കണ്ണൂര്‍: കൊട്ടിയൂര്‍ പേരാവൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പള്ളി വികാരി പീഡിപ്പിച്ച കേസില്‍ രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനി കീഴടങ്ങി. പളളിമേടയില്‍ വച്ച് പതിനാറുകാരിയെ വൈദികന്‍ ഫാദര്‍ റോബിന്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂര്‍ സിഐക്ക് മുമ്പാകെയാണ് കീഴടങ്ങിയത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് കീഴടങ്ങല്‍. ഫാദര്‍ റോബിനെ കുറ്റകൃത്യം മറയ്ക്കാന്‍ സഹായിച്ചെന്നതാണ് ഇവര്‍ക്കെതിരായ കേസ്.
അഞ്ചുദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കീഴടങ്ങിയത്. കീഴടങ്ങുന്ന അന്നുതന്നെ ജാമ്യം നല്‍കണമെന്നും കോടതി നിര്‍ദേശമുണ്ട്. ഓട്ടോറിക്ഷയില്‍ മറ്റൊരാള്‍ക്കൊപ്പമാണ് തങ്കമ്മ പൊലീസ് സ്റ്റേഷനിലെത്തിയത്. പെണ്‍കുട്ടി പ്രസവിച്ചതിനുശേഷം ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് കുഞ്ഞിനെ ആശുപത്രിയില്‍ നിന്ന് മാറ്റുന്നതടക്കമുളള എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തത് തങ്കമ്മയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഗൂഢാലോചന അടക്കമുളള കുറ്റങ്ങളാണ് ചുമത്തിയത്. എന്നാല്‍ കീഴടങ്ങുന്ന പ്രതികള്‍ക്കെല്ലാം ജാമ്യം അനുവദിക്കുന്ന നടപടി പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും തക്ക അധികാരം ശേഷിയും ഉള്ളവരാണ് പ്രതികള്‍. അതിനാല്‍തന്നെ ഇവര്‍ക്ക് ജാമ്യം അനുവദിക്കുന്നത് കേസ് അട്ടിമറിക്കുന്നതിന് കാരണമാകുമെന്ന് സംശയിക്കുന്നു.
ഇന്നലെ കീഴടങ്ങിയ വയനാട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ ഫാദര്‍ തോമസ് ജോസഫ് തേരകം, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗമായിരുന്ന സിസ്റ്റര്‍ ബെറ്റി ജോസ്, ദത്തെടുക്കല്‍ കേന്ദ്രം ചുമതലക്കാരി സിസ്റ്റര്‍ ഒഫീലിയ എന്നീ മൂന്ന് പ്രതികളേയും ജാമ്യത്തില്‍ വിട്ടിരുന്നു. മൂവരും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ പരിഗണിച്ച ഹൈക്കോടതി ഫാദര്‍ തേരകത്തോടും കന്യാസ്ത്രീകളോടും അഞ്ച് ദിവസത്തിനകം കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ ഇന്നലെ രാവിലെ പേരാവൂര്‍ സിഐക്ക് മുമ്പാകെ കീഴടങ്ങിയത്. തങ്കമ്മയുടെ മകള്‍ ലിസ് മരിയ, സിസ്റ്റര്‍ ആന്‍മരിയ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. ഇവരുടെ ജാമ്യാപേക്ഷ ബുധനാഴ്ചയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
The post കൊട്ടിയൂര്‍ പീഡന കേസില്‍ വികാരിയച്ചനെ സഹായിച്ച രണ്ടാം പ്രതിയും കീഴടങ്ങി; കീഴടങ്ങിയ ദിവസം തന്നെ ജാമ്യം നല്‍കണമെന്ന് കോടതി; അധികാരവും സമ്പത്തുമുള്ള തേരകം അടക്കമുള്ളവര്‍ക്ക് ജാമ്യം ലഭിച്ചതിനാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന് സംശയം appeared first on Daily Indian Herald.