Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

സ്ത്രീ സമത്വത്തിന് മുന്നിലെന്ന് കരുതുന്ന കേരളം ഇതിന് എന്ത് ഉത്തരം നല്‍കും?; അടച്ചുറപ്പ് വേണ്ടത് വികലമായ മനോനിലകള്‍ക്കാണ്, നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് മഞ്ജു വാര്യര്‍

$
0
0

ഒരു പെണ്ണിന്റെ മനസ്സിനെ ഒരിക്കലും കീഴപ്പെടുത്താനാകില്ല. അത് അവളുടെ മുഖം വിളിച്ചു പറയുന്നുണ്ട്. ആക്രമിക്കപ്പെട്ട നടിയെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മഞ്ചുവാര്യര്‍ മഞ്ജുവാര്യര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. വീടിനകത്തും പുറത്തും സ്ത്രീ പുരുഷന്മാര്‍ കാണിക്കേണ്ട പരസ്പര ബഹുമാനം ഒരു സംസ്‌കാരമായിത്തീരണമെന്നും മഞ്ജു പറഞ്ഞു. പല പ്രമുഖരും പ്രതികരിക്കാന്‍ മടിച്ചു നില്‍ക്കുമ്പോഴാണ് തന്റെ പ്രിയ കൂട്ടുകാരിക്ക് വേണ്ടി മഞ്ജുവാര്യര്‍ രംഗത്തെത്തിയത്‌

മഞ്ജുവാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഭാവനയെ കണ്ടു. ഇന്നലെ ഞങ്ങള്‍, അവളുടെ സുഹൃത്തുക്കള്‍ ഒരു പാട് നേരം ഒപ്പമിരുന്നു. ജീവിതത്തിലെ ഏറ്റവും ഭയാനകമായ ഓര്‍മയുടെ നീറ്റലില്‍ പൊള്ളി നില്‍ക്കുമ്പോഴും ഭാവന ധീരയായിരുന്നു. ഞങ്ങളാണ് തളര്‍ന്നു പോയത്. പക്ഷേ അവള്‍ തകര്‍ന്നില്ല. ആ നിമിഷങ്ങളെ നേരിട്ട അതേ മനക്കരുത്ത് ഇന്നലെയും അവളില്‍ ബാക്കിയുണ്ടായിരുന്നു. അത് ആര്‍ക്കും കവര്‍ന്നെടുക്കാനായിട്ടില്ല. ഒരു പെണ്‍കുട്ടിയുടെ മനസ്സിനെ ഒരിക്കലും കീഴ്പ്പെടുത്താനാകില്ലെന്ന് ഭാവനയുടെ മുഖം ഞങ്ങളോട് പറഞ്ഞു. ആ ധീരതയ്ക്കു മുന്നില്‍ സല്യൂട്ട് ചെയ്തു കൊണ്ട് എന്റെ പ്രിയ കൂട്ടുകാരിയെ ഞാന്‍ ചേര്‍ത്തു പിടിക്കുന്നു..

ഇപ്പോള്‍ നമ്മള്‍ ഭാവനയ്ക്ക് ഒപ്പം നില്‍ക്കുകയാണ് വേണ്ടത്. എന്നിട്ട് എന്തുകൊണ്ടിങ്ങനെ എന്ന് ഒരു നിമിഷം ചിന്തിക്കുക..ചുണ്ടുവിരലുകള്‍ പരസ്പരം തോക്കു പോലെ പിടിച്ചതുകൊണ്ട് എന്താണ് പ്രയോജനം? സ്ത്രീ സമത്വമുള്‍പ്പെടെ പലതിലും മാതൃകയെന്ന് സ്വയം അഭിമാനിക്കുന്ന കേരളം ഇതിന് എന്ത് ഉത്തരം നല്‍കും? കേവലം പ്രസംഗങ്ങളില്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതല്ല സ്ത്രീത്വത്തിന്റെ അഭിമാനം. അത് ചോദിച്ചോ, കെഞ്ചിക്കരഞ്ഞോ വാങ്ങേണ്ടതുമല്ല. പുരുഷനു താന്‍ കൊടുക്കുന്ന ബഹുമാനം തിരിച്ചുകിട്ടാന്‍ സ്ത്രീക്ക് അവകാശമുണ്ട്. വീടിനകത്തും പുറത്തും ആ പരസ്പരബഹുമാനം ഒരു സംസ്‌കാരമായി തീരണം. അപ്പോഴേ പുരുഷന്‍ വേട്ടക്കാരനും സ്ത്രീ ഇരയുമായുന്ന പതിവ് അവസാനിക്കൂ.

സൗമ്യയും ജിഷയുമുണ്ടായപ്പോള്‍ നമ്മള്‍ അടച്ചുറപ്പില്ലാത്ത തീവണ്ടി മുറികളെക്കുറിച്ചും വീടുകളെക്കുറിച്ചും വിലപിച്ചു. പക്ഷേ ഭാവന അക്രമിക്കപ്പെട്ടത് ഒരു വാഹനത്തില്‍ ആള്‍ത്തിരക്കുള്ള ദേശീയ പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ്. അപ്പോള്‍ അടച്ചുറപ്പു വേണ്ടത് മനോനിലയ്ക്കാണ്. ഭാവനയ്ക്ക് നേരെയെന്നല്ല, ഏതൊരു സ്ത്രീക്കു നേരെയുമുള്ള പുരുഷന്റെ ശാരീരികവും മാനസികവുമായ ആക്രമണങ്ങള്‍ വികലമായ മനോനിലയുടെയും സംസ്‌ക്കാരത്തിന്റെയും സൂചനകളാണ്. ഓരോ തവണയും ഇതുണ്ടാകുമ്പോള്‍ നമ്മള്‍ പരാതി പറഞ്ഞും ഹാഷ് ടാഗുകള്‍ സൃഷ്ടിച്ചും കുറച്ചു ദിവസങ്ങള്‍ കൊണ്ടാടും. പക്ഷേ അതിനപ്പുറം ഈ മഹാവിപത്തിന് ഒരവസാനം വേണ്ടേ? ഒരു തിരുത്തിനുള്ള പോരാട്ടമല്ലേ ആവശ്യം? ഞാന്‍ അതിന് മുന്നിലുണ്ടാകും…

The post സ്ത്രീ സമത്വത്തിന് മുന്നിലെന്ന് കരുതുന്ന കേരളം ഇതിന് എന്ത് ഉത്തരം നല്‍കും?; അടച്ചുറപ്പ് വേണ്ടത് വികലമായ മനോനിലകള്‍ക്കാണ്, നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് മഞ്ജു വാര്യര്‍ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles