Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20654

അഭിമാനത്തോടെയും സ്വാതന്ത്യത്തോടെയും ജീവിക്കുക; സ്ത്രീ ശരീരത്തിന്റെ സ്വാതന്ത്ര്യങ്ങളെക്കുറിച്ച് പറയുന്ന വീഡിയോ കാണൂ

$
0
0

സ്ത്രീ ശരീരത്തെ ഉപഭോഗ വസ്തു മാത്രമായികാണുന്ന സാമൂഹിക അവസ്ഥ ഇന്നും ശക്തമായി നിലനില്‍ക്കുന്നു. സ്ത്രീകളെ കാഴ്ച്ച വസ്തു മാത്രമായി അവതരിപ്പിക്കുന്ന അവസരങ്ങളും കുറവല്ല. ഇത്തരം പുരുഷാധപത്യ കാഴ്ചപ്പാടുകളെ മറികടക്കുവാന്‍ ആധുനിക സ്ത്രീകള്‍ അനവധി പോരാട്ടങ്ങള്‍ നടത്തുകയുമാണ്. വസ്ത്ര സ്വാതന്ത്ര്യമാണ് ഇതില്‍ പ്രധാനപ്പെട്ട ഒരു ഘടകം. സ്ത്രീകളുടെ വസ്ത്രധാരണം സമൂഹത്തില്‍ ഇന്നും തര്‍ക്കം നടന്നുകൊണ്ടിരിക്കുന്ന വിഷയമാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം അവള്‍ക്ക് ഭരണഘടന നിയമപരമായി അനുവദിച്ചു കൊടുത്തിട്ടുണ്ടെങ്കിലും സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളും ഇന്നും സ്ത്രീകള്‍ ധരിക്കുന്ന പല വസ്ത്രങ്ങള്‍ക്കും അപ്രഖ്യാപിതമായി വിലക്ക് ഏര്‍പ്പെടുത്തുന്നുണ്ട്.

മൂടിപ്പൊതിഞ്ഞ സ്ത്രീ ശരീരങ്ങള്‍ പോലും അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം ചോദ്യ ചിഹ്നമായി സമൂഹത്തിനു മുന്നില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, വസ്ത്രധാരണമാണ് കുറ്റവാളികളില്‍ ‘പ്രകോപന’മുണ്ടാക്കുന്നത് എന്നും വസ്ത്രധാരണത്തില്‍ ശ്രദ്ധിച്ചാല്‍ അവളുടെ ശരീരം സുരക്ഷിതമാണെന്നുമുള്ള അബദ്ധ ധാരണയില്‍ വിശ്വസിക്കുന്നവരും ധാരാളമാണ്.

ഇനി ഇഷ്ടമുള്ള വസ്ത്രം ധരിച്ച് സമൂഹത്തിലേക്ക് ഇറങ്ങിയാല്‍ തന്നെ തുറിച്ചു നോക്കുന്ന കണ്ണുകളില്‍ നിന്ന് തന്റെ ശരീരത്തെ സംരക്ഷിക്കേണ്ട ‘ഉത്തരവാദിത്ത’വും സ്ത്രീയ്ക്ക് ഉണ്ടാകുന്നു. വസ്ത്രം ഒന്ന് സ്ഥാനം നീങ്ങിപ്പോയാല്‍, അല്ലെങ്കില്‍ തന്റെ ശരീരഭാഗം കുറച്ചൊന്ന് വെളിച്ചം കണ്ടു പോയാല്‍ അവള്‍ അസ്വസ്ഥയാകുന്നു. ഇഷ്ട വസ്ത്രം ധരിക്കുന്നുവെങ്കില്‍ പോലും സ്വതന്ത്രമായ ശരീര ചലനങ്ങള്‍ അവള്‍ക്ക് വിലക്കപ്പെടുന്നു.

ഒന്ന് കുനിയേണ്ടി വരുമ്പോള്‍, സ്ലീവ് ലെസ് വസ്ത്രം ധരിക്കുമ്പോള്‍ കൈകള്‍ പൊക്കേണ്ടി വന്നാല്‍, ഉള്ളില്‍ ധരിച്ച വസ്ത്രത്തിന്റെ ഭാഗം ഒരല്‍പ്പം പുറത്തേക്ക് കണ്ടാല്‍ അങ്ങനെ നിരവധി സന്ദര്‍ഭങ്ങളില്‍ സ്വശരീരത്തെ അവള്‍ക്ക് നിയന്ത്രിക്കേണ്ടി വരുന്നു. സ്വാഭാവികമായ ശരീര ചലനങ്ങള്‍ക്കിടയില്‍ വസ്ത്രം നേരെയാക്കാനായി ഒരു കൈ മാറ്റി വെക്കേണ്ട അവസ്ഥയാണ് പല സ്ത്രീകള്‍ക്കും.

അത്തരം സ്ത്രീകള്‍ക്ക് ആത്മധൈര്യം പകരുന്ന ഒരു വീഡിയോയാണ് ഫാഷന്‍ പ്രസിദ്ധീകരണമായ എല്ലെയുടെ ഇന്ത്യന്‍ വിഭാഗവും വിവോള്‍വ് ഗ്ലോബലും ചേര്‍ന്ന് തയ്യാറാക്കിയിരിക്കുന്നത്. ‘പൊതുസമൂഹത്തില്‍ നിന്ന് നമ്മള്‍ നമ്മളെ എങ്ങനെയാണ് ഒളിപ്പിക്കുന്നത് എന്ന് കാണിക്കുന്ന ഈ വീഡിയോയുമായി ഇന്ത്യയിലെ എല്ലാ സ്ത്രീകളേയും ബന്ധപ്പെടുത്താനാകും’ എന്ന അടിക്കുറിപ്പോടെയാണ് എല്ലെ ഇന്ത്യ വീഡിയോ ഫെയ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലിംഗസമത്വത്തിനായാണ് തങ്ങള്‍ നില കൊള്ളുന്നത് എന്നും അവര്‍ വ്യക്തമാക്കുന്നു.

ഇഷ്ടമുള്ള വസ്ത്രം ധരിച്ചതിന് സ്വന്തം ശരീരത്തെ നിയന്ത്രിക്കേണ്ടത് സ്ത്രീകളല്ല, മറിച്ച് കണ്ണുകളേയും മനസിനേയും നിയന്ത്രിക്കേണ്ടത് പുരുഷന്‍മാരാണെന്ന് പറയാതെ പറയുന്ന ഈ വീഡിയോ സ്ത്രീകളെ വെറും ശരീരമായി മാത്രം കാണരുതെന്ന സന്ദേശവും നല്‍കുന്നു. 25 ലക്ഷത്തോളം ആളുകളാണ് വീഡിയോ ഇതിനോടകം കണ്ട് കഴിഞ്ഞത്. 31,000-ത്തിനു മേല്‍ ഷെയറുകളും 29,000-ത്തിലധികം ലൈക്കുകളും ലഭിച്ച വീഡിയോയ്ക്ക് ആയിക്കണക്കിന് പേര്‍ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സമൂഹത്തിലെ എല്ലാ തുറകളിലും എല്ലാ തരത്തിലും ഉള്ള സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നത്തെ ഈ വീഡിയോ ഉള്‍ക്കൊണ്ടിട്ടില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

വീഡിയോ കാണൂ

The post അഭിമാനത്തോടെയും സ്വാതന്ത്യത്തോടെയും ജീവിക്കുക; സ്ത്രീ ശരീരത്തിന്റെ സ്വാതന്ത്ര്യങ്ങളെക്കുറിച്ച് പറയുന്ന വീഡിയോ കാണൂ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20654

Latest Images

Trending Articles



Latest Images