Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

കൂടുതല്‍ ഡി.ജി.പി തസ്തിക വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി

$
0
0

ന്യൂഡല്‍ഹി : സംസ്ഥാനത്ത് കൂടുതല്‍ ഡി.ജി.പി തസ്തിക വേണമെന്ന കേരള സര്‍ക്കാര്‍ ആവശ്യത്തോട് മുഖം തിരിച്ച് കേന്ദ്ര സര്‍ക്കാര്‍.സംസ്ഥാനത്ത് നിലവില്‍ അനുവദിച്ച നാല് ഡിജിപി തസ്തികകള്‍ക്ക് പുറമേ ഒരു തസ്തിക പോലും കൂടുതലായി അനുവദിക്കുന്ന പ്രശ്‌നമില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

നിയമപ്രകാരം അനുവദിക്കേണ്ട നാല് തസ്തികകള്‍ അനുവദിച്ചിട്ടുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് എഡിജിപിയെ നിയമിച്ചിട്ടുണ്ടെങ്കില്‍ അത് ഗുരുതരമായ തെറ്റാണെന്നും ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നതന്‍ ചൂണ്ടിക്കാട്ടി.കഴിഞ്ഞ ഒക്ടോബറില്‍ ഡിജിപി തസ്തിക വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയ കത്തിനുള്ള മറുപടിയില്‍ ഇക്കാര്യം വ്യക്തമാക്കുമെന്നാണ് ലഭിക്കുന്ന വിവരം.

വിജിലന്‍സ് ഡയറക്ടര്‍ ചുമതല എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിക്ക് നല്‍കിയ നടപടി ഐ.പി.എസ് ഉദ്യോഗസ്ഥരില്‍ പൊട്ടിത്തെറിക്ക് കാരണമായിരിക്കെ കേന്ദ്ര അനുവാദത്തോടെ കൂടുതല്‍ ഡി.ജി.പി തസ്തിക സൃഷ്ടിച്ച് ശങ്കര്‍ റെഡ്ഡിയെ ഡി.ജി.പി ആയി ഉയര്‍ത്താനുള്ള നീക്കത്തിനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം തിരിച്ചടിയാവുക.പിടിച്ച് നില്‍ക്കാന്‍ വേണ്ടി ആറ് മാസത്തേക്ക് താല്‍ക്കാലികമായി സംസ്ഥാന സര്‍ക്കാരിന് വേണമെങ്കില്‍ ഡി.ജി.പി തസ്തിക സൃഷ്ടിക്കാം.പക്ഷെ അത് ശാശ്വതമല്ല. കാരണം ഇനി ഡിജിപി തസ്തികയില്‍ ഒഴിവ് വരുന്നത് ഒന്നരവര്‍ഷം കഴിഞ്ഞ് സംസ്ഥാന പോലീസ് മേധാവി ടിപി സെന്‍കുമാര്‍ വിരമിക്കുമ്പോള്‍ മാത്രമാണ്. മറ്റ് ഡിജിപിമാരായ ജേക്കബ് തോമസിനും,ലോക്‌നാഥ് ബെഹ്‌റയ്ക്കും ഋഷിരാജ് സിങ്ങിനും അഞ്ചും ഏഴും വര്‍ഷം സര്‍വ്വീസ് അവശേഷിക്കുന്നുണ്ട്.

‘മറിമായം’ നടത്തിയാല്‍ തന്നെ എ.ഡി.ജി പിയുടെ ആനുകൂല്യങ്ങള്‍ മാത്രമേ ഉദ്യോഗക്കയറ്റം ലഭിക്കുന്ന ഉദ്യോഗസ്ഥന് ലഭിക്കു. എന്നാല്‍ ഇതിന് അക്കൗണ്ടന്റ് ജനറലിന്റെ അനുമതി ആവശ്യമാണ്. എല്ലാ ആറ് മാസവും വിജിലന്‍സ് ഡയറക്ടര്‍ക്കായി ഡിജിപി തസ്തിക സൃഷ്ടിക്കുക എന്നത് നടപ്പുള്ള കാര്യവുമല്ല.കേന്ദ്ര ഉത്തരവ് മറികടന്ന് പി. ചന്ദ്രശേഖരന്‍, എം.എന്‍.കൃഷ്ണമൂര്‍ത്തി, വിന്‍സണ്‍.എം.പോള്‍ എന്നിവരെ മുന്‍പ് ഡി.ജി.പി ആയി സ്ഥാനക്കയറ്റം നല്‍കി നിയമിച്ചപ്പോള്‍ മാസങ്ങളോളം ഇവരുടെ ശമ്പളം അക്കൗണ്ടന്റ് ജനറല്‍ തടഞ്ഞുവച്ചിരുന്നു.സ്ഥാനക്കയറ്റം ലഭിച്ച് എട്ട് മാസം കഴിഞ്ഞ് ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് വിരമിച്ചപ്പോഴാണ് വിന്‍സണ്‍ എം.പോളിന് ഡി.ജി.പി യുടെ ശമ്പളം ലഭിച്ചിരുന്നത്. മറ്റ് അഞ്ച് പേര്‍ക്കാകട്ടെ ഡി.ജി.പി തസ്തിക കടലാസിലും എ.ഡി.ജി.പിയുടെ പെന്‍ഷനുമാണ് ലഭിച്ചിരുന്നത്.

ഇത്തരത്തില്‍ വഴിവിട്ട് ഡി.ജി.പി നിയമനം നടത്തിയതിനെതിരെ അക്കാലത്ത് ചീഫ് സെക്രട്ടറിമാരായിരുന്ന ജോസ് സിറിയക്ക്, ഇ.കെ. ഭരത് ഭൂഷണ്‍ എന്നിവരോട് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം ചോദിക്കുകയും ആവര്‍ത്തിക്കില്ലെന്ന് രേഖാമൂലം അറിയിച്ച് തല്‍ക്കാലം നടപടിയില്‍ നിന്നും രക്ഷപ്പെടുകയുമാണുണ്ടായത്.മുന്‍ഗാമികളുടെ അനുഭവം ഓര്‍മ്മയുള്ളതിനാല്‍ വിജിലന്‍സ് ഡയറക്ടറുടെ ഡി.ജി.പി കേഡര്‍ തസ്തിക ഒഴിച്ചിട്ട് എ.ഡി.ജി.പി യെ നിയമിച്ച നടപടി കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവുകള്‍ക്ക് വിരുദ്ധമാണെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

സംസ്ഥാന പോലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍ എന്നീ രണ്ട് കേഡര്‍ തസ്തികയും, രണ്ട് എക്‌സ് കേഡര്‍ തസ്തികയുമാണ് കേന്ദ്രം നിലവില്‍ അനുവദിച്ചിട്ടുള്ളത്.ഇത് പ്രകാരം വിന്‍സണ്‍ പോള്‍ വിരമിച്ച ഒഴിവില്‍ സീനിയോറിറ്റി പ്രകാരം കേഡര്‍ ഡി.ജി.പി തസ്തികയില്‍ വരേണ്ടിയിരുന്നത് ജേക്കബ് തോമസാണ്.സര്‍ക്കാരുമായി ഉടക്കിയ അദ്ദേഹത്തെ വിജിലന്‍സ് ഡയറക്ടര്‍ ആക്കുന്നത് ആത്മഹത്യാപരമെന്ന് കണ്ടാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്. ജേക്കബ് തോമസിന്റെ അടുത്ത സുഹൃത്തുക്കള്‍ ആണ് എന്നതും താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങുന്നവരല്ലെന്നതും തൊട്ടടുത്ത സീനിയറായ ലോക്‌നാഥ് ബഹ്‌റയെയും, ഋഷിരാജ് സിംഗിനെയും ഒഴിവാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകമാണ്.

എന്നാല്‍ സ്ഥാനമാനങ്ങള്‍ക്ക് പുറകെ പോവാതെ പോലീസിലെ മാനദണ്ഡം കര്‍ശനമായി നടപ്പാക്കണമെന്ന കാര്യത്തില്‍ മൂന്ന് ഡി.ജി.പി മാരും ഉറച്ച് നില്‍ക്കുന്ന അസാധാരണ നടപടി ഇപ്പോള്‍ സര്‍ക്കാരിനു തന്നെ വിനയായിരിക്കുകയാണ്.രണ്ട് കേഡര്‍ തസ്തികകളില്‍ ഡി.ജി.പി റാങ്കിലുള്ളവരെ നിയമിക്കാതെ അവരെ എക്‌സ് കേഡര്‍ തസ്തികയില്‍ നിയമിച്ചാല്‍ അക്കൗണ്ടന്റ് ജനറല്‍ അവരുടെ ശമ്പളവും തടയും.ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ ഒഴികെയുള്ള മറ്റ് മൂന്ന് ഡി.ജി.പി മാരും (ജേക്കബ് തോമസ്, ലോക്‌നാഥ് ബെഹ്‌റ, ഋഷിരാജ് സിംഗ്) കടുത്ത നിലപാട് ഒറ്റക്കെട്ടായി സ്വീകരിച്ചിട്ടുള്ളത്. ഋഷിരാജ് സിംഗും ലോക് നാഥ് ബെഹ്‌റയും അവധിയില്‍ പ്രവേശിക്കാന്‍ അനുമതി തേടിക്കഴിഞ്ഞു.

ജേക്കബ് തോമസ് ആകട്ടെ ‘അവധിക്ക് സമാനമായ’ സാഹചര്യത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് തന്നെ.ഫയര്‍ഫോഴ്‌സ് മേധാവിയായി ബെഹ്‌റയേയും ജയില്‍ മേധാവിയായി ഋഷിരാജ് സിംഗിനെയും നിയമിച്ചിട്ടും ഇരുവരും ചാര്‍ജ്ജ് ഏറ്റെടുക്കാന്‍ തയ്യാറാവാത്തതും സര്‍ക്കാരിന് കനത്ത പ്രഹരമാണ്. നീണ്ട അവധിയെടുക്കാതെ അവധി അപേക്ഷ മാത്രം നല്‍കിയാല്‍ പകരം നിയമനം നടത്താനും ചാര്‍ജ്ജ് കൈമാറാനും സര്‍ക്കാരിന് കഴിയില്ല.ഫലത്തില്‍ ജയില്‍വകുപ്പിന്റെയും ഫയര്‍ഫോഴ്‌സിന്റെയും പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ ചെന്നെത്തുന്നത്. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഐപിഎസ് അസോസിയേഷന്റെ അടിയന്തര യോഗം തിങ്കളാഴ്ച വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

ഇനി മാസങ്ങള്‍ മാത്രം അവശേഷിക്കുന്ന സര്‍ക്കാരിന്റെ കൂടെ എത്ര ഐ.പി.എസ് ഓഫീസര്‍മാര്‍ ഉണ്ടാകുമെന്നത് കണ്ടറിയേണ്ട കാര്യമാണ്. ‘ഇറക്കിയ ഉത്തരവ് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മികച്ച ഉദ്യോഗസ്ഥനെ മാത്രമേ വിജിലന്‍സ് തലപ്പത്ത് നിയമിക്കാന്‍ കഴിയുകയുള്ളുവെന്നും ഇപ്പോഴത്തെ നിയമനത്തില്‍ വിരോധമുള്ളവര്‍ അവധിയെടുത്ത് പോകണമെങ്കില്‍ പോകാമെന്നുമുള്ള’ ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയും ഇതിനകം വിവാദമായിട്ടുണ്ട്.

ഡി.ജി.പി മാരെ മോശക്കാരാക്കികൊണ്ടുള്ള ആഭ്യന്തര മന്ത്രിയുടെ നിലപാട് ഐ.പി.എസ് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചിട്ടുണ്ട്. ജേക്കബ് തോമസും ഋഷിരാജ് സിംഗും ലോക്നാഥ് ബെഹ്‌റയും മന്ത്രിയുടെ ഈ പ്രതികരണത്തില്‍ രോഷാകുലരാണെന്നാണ് ലഭിക്കുന്ന സൂചന.വിജിലന്‍സ് ഡയറക്ടര്‍ നിയമനത്തില്‍ ഡിജിപിമാരെ അവഗണിച്ച സര്‍ക്കാരിന്റെ നടപടിയില്‍ കേന്ദ്രത്തിന്റെ ‘ഇടപെടല്‍’ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഐപിഎസ് ഉദ്യോഗസ്ഥര്‍.ഇപ്പോള്‍ ഡെപ്യൂട്ടേഷനില്‍ ഉത്തരേന്ത്യയില്‍ സേവനമനുഷ്ഠിക്കുന്ന പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ സുഹൃത്ത് കൂടിയായ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ഇക്കാര്യത്തില്‍ ചില ഇടപെടലുകള്‍ നടത്തുന്നതായാണ് വിവരം.

 


Viewing all articles
Browse latest Browse all 20534

Trending Articles