മൊയ്തീൻ പുത്തൻചിറ
സ്വന്തം അമ്മയെ നഷ്ടപ്പെട്ട് മാനസികരോഗിയായി തെരുവിൽ അലഞ്ഞു നടന്ന ഒരു യുവാവിന്റെ സംഭവബഹുലമായ കഥയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ടെക്‌സസിലാണ് ഈ സംഭവം നടന്നതെങ്കിലും സ്വന്തം അമ്മയെ എന്നോ നഷ്ടപ്പെട്ട ഒരു യുവാവാണ് വർഷങ്ങളായി തന്റെ അമ്മയെ അവസാനമായി കണ്ട അതേ സ്ഥലത്ത് ദിവസേന വന്നു നിൽക്കുന്നതെന്ന് പ്രദേശവാസികൾക്കുപോലും അജ്ഞാതമായിരുന്നു. തന്നെ ഉപേക്ഷിച്ചുപോയ അമ്മ എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയോടെയാണ് ഈ 32കാരൻ എല്ലാ ദിവസവും ഒരേ സ്ഥലത്തുതന്നെ നിലയുറപ്പിച്ചത്. പക്ഷെ, ആ യുവാവിന്റെ മാനസിക വ്യഥ എന്തെന്ന് കണ്ടുപിടിക്കാൻ ആരും തുനിഞ്ഞില്ല.
‘ആരുമില്ലാത്തവർക്ക് ദൈവം തുണയാകും’ എന്ന ചൊല്ല് അന്വർത്ഥമാക്കുന്നതാണ് ഈ യുവാവിന്റെ ജീവിതത്തിലും പിന്നീട് സംഭവിച്ചത്. ദൈവം സ്‌നേഹമാണ്, എന്നാൽ ദൈവത്തിന് നേരിട്ട് നമുക്കെന്തെങ്കിലും തരുവാനുള്ള കഴിവുണ്ടൊ, ദൈവത്തിന് പേരുണ്ടൊ? എന്നൊക്കെ ചോദിക്കുന്നവർക്ക് ‘ദൈവം മനുഷ്യമനസ്സുകളിൽ കുടിയിരിക്കുന്നു’ എന്ന സത്യം മനസ്സിലാക്കാൻ ഈ സംഭവം ഉപകരിക്കും. മനുഷ്യർ തമ്മിൽ പകരുന്ന സ്‌നേഹവും കരുണയുമല്ലേ ദൈവീകം എന്നൊക്കെ നാം പഠിച്ചുവെച്ചിട്ടുണ്ടെങ്കിലും ആ ദൈവീകത നേരിട്ട് അനുഭവിച്ചവർക്കേ അതിന്റെ മഹത്വം മനസ്സിലാകൂ. നന്മയും തിന്മയും വേർതിരിച്ച് മാത്രം സഹായിക്കുന്നവനാണ് ദൈവമെങ്കിൽ തിന്മക്ക് മുകളിൽ അവൻ പറന്നുയരുകയും നന്മക്ക് മുകളിൽ കൃപ ചൊരിയുകയും ചെയ്യും. കാരുണ്യവും കരുതലുകളും സഹമനുഷ്യർക്ക് നാം പകർന്നു നൽകുമ്പോഴാണ് ദൈവസാന്നിധ്യം അനുഭവിച്ചറിയുവാൻ കഴിയുക. സൽപ്രവർത്തികളിലൂടെ അത് മറ്റുള്ളവരിലേക്ക് പകർന്നു നൽകുമ്പോൾ ദൈവ മഹത്വവും നാം പ്രചരിപ്പിക്കുന്നു. പ്രാർത്ഥനകളിലൂടെ ദൈവാനുഗ്രഹവും പ്രവർത്തികളിലൂടെ ദൈവീകതയും കൈവരുമെന്നു തന്നെയാണ് സുമനസ്സുകൾ വിശ്വസിക്കുന്നത്.
സ്വന്തം കാര്യസാധ്യത്തിനായി, ദൈവാനുഗ്രഹത്തിനായി, ദൈവത്തെ അന്വേഷിച്ച് ദൈവാലയങ്ങളിൽ തപസ്സിരിക്കുന്നവർക്ക് ഒരു സന്ദേശം കൂടിയാണ് ടെക്‌സസിലെ ഈ യുവാവിനെ രക്ഷപ്പെടുത്താൻ മുന്നോട്ടു വന്ന ജിഞ്ചർ ജോൺസ് സ്പ്രൗസ് എന്ന യുവതി നൽകുന്നത്. ക്ലിയർ ലെയ്ക്കിൽ ‘ആർട്ട് ഓഫ് ദ മീൽ’ എന്ന സ്ഥാപനം നടത്തുകയാണ് ഈ യുവതി. എന്നും ജോലിക്കു പോകുമ്പോൾ എൽ കാമിനോ നാസാ റോഡ് കൂടിച്ചേരുന്ന ഭാഗത്ത് ഒരു യുവാവ് ദൂരേക്കു നോക്കി നിൽക്കുന്നത് ഈ യുവതി കാണാറുണ്ടായിരുന്നു. ആദ്യമൊന്നും ശ്രദ്ധിച്ചില്ലെങ്കിലും അതേ റോഡിലൂടെ ദിവസവും നാലു പ്രാവശ്യമെങ്കിലും യാത്ര ചെയ്യുന്ന ഈ യുവതി കഴിഞ്ഞ മൂന്നു വർഷമായി നിത്യേനയെന്നോണം ഈ കാഴ്ച കാണുന്നു! വെയിലും മഴയും മഞ്ഞുമൊന്നും ഈ യുവാവിനെ അലട്ടുന്നതേയില്ല. അതോടെയാണ് യുവതിക്ക് ആകാംക്ഷയായത്. എന്തുകൊണ്ടാണ് ഈ യുവാവ് ഒരേ സ്ഥലത്ത് കഴിഞ്ഞ മൂന്നു വർഷമായി നിലയുറപ്പിച്ചിരിക്കുന്നത് എന്ന് അന്വേഷിക്കാൻ തന്നെ യുവതി തീർച്ചപ്പെടുത്തി. അങ്ങനെയാണ് ലഞ്ച് ബ്രേക്ക് സമയത്ത് ഈ യുവതി യുവാവിനടുത്തെത്തിയത്. കുശലാന്വേഷണങ്ങൾക്കൊടുവിൽ കാര്യം തിരക്കി.
വിക്ടർ ഹബ്ബാർഡ് എന്ന ഈ 32കാരൻ ഒരു ഭവനരഹിതനാണെന്നും, അമ്മ ഉപേക്ഷിച്ചുപോയതിൽ മനം നൊന്ത് മാനസികരോഗത്തിന് അടിമപ്പെട്ടവനാണെന്നും യുവതിക്ക് മനസ്സിലായത് അപ്പോഴാണ്. തന്റെ അമ്മ തന്നെ ഉപേക്ഷിച്ചുപോയ അതേ സ്ഥലത്താണ് ആ യുവാവ് അമ്മയെ കാണാൻ കാത്തു നിൽക്കുന്നത്, അതും വർഷങ്ങളോളം. വിപരീത കാലാവസ്ഥയെപ്പോലും അവഗണിച്ചാണ് ഈ കാത്തു നില്പ്. ആരും ഇക്കാര്യം അന്വേഷിച്ചതുമില്ല, ആരോടും ഈ യുവാവ് ഒന്നും പറഞ്ഞതുമില്ല. എന്നെങ്കിലും തന്റെ അമ്മ വരും എന്ന പ്രതീക്ഷയിലാണ് ഇത്രയും കാലം ഒരേ സ്ഥലത്ത് നിന്നത്. തണുപ്പു കാലമാണ് വരുന്നത്, ഇങ്ങനെ റോഡ് സൈഡിൽ നിൽക്കുന്നതും അപകടമാണെന്ന് യുവതി മനസ്സിലാക്കി ഈ യുവാവിനെ സഹായിക്കാൻ തയ്യാറായി. തണുപ്പടിക്കാതെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനും യുവതി തയ്യാറായി.
ഈ യുവാവിനെ സഹായിക്കാനായി യുവതി ആദ്യം ചെയ്തത് പ്രാദേശിക റേഡിയോ സ്റ്റേഷനിൽ യുവാവിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയായിരുന്നു. പിന്നീട് ഒരു ഫെയ്‌സ്ബുക്ക് പേജും ആരംഭിച്ചു. ഈ യുവാവിനെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും, എല്ലാവരും അതിനായി ശ്രമിക്കണമെന്നും പ്രദേശവാസികളോട് അഭ്യർത്ഥിച്ചു. അതിന്റെ മേൽനോട്ടവും സ്വയം ഏറ്റെടുത്തു.
യുവാവിന്റെ മാനസിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയായിരുന്നു ആദ്യത്തെ ലക്ഷ്യം. അതിനായി മെന്റൽ ഹെൽത്ത് ക്ലിനിക്കിൽ ചികിത്സാ സൗകര്യം ഏർപ്പെടുത്തി. കൂടാതെ തന്റെ സ്ഥാപനമായ ആർട്ട് ഓഫ് ദ മീൽ കിച്ചനിൽ ഒരു ജോലിയും നൽകി. ഇതിനിടയിൽ ‘ഗോ ഫണ്ട് മീ’ യിൽ രജിസ്റ്റർ ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച പ്രസ്തുത വെബ്‌സൈറ്റിലൂടെ 16,000.00 ഡോളർ സമാഹരിക്കാൻ കഴിഞ്ഞു. കൂടാതെ ബ്ലോക്ക് പാർട്ടികൾ സംഘടിപ്പിച്ച് അതുവഴിയും ധനസമാഹരണം നടത്തി.
പതിനയ്യായിരത്തോളം പേരാണ് ഫെയ്‌സ്ബുക്ക് ലൈക്ക് ചെയ്തിരിക്കുന്നത്. മാത്രമല്ല, നിരവധി വ്യക്തികളും സംഘടനകളും വിക്ടർ എന്ന ഈ യുവാവിനെ സഹായിക്കാൻ മുന്നോട്ടു വരികയും ചെയ്തുകൊണ്ടിരിക്കുന്നു. ലൈക്കുകളും സന്ദേശങ്ങളും ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. വിക്ടറിന്റെ മാനസിക പ്രശ്‌നങ്ങൾ ചികിത്സയിലൂടെ ഭേദപ്പെട്ടുകൊണ്ടിരിക്കുന്നു. ഡോക്ടറുടെ പരിശോധനകളും മറ്റും മുറപോലെ നടക്കുന്നു. പ്രദേശവാസികളാണ് അതിനെല്ലാം സഹായങ്ങൾ ചെയ്യുന്നത്. മരുന്നുകളും വസ്ത്രങ്ങളും പ്രദേശത്തെ അഗ്‌നിശമന സേനാവിഭാഗം നൽകുന്നു. ഭവനരഹിതനായ വിക്ടറിന് താമസിക്കാൻ ഷെൽട്ടർ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് യുവതിയും പ്രദേശവാസികളും.
ഫെയ്‌സ്ബുക്ക്, റേഡിയോ സ്റ്റേഷൻ, ഇതര സോഷ്യൽ മീഡിയകൾ വഴിയുള്ള പ്രചരണത്തെത്തുടർന്ന് യുവാവിന്റെ അമ്മാവനെ കണ്ടുപിടിക്കാൻ സാധിച്ചതാണ് പ്രധാന വഴിത്തിരിവായത്. അതുവഴി വിക്ടറിന്റെ അമ്മയെ കണ്ടുപിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജിഞ്ചർ ജോൺസ് സ്പ്രൗസ്.
‘അവസാനം എന്റെ കാത്തിരിപ്പിന് വിരാമമുണ്ടാകാൻ പോകുന്നു. അമ്മയെ കാണാനും സംസാരിക്കാനും എനിക്ക് കഴിയുമെന്ന് പ്രതീക്ഷയുണ്ട്’ സന്തോഷഭരിതനായി വിക്ടർ പറയുന്നു.
‘മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും
ദൈവമിരിക്കുന്നൂ അവൻ
കരുണാമയനായ് കാവൽവിളക്കായ്
കരളിലിരിക്കുന്നൂ…..’
ദൈവമിരിക്കുന്നൂ അവൻ
കരുണാമയനായ് കാവൽവിളക്കായ്
കരളിലിരിക്കുന്നൂ…..’
The post അമ്മയെ കാണാൻ (ലേഖനം) appeared first on Daily Indian Herald.