മലപ്പുറം: മതം മാറിയതിന്റെ വൈരാഗ്യത്തിന് കൊടിഞ്ഞി പുല്ലാണി ഫൈസലിനെ ആര്‍എസ്സ്എസ്സ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കേസ്സില്‍ കൂടുതല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. ആര്‍എസ്സ്എസ്സ് ആസ്ഥാനത്ത് വച്ച് ഗൂഡാലോചന നടത്തിയതിന്റെ തെളിവുകളാണ് പോലീസിന് ലഭിച്ചത്. പോലീസ് പ്രതികളുമായി സ്ഥലത്ത് തെളിവെടുപ്പ് നടത്തി. ആയുധം ഒളിപ്പിക്കാന്‍ സഹായിച്ച ഒരാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
ഇന്നലെ കേസിലെ സൂത്രധാരനും ആര്‍.എസ്.എസ് നേതാവുമായ തിരൂര്‍ തൃക്കണ്ടിയൂര്‍ മഠത്തില്‍ നാരായണനെ ഉപയോഗിച്ച് ആര്‍.എസ്.എസ്. ആസ്ഥാനമായ സംഘ്മന്ദിറില്‍ നടത്തിയ തെളിവെടുപ്പിലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. നാരായണന്‍ സംഘ് മന്ദിറിലെ ലാന്‍ഡ് ഫോണില്‍ നിന്ന് പ്രതികളെയും അവര്‍ തിരിച്ചും വിളിച്ചതായി കണ്ടെത്തി. ഇയാള്‍ ഇവിടെ താമസിച്ചിരുന്നതായും വ്യക്തമായി. ഫൈസല്‍ വധക്കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് സംഘ് മന്ദിറില്‍ തെളിവെടുപ്പ് നടക്കുന്നത്. കൃത്യം നിര്‍വഹിച്ച സംഘത്തിലുണ്ടായിരുന്ന ബിബിന്‍ദാസിനെയും ഇന്നലെ തെളിവെടുപ്പിന് കൊണ്ടുവന്നിരുന്നു. ഇയാള്‍ നല്‍കിയ വിവരമനുസരിച്ച് കൃത്യത്തിനുപയോഗിച്ച കത്തി ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി-കൈനിക്കര റോഡിലെ ഓവുപാലത്തിനടയിലെ പൈപ്പിനുള്ളില്‍ നിന്ന് കണ്ടെത്തി.
തുടര്‍ന്ന് കത്തി ഒളിപ്പിക്കാന്‍ സഹായിച്ച ഇയാളുടെ അയല്‍വാസി തോട്ടശ്ശേരി വിഷ്ണു (27) വിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിച്ചാത്തന്‍ പടി വടക്കേപാടത്തു നിന്ന് വൈകിട്ട് ആറ് മണിയോടെയാണ്22 സെന്റീമീറ്റര്‍ നീളമുള്ള കത്തി കണ്ടെടുത്തത്. ബിബിന്‍ദാസ് നല്‍കിയ വിവരത്തെ തുടര്‍ന്ന് ഇവിടെ പൊലീസ് തിരച്ചില്‍ നടത്തുകയായിരുന്നു. ഫൈസലിന്റെ വയറിന് കുത്തിയിരുന്നത് ബിബിന്‍ ദാസാണ്. സംഘ് മന്ദിറില്‍ നിന്ന് ചില രേഖകള്‍ പൊലീസ് കണ്ടെടുത്തു. കൃത്യം നടത്തിയ ശേഷം താനുള്‍പ്പടെയുള്ളവര്‍ സംഘ് മന്ദിറിലെത്തി രക്തക്കറ കഴുകിക്കളഞ്ഞതായും വസ്ത്രം തീയിട്ടു നശിപ്പിച്ചതായും ബിബിന്‍ദാസ് മൊഴി നല്‍കി. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ തുടങ്ങിയ സംഘ് മന്ദിറിലെ തെളിവെടുപ്പ് രണ്ട് മണിക്കൂറിലേറെ നീണ്ടു. കഴിഞ്ഞ മാസം കൃത്യത്തില്‍ പങ്കെടുത്ത രണ്ട് പ്രതികളെ ഇവിടെ കൊണ്ടുവന്ന് ലോക്കല്‍ പൊലീസും തെളിവെടുപ്പ് നടത്തിയിരുന്നു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി.കെ ബാബു, പെരിന്തല്‍മണ്ണ ഡിവൈഎസ്പി എംപി മോഹനചന്ദ്രന്‍ , താനൂര്‍ സി.ഐ അലവി, എസ്.ഐമാരായ പി ചന്ദ്രന്‍ (വണ്ടൂര്‍), വിശ്വനാഥന്‍ കാരയില്‍ (തിരൂരങ്ങാടി), കെ.ആര്‍ രഞ്ജിത്ത് (തിരൂര്‍), അഡീഷണല്‍ എസ്. ഐ സന്തോഷ് പൂതേരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്. ആര്‍.എസ്.എസ് നേതാവ് മഠത്തില്‍ നാരായണനാണ് കൃത്യം നടത്തിയ പ്രതികള്‍ക്ക് വ്യക്തമായ പ്ലാനിംങും നിര്‍ദേശവും നല്‍കിയത്. കേസിലെ മറ്റു പ്രതികളുമായി തിരൂരങ്ങാടി കൊടിഞ്ഞിയിലെത്തി മഠത്തില്‍ നാരായണന്‍ പല തവണ ചര്‍ച്ച നടത്തിയിരുന്നു. സംഘ മന്ദിറിലും പ്രതികള്‍ താമസിച്ചിരുന്നു.
നവംബര്‍ 19 ന് പുലര്‍ച്ചെ ഫൈസലിനെ ബൈക്കിലെത്തിയ നാലു പേര്‍ ഫാറൂഖ് നഗറില്‍ വച്ച് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പ്രതികളുടെ കൈയിലുണ്ടായിരുന്ന മാരകായുധങ്ങള്‍ കൊണ്ട് ശരീരത്തില്‍ വെട്ടുകയും ബിബിന്‍ദാസിന്റെ കൈയിലെ കത്തി ഉപയോഗിച്ച് ഫൈസലിന്റെ വയറില്‍ കുത്തുകയുമായിരുന്നു. ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സംഘം തിരൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് എത്തി. രക്തക്കറകള്‍ കഴുകിയും വസ്ത്രങ്ങള്‍ തീയിട്ടും തെളിവുകള്‍ നശിപ്പിച്ചു. പ്രതികളായ പ്രജീഷ്, ബിബിന്‍ എന്നിവര്‍ ആയുധങ്ങള്‍ അവരവരുടെ വീടിനു സമീപത്ത് ഉപേക്ഷിക്കുകയുമായിരുന്നു. ഇന്നലെ കണ്ടെടുത്ത ആയുധത്തിന് പുറമെ ഒന്നാം പ്രതി പ്രജീഷ് തിരൂര്‍-പൊന്നാനി പുഴയില്‍ ഉപേക്ഷിച്ച കൊടുവാള്‍ നേരത്തെകണ്ടെത്തിയിരുന്നു.
ഇതുവരെ അറസ്റ്റിലായ പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞു. നേരത്തെ കേസില്‍ അറസ്റ്റിലായ ആകെ 15 പ്രതികളില്‍ 11 പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച ജയിലില്‍ നിന്നും പുറത്തിറങ്ങിയിരുന്നു. പ്രോസിക്യൂഷന്റെ വീഴ്ചചയാണ് പ്രതികള്‍ക്ക് ജാമ്യം കിട്ടിയതെന്ന ആക്ഷേപം വ്യാപകമായി ഉയര്‍ന്നു. ഒരു ലക്ഷം രൂപയും ആള്‍ ജാമ്യത്തിലുമാണ് ഇവര്‍ ഇറങ്ങിയത്. ജില്ല വിടരുത്, അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ എല്ലാ ബുധനാഴ്ചയും ഹാജരാവുക തുടങ്ങിയ ഉപാധികളോടെയായിരുന്നു 11 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായമൊരുക്കിയവരെയും സഹായിച്ചവരെയും കേസില്‍ പ്രതി ചേര്‍ക്കുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി.കെ ബാബു പറഞ്ഞു.
The post മതം മാറിയതിന് ഫൈസലിനെ കൊലപ്പെടുത്തിയ കേസ്സില്‍ ആര്‍എസ്സ്എസ്സിനെതിരെ കൂടുതല്‍ തെളിവുകള്‍; രക്തക്കറ കഴുകിയതും വസ്ത്രങ്ങള്‍ തീയിട്ടതും സംഘ് മന്ദിറില്‍ വച്ച് appeared first on Daily Indian Herald.