇപ്പോള്‍. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ത്രീകളോടുമായി സംസാരിച്ച് വരുകയാണ്. സംഘടനയെ പറ്റി ആലോചിക്കുന്ന വേളയില്‍ തന്നെ കുറച്ച് കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് ഉള്ളത് കൊണ്ടാണ് പെട്ടെന്ന് തന്നെ മുഖ്യമന്ത്രിയെ കണ്ടത്.
സംഘടനയുടെ നേതൃത്വം, ജനറല്‍ ബോഡി ഇക്കാര്യം ഒക്കെ ആലോചിക്കുന്നതേയുളളൂ. തൊട്ട് അടുത്തുള്ളവരെ വിളിച്ചില്ല, ദൂരെ നിന്നുമുള്ളവരെ വിളിച്ചു എന്നീ കാര്യങ്ങളൊന്നും ശരിയല്ല. സമാന രീതിയില്‍ ചിന്തിക്കുന്ന ഇതിനെക്കുറിച്ച് സംസാരിക്കുന്ന കുറച്ച് സുഹൃത്തുക്കള്‍ ഒന്നിച്ച് വന്നൂ എന്നേയുള്ളൂ. ഇങ്ങനെയുള്ള സംഘടന തുടങ്ങുന്നു എന്ന കാര്യം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ വൈകരുതെന്ന ആഗ്രഹം കൊണ്ട് മാത്രമാണ് മുഖ്യമന്ത്രിയെ കണ്ടത്. തീര്‍ച്ചയായും ഭാഗ്യലക്ഷ്മിയോടും പാര്‍വ്വതിയോടും സംസാരിക്കും. അവരോട് അടുപ്പമുള്ളവര്‍ ഇക്കാര്യം സംസാരിച്ച് കഴിഞ്ഞെന്നാണ് ഞാന്‍ മനസിലാക്കുന്നത്.
The post ഭാഗ്യലക്ഷ്മിയുടെയും പാര്‍വ്വതിയുടെയും രാഷ്ട്രീയമെന്താണ് എന്ന് തനിക്കറിയില്ലെന്ന് വിധുവിന്‍സന്റ്; സംഘടനയുടെ ചിട്ടവട്ടങ്ങള്‍ ആയി വരുന്നതേയുള്ളൂ appeared first on Daily Indian Herald.