ലണ്ടന്‍: പാര്‍ലമെന്റിലേയ്ക്ക് അക്രമി എത്തിയത് പ്രധാനമന്ത്രി തെരേസ മേയെ ലക്ഷ്യം വച്ചെന്ന് സംശയിക്കുന്നു. പ്രധാനമന്ത്രിയുടെ ചോദ്യോത്തര വേളയ്ക്കുള്ള സമയത്താണ് ആക്രമണകാരി എത്തിയത്. എന്നാല്‍ കത്തിയുമായി ഓടിക്കയറിയ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചിടുകയായിരുന്നു. ഇതിനിടയിലാണ് ഒരു സുരക്ഷാഉദ്യോഗസ്ഥന് കുത്തേറ്റത്. ഈ സമയം അക്രമിയും പ്രധാനമന്ത്രിയും തമ്മില്‍ ഉള്ള അകലം ഏതാനും വാരകള്‍ മാത്രം . പക്ഷെ ആ കുറഞ്ഞ ദൂരം പോലും കടന്നു ചെല്ലണമെങ്കില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അടക്കം കടമ്പകള്‍ ഏറെയുണ്ട് . പക്ഷെ പാര്‍ലമെന്റ് ആയതിനാല്‍ മറ്റു എവിടെ ലഭിക്കുന്നതിലും അനായാസമായി തെരേസ മേയേ കയ്യില്‍ കിട്ടും എന്നതുമാകാം അക്രമിയുടെ ലക്ഷ്യം എന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍ പുറത്തു അക്രമിയെ പൊലീസ് വെടിവച്ചിടുമ്പോള്‍ തന്നെ പ്രത്യേക ടെറര്‍ ഫോഴ്‌സ് തെരേസ മെയെ വളഞ്ഞു കഴിഞ്ഞിരുന്നു . എന്താണ് സംഭവിക്കുന്നത് എന്ന് പ്രധാനമന്ത്രി പോലും മനസ്സിലാക്കിയിരുന്നില്ല . പുറത്തു സാഹചര്യം സുരക്ഷിതമാണോ , കൂടുതല്‍ അക്രമികള്‍ പുറത്തുണ്ടോ എന്ന രണ്ടു കാര്യങ്ങള്‍ മാത്രമേ സുരക്ഷാ ടീമിന് നോക്കേണ്ടിയിരുന്നുള്ളൂ . തുടര്‍ ആക്രമണം പുറത്തുണ്ടായാല്‍ കാറില്‍ പ്രധാനമന്ത്രിയുമായി പോകുന്നത് റിസ്‌ക് ആണെന്നതിനാല്‍ നൊടിയിടയില്‍ ഹാംഷെയറിലെ റോയല്‍ എയര്‍ ഫോഴ്‌സ് ആസ്ഥാനത്തു സന്ദേശമെത്തി.
ഇത്തരം സാഹചര്യത്തില്‍ യുദ്ധകാര്യ റിപ്പോര്‍ട്ടിങ്ങില്‍ തവള എന്ന് വിശേഷിപ്പിക്കുന്ന, മലയിലും കുന്നിലും വെള്ളത്തിലും റോഡിലും ഒക്കെ പറന്നിറങ്ങാവുന്ന ചിനൂക് ഹെലികോപ്ടര്‍ തയ്യാറായി നില്‍ക്കുക ആയിരുന്നു , പറന്നു പൊങ്ങാന്‍. പാര്‍ലിമെന്റ് വളപ്പില്‍ നിന്നും നമ്പര്‍ 10 ഡൗണിങ് സ്ട്രീറ്റില്‍ തെരേസ മെയെ സുരക്ഷിതമായി എത്തിക്കുകയാണ് ചിനോക്കിന്റെ ദൗത്യം . ഇക്കാര്യത്തിന് ഈ ആംഫിബിയന്‍ ഹെലികോപ്റ്ററിനേക്കാള്‍ വിശ്വസ്തന്‍ തല്ക്കാലം മറ്റൊരാളില്ല. എന്നാല്‍ പുറത്തൊരു കടുവ പതുങ്ങി കിടപ്പുണ്ടായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുടെ സുരക്ഷാ ഏറ്റെടുത്തിരിക്കുന്ന ജാഗ്വര്‍ എക്‌സ് ജെ സെന്റിനല്‍. പാര്‍ലിമെന്റ് ആക്രമണത്തില്‍ കൂടുതല്‍ അക്രമികള്‍ ഇല്ല എന്നുറപ്പായ നിമിഷം ഈ കടുവ തെരേസയുമായി കുതിച്ചു, സ്വവസതിയിലേക്ക്. പിന്നീട രാജ്ഞിയെ കാണുന്നതിനും കോബ്ര മീറ്റിങ്ങിനും പുറപ്പെടും വരെ പ്രധാനമന്ത്രിയുടെ വസതിയില്‍ ഇരുന്നാണ് തെരേസ കാര്യങ്ങള്‍ നിയന്ത്രിച്ചത് . തെരേസ പാര്‍ലിമെന്റില്‍ നിന്നും സ്വവസതിയിലേക്കാണ് പോയത് എന്നത് മാധ്യമ കണ്ണുകള്‍ പോലും കണ്ടെത്തിയിരുന്നില്ല . ജാഗ്വര്‍ ധൗത്യം ഏറ്റെടുത്തതോടെ അടിയന്തിര ഘട്ടത്തില്‍ പറക്കാന്‍ തയ്യാറെടുത്ത ചിനൂകിനു തന്റെ ദൗത്യം ഉപേക്ഷിക്കേണ്ടി വന്നു . ഒടുവില്‍ താരമായതും സാക്ഷാല്‍ ജാഗ്വര്‍ തന്നെ.
കുതിച്ചു പായുമ്പോള്‍ 200 കിലോമീറ്റര്‍ വേഗത അനായാസത്തില്‍ കൈവരിക്കുന്നതാണ് ജാഗ്വര്‍ എക്‌സ് ജെ സെന്റിനലിന്റെ പ്രത്യേകത . വില അല്പം കൂടുതല്‍ ആണെന്ന് മാത്രം . ബ്രിട്ടീഷ് പ്രധാനമന്ത്രിമാര്‍ക്കായി പ്രത്യേക സജ്ജീകരണങ്ങളോടെ എത്തുന്ന കാറിനു മുപ്പത് കോടി രൂപ വരെ വില വരും . ഏറെക്കാലമായി ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വാഹനമാണ് ജാഗ്വര്‍ . ഇപ്പോഴത്തെ നമ്പര്‍ ടെണ്ണിലെ ജാഗ്വര്‍ കാറുകള്‍ ഡേവിഡ് കാമറോണിന്റെ കാലത്തു പരിഷ്‌ക്കരിച്ചതാണ് . പക്ഷെ 2010 മുതല്‍ തന്നെ തെരേസ ജഗാര്‍ എക്‌സ് ജെ സ്വന്തമാക്കിയിരുന്നു . അന്ന് തെരേസ പാര്‍ലിമെന്റില്‍ വരുമ്പോള്‍ ഈ കാറ് സര്‍വരുടെയും കണ്ണേറ് തട്ടിയിട്ടുണ്ട് എന്നതും രഹസ്യമല്ല . ബ്രിട്ടീഷ് ബ്രാന്‍ഡ് എന്ന പ്രൗഢിയും അധിക സുരക്ഷയും ഒത്തു ചേരുന്നു എന്നതാണ് ജാഗ്വറിനെ നമ്പര്‍ ടെന്‍ അഡ്രസ്സില്‍ നിന്നും കുടിയിറക്കാതിരിക്കാന്‍ പ്രധാന കാരണം .
മുന്‍പ് പല കാറുകളും പ്രധാനമന്ത്രിമാരുടെ യാത്രക്ക് ഉപയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിലും കഴിഞ്ഞ ഏഴു വര്‍ഷമായി ഈ ജോലി ഏറ്റെടുക്കുന്നത് ജാഗ്വര്‍ മാത്രമാണ് . ഇപ്പോള്‍ തെരേസ മേ ഉപയോഗിക്കുന്ന തരം ജാഗ്വര്‍ എക്‌സ് ജെ സെന്റിനലിനു കവചിത വാഹന സ്വഭാവമാണുള്ളത് . അഞ്ചു ലിറ്റര്‍ എന്‍ജിനും എട്ടു ഗിയര്‍ മോഡുമുള്ള വാഹനം നിമിഷ നേരത്തില്‍ ചീറിപ്പായാന്‍ കരുത്തുള്ളവയാണ് . ബ്രിട്ടീഷ് ഗതാഗത വകുപ്പാണ് പ്രധാനമന്ത്രിമാര്‍ക്കുള്ള കാറുകളില്‍ ആവശ്യമായ മാറ്റം വരുത്തി നല്‍കുന്നത് . ഈ കാറുകള്‍ ഓടിക്കുന്നതാകട്ടെ യുകെ സ്‌പെഷ്യല്‍ ഫോസ്സിലെ ഉദ്യോഗസ്ഥരും . പ്രധാനമന്ത്രിയുടെ കാറിനു അകമ്പടി സേവിച്ചു തിരിച്ചറിയാന്‍ കഴിയാത്ത തരം റേഞ്ച് റോവര്‍ വാഹനങ്ങളും ഒപ്പം ഉണ്ടാകും . രത്തന്‍ ടാറ്റയെന്ന ഇന്ത്യന്‍ വ്യവസായിയുടെ കരുത്തിന്റെ തെളിവു കൂടിയാണ് ജാഗ്വാര്‍. ടാറ്റ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് ജാഗ്വാര്‍ ലാന്‍ഡ് ലോവര്‍ എന്ന കാര്‍ നിര്‍മ്മാണ കമ്പനിയെന്നതാണ് ഇന്ത്യന്‍ ആവേശം കൂടുതല്‍ ഉയര്‍ത്തുന്നത്.
ശക്തമായ സ്‌ഫോടനം പോലും അതിജീവിക്കാന്‍ കരുത്തുള്ള പ്രത്യേക സ്റ്റീല്‍ പാളി ഉപയോഗിച്ചാണ് കാറിന്റെ അടിഭാഗം നിര്‍മ്മിച്ചിരിക്കുന്നത് . ഇതേ ഗുണ സംവിധാനം ഉള്ള കരുത്തിനായി ടൈറ്റാനിയത്തില്‍ കാറിന്റെ വശങ്ങളും നിര്‍മ്മിച്ചിരിക്കുന്നു . പ്രത്യേകതകള്‍ ഉള്ള ഈ നിര്‍മ്മാണ രീതി മൂലം കാറിന്റെ മൊത്തം തൂക്കം 3800 കിലോഗ്രാമായി ഉയരുകയാണ് . മാത്രമല്ല , തോക്കില്‍ നിന്നുള്ള വെടിയുണ്ടകള്‍ പോലും തോറ്റുമടങ്ങുന്ന ഗ്ലാസ് ഉപയോഗിച്ചാണ് വിന്‍ഡോ നിര്‍മ്മാണം . പഞ്ചറായ ടയറിലും കാര്‍ സുഗമമായി ഓടും . അപ്രതീക്ഷിത അക്രമങ്ങളില്‍ സംരക്ഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക്രമണം നടത്താനും കാറില്‍ തന്നെ സൗകര്യമുണ്ട് . രാസായുധ ആക്രമം ഉണ്ടായാല്‍ പ്രധാനമന്ത്രിയും കാറിലെ മറ്റു യാത്രക്കാരും സുരക്ഷിതര്‍ ആണെന്ന് ഉറപ്പു വരുത്താന്‍ ഓക്‌സിജന്‍ വിതരണം തടസ്സപ്പെടാതിരിക്കാന്‍ ഉള്ള പ്രത്യേക വായു അറകളും ജാഗ്വര്‍ എക്‌സ് ജെ സെന്റിനലിനെ വത്യസ്തമാക്കുന്നു . കാറിനെ ജനക്കൂട്ടമോ മറ്റോ തടയാന്‍ ശ്രമിച്ചാല്‍ കണ്ണീര്‍ വാതക പ്രയോഗം നടത്താന്‍ ഉള്ള സൗകര്യവും ഇതിലുണ്ട് .
മറ്റു സാധാരണ ജാഗ്വര്‍ കാറുകളില്‍ ഉള്ളത് പോലെ ആധുനിക വാര്‍ത്ത വിനിമയ സംവിധാനങ്ങള്‍ , വീഡിയോ കോണ്‍ഫ്രന്‍സ് സൗകര്യം , ഹൈ ഡഫനിഷന്‍ ടി വി സ്‌ക്രീന്‍ , രാത്രി കാഴ്ചക്കുള്ള സംവിധാനം , സീറ്റുകള്‍ തണുപ്പ് കാലത്തു ചൂടാക്കുന്ന ഹീറ്ററുകള്‍ , മസാജിങ് സിസ്റ്റം , 1200 വാട് ഡോള്‍ബി സൊറൗണ്ടിങ് സൗണ്ട് സിസ്റ്റം , എന്നിവയും ഇതിലുണ്ട് . സാധാരണ ജാഗ്വറിനെക്കാളും അല്പം വേഗത കുറവാണു ജാഗ്വര്‍ എക്‌സ് ജെ സെന്റിനലിനു , കാരണം അമിത ഭാരം തന്നെ . സാധാരണ ജാഗ്വര്‍ എക്‌സ് എഫ് അടക്കമുള്ളവ വെറും ആറു സെക്കന്റ് കൊണ്ട് 60 മൈല്‍ വേഗത ആജ്ജിക്കുമ്പോള്‍ തെരേസ മേയുടെ കാറിനു ഒന്‍പതര സെക്കന്റ് സമയം ആവശ്യമാണ് ഈ വേഗതയില്‍ എത്താന്‍ . ടോപ് സ്പീഡ് കാറുകള്‍ എന്ന് ചിന്തിക്കുമ്പോള്‍ ഇന്നും ജാഗ്വര്‍ തന്നെ ആദ്യ പേരുകാരില്‍ ഒന്നാവാനും ഈ കരുത്തു തന്നെ കാരണം .
ബ്രിട്ടീഷ് ആര്‍മിയിലെ മുന്‍നിര പോരാളിയാണ് ഈ വമ്പന്‍ . അഫ്ഗാന്‍ യുദ്ധകാലത്തു മലനിരകളും കുന്നും നിറഞ്ഞ പ്രദേശങ്ങളില്‍ സജീവ സേവനവുമായി ചിനോക് പറന്നു നടന്നപ്പോളാണ് ഈ ഹെലികോപ്ടറിന്റെ മേന്മ ലോകം തിരിച്ചറിഞ്ഞത് . ബോയിങ് എഞ്ചിനുമായി പറക്കുന്ന ചിനോക്കിനു വെള്ളക്കെട്ടിലും സുഗമമായി ഇറങ്ങാം എന്നായതോടെ കരയിലും വെള്ളത്തിലും കഴിയുന്ന തവളയുടെ പേര് തന്നെ വിളിപ്പേരായി വന്നു ചേര്‍ന്ന് . സാധാരണ ഹെലികോപ്ടറുകളില്‍ നിന്ന് വത്യസ്തമായി അടിയില്‍ വിമാനങ്ങളുടെ പോലെ ചക്രങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നതും ചിനോക്കിന്റെ യാത്രകളെ സുഗമമാക്കുന്നു .
ഇരട്ട എഞ്ചിനുമായി പറക്കുന്നതിനാല്‍ നിന്ന നില്‍പ്പില്‍ പൊങ്ങാനും താഴാനുമുള്ള കരുത്തും ഇവനെ വേറിട്ട് നിര്ത്തുന്നു . കെട്ടിടങ്ങളുടെയും മറ്റും മുകളില്‍ ഇറങ്ങാനും ഇതിനേക്കാള്‍ നല്ലൊരു ഹെലികോപ്ടര്‍ വേറെയില്ല . യുദ്ധമുഖത്തു പട്ടാളക്കാര്‍ക്ക് ആവശ്യമായ യുദ്ധോപകരങ്ങള്‍ എത്തിച്ചു കൊടുക്കുകയാണ് ചിനോക്കിന്റെ പ്രധാന ധൗത്യം . മണിക്കൂറില്‍ 315 കിലോമീറ്റര്‍ വേഗതയില്‍ പറക്കാന്‍ കഴിയുന്നു എന്നതും ഈ കരുത്തനെ ആകാശ ലോകത്തെ ജനപ്രിയനാക്കുന്ന ഘടകമാണ് . ഇന്നും അമേരിക്കന്‍ സൈന്യത്തിന്റെ കൈവശം ഉള്ള ഏറ്റവും വേഗത കൂടിയ ഹെലികോപ്റ്ററാണ് ചിനോക് .
The post ആക്രമണകാരിയില്‍ നിന്നും തെരേസ മേയുമായി കുതിച്ച ജാഗ്വര്‍ ഇന്ത്യാക്കാരന്റെ കൂടി കരുത്തിന്റെ തെളിവ്; അനവധി പ്രത്യേകതകളുള്ള കടുവയെ അറിയാം appeared first on Daily Indian Herald.