Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ലോ അക്കാഡമി സമരത്തില്‍ എസ് എഫ് ഐ നിലപാടിനെതിരെ മുന്‍ ജില്ലാ വൈസ് പ്രസിഡന്റ്; ലക്ഷ്മിനായര്‍ തിരിച്ചു വരും, സമരം ചെയ്ത വിദ്യാര്‍ത്ഥികളുടെ കാര്യം കഷ്ടത്തിലാകും, കുതന്ത്രങ്ങള്‍ മെനയാന്‍ അവരെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല

$
0
0

തിരുവനന്തപുരം: ലോ അക്കാഡമി സമരത്തില്‍ എസ്എഫ്‌ഐ സ്വീകരിച്ച ഇരട്ടത്താപ്പിനെതിരെ വിവിധ കോണുകളില്‍ നിന്ന് കടുത്ത വിമര്‍ശനം ഉയരുകയാണ്. സമരത്തെ പരാജയപ്പെടുത്താനായി വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച സമരാവശ്യങ്ങളില്‍ നിന്നും പിന്നാക്കം പോയി മാനേജ്മന്റുമായി ഒത്ത്തീര്‍പ്പ് കരാറുണ്ടാക്കുകയായിരുന്നു എസ്എഫ്‌ഐ ചെയ്തതെന്നാണ് വിമര്‍ശിക്കുന്നവര്‍ പറയുന്നത്. സംഘടന സ്വീകരിച്ച നിലപാടി എസ്എഫ്‌ഐക്ക് അകത്തും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

ഈ അവസരത്തിലാണ് ലോ അക്കാദമി സമരത്തില്‍ എസ്എഫ്ഐ നിലപാട് കുറച്ച് കൂടി ശക്തമാക്കേണ്ടതായിരുന്നുവെന്ന് എസ്എഫ്ഐ മുന്‍ ജില്ലാ വൈസ്പ്രസിഡന്റും ലോ അക്കാദമി മുന്‍ വിദ്യാര്‍ത്ഥിയുമായ കരകുളം ആദര്‍ശ് പറയുന്നത്. അഞ്ച് വര്‍ഷത്തേക്ക് ലക്ഷമി നായര്‍ കോളേജില്‍ പ്രവേശിക്കില്ലെന്നതുള്‍പ്പടെയുള്ള കരാറില്‍ പറയുന്ന കാര്യങ്ങള്‍ നിയമപരമായി നിലനില്‍ക്കുമെന്ന് കരുതുന്നില്ലെന്നും ആദര്‍ശ്. മാനേജ്മെന്റും എസ്എഫ്ഐയുമായുണ്ടാക്കിയ കരാറില്‍ പറയുന്ന കാര്യങ്ങള്‍ക്ക് കുറച്ച് കൂടി വ്യക്തത വരേണ്ടതുണ്ട്. ലക്ഷമി നായര്‍ രാജി വെക്കാതെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകില്ലെന്നും കരകുളം ആദര്‍ശ് പറയുന്നു. ആദ്യ ഘട്ടത്തില്‍ ലക്ഷമി നായര്‍ രാജിവെക്കണമെന്നാണ് എസ്എഫ്ഐ ആവശ്യപ്പെട്ടത്. മാധവന്‍ പോറ്റി സാറിന് ഇനി പ്രിന്‍സിപ്പാളാകാന്‍ കഴിയില്ല. അത്കൊണ്ട് തന്നെ എസ്എഫ്ഐയുമായി ഉണ്ടാക്കിയ ധാരണ നിലനില്‍ക്കില്ല, അത് കോടതിയില്‍ തള്ളിപോകുമെന്നും ആദര്‍ശ് പറയുന്നു.

ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ അവശ്യപ്പെടുന്ന കാര്യങ്ങളുന്നയിച്ച് ആദര്‍ശ് 2013ല്‍ സമരത്തിന് നേതൃത്വം നല്‍കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നതുള്‍പ്പടെയുള്ള കേസില്‍ ഉള്‍പ്പെടുത്തി ആദര്‍ശിനെ കോളേജില്‍ നിന്ന് അന്ന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. പിന്നീട് ടിസി വാങ്ങിയ ആദര്‍ശ് തിരുവനന്തപുരം ലോ കോളേജില്‍ നിന്നാണ് നിയമ പഠനം പൂര്‍ത്തിയാക്കിയത്.

സ്വയം രാജിവച്ച് പോകാതെ ലക്ഷമി നായര്‍ക്ക് കോളേജിലെ ചുമതലകളില്‍ നിന്ന് വിട്ട് നില്‍ക്കാനാകുമെന്ന് കരുതുന്നില്ലെന്നും അവര്‍ നിയമ പോരാട്ടം നടത്തി തിരിച്ച് വന്നാല്‍ ഇപ്പോള്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളുടെ കാര്യം കഷ്ടത്തിലാകുമെനന്നും ആദര്‍ശ് പറയുന്നു. പകയുടെ കാര്യത്തില്‍ ലക്ഷമി നായര്‍ ഏതറ്റം വരെ പോകും എന്നത് തനിക്ക് നല്ല ബോധ്യമുണ്ടെന്നും ആദര്‍ശ് പറയുന്നു. ലക്ഷമി നായര്‍ മാറിയാല്‍ മാധവന്‍ പോറ്റി സാര്‍ പ്രിന്‍സിപ്പാളാകും എന്ന് പറയുന്നത് ശരിയല്ല. 65 വയസ്സ് കഴിഞ്ഞ അദ്ദേഹം പ്രിന്‍സിപ്പാളാകുന്നത് യൂണിവേഴ്സിറ്റി അംഗീകരിക്കില്ല. കുതന്ത്രങ്ങള്‍ മെനയാന്‍ ലക്ഷമി നായരെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. അവരുടെ പകയുടെ അളവ് ഏത് അറ്റം വരെ പോകും എന്നതിനെകുറിച്ച് തനിക്ക് നല്ല ബോധ്യമുണ്ടെന്നും ആദര്‍ശ് പറയുന്നു.

ലക്ഷമി നായരെ കോളേജില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് ആദ്യമായിട്ടല്ല. 2005ല്‍ 2 വര്‍ഷത്തേക്ക് മാറ്റിനിര്‍ത്തിയെങ്കിലും ഒന്നര വര്‍ഷത്തിനുള്ളില്‍ അവര്‍ മടങ്ങിയെത്തി. എന്തൊക്കെ ചുമതലയില്‍ നിന്നു മാറ്റി നിര്‍ത്തിയാലും അവര്‍ കോളേജിനുള്ളില്‍ വരും ക്യാമ്പസിനക്തതുള്ള ക്വാര്‍ട്ടേഴ്സിലാണ് ലക്ഷമി നായരുടെ അമ്മ കഴിയുന്നത്. ആരോഗ്യ സ്ഥിതി മോശമായ അവരെ സന്ദര്‍ശിക്കാന്‍ ലക്ഷ്മി നായര്‍ വരുമല്ലോ അപ്പോള്‍ എങ്ങിനെയാണ് ക്യാമ്പസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് അവരെ തടയുന്നത്. സെമസ്റ്റര്‍ എക്സാം നടക്കുന്ന സമയത്ത് ഇവര്‍ കോടതിയില്‍ നിന്നും സ്റ്റേ വാങ്ങി വന്നാല്‍ അപ്പോള്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിനിറങ്ങുമോ അതോ പരീക്ഷയ്ക്ക് പോകുമോ എന്നും ആദര്‍ശ് ചോദിക്കുന്നു.

ആദ്യ ഘട്ടത്തില്‍ അവര്‍ സമരത്തിലില്ലായിരുന്നു. സംയുക്ത വിദ്യാര്‍ത്ഥി സമരത്തില്‍ എസ്എഫ്ഐ പങ്കെടുത്തില്ല. അവര്‍ സ്വതന്ത്രമായി സമരത്തിന് വരുകയായിരുന്നു. പിന്നെ ലക്ഷമി നായര്‍ രാജി വയ്ക്കാതെ ഈ സമരം അവസാനിക്കില്ല. ഇന്നിപ്പോള്‍ രാഷ്ട്രീയത്തിനതീതമായി വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്ന വിഷയമാണ് അന്ന് എസ്എഫ്ഐ നേതൃത്വം 2012ല്‍ ആവശ്യപ്പെട്ടത്. വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ പറയുന്നത്പോലെയുള്ള കാര്യങ്ങള്‍ അന്നും കോളേജില്‍ നിലനിന്നിരുന്നു. പ്രതികരിച്ചാല്‍ പ്രതികാര നടപടിയാണ് ഫലം എന്നറിഞ്ഞിട്ട് തന്നെയാണ് അന്ന് സമരത്തിനിറങ്ങിയത്. അന്ന് പ്രശ്നത്തില്‍ ഇടപെട്ടതിന് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതുള്‍പ്പടെ ഇല്ലാത്ത പരാതികള്‍ കെട്ടിചമച്ചാണ് തന്നെ പുറത്താക്കാന്‍ ശ്രമം നടന്നതെന്നും ആദര്‍ശ് പറഞ്ഞു. അന്ന് കോളേജിലെ വിദ്യാര്‍ത്ഥി പീഡനത്തിനെതിരെ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് പ്രധാനമായും ചര്‍ച്ചചെയ്തിരുന്നത് കോളേജ് ഹോസ്റ്റലില്‍ വച്ചായിരുന്നു. എന്നാല്‍ ലക്ഷമി നായരുമായി അടുപ്പമുള്ള ചില വിദ്യാര്‍ത്ഥികള്‍ അന്ന് ഇതില്‍ പല കാര്യങ്ങളും അവരെ അറിയിച്ചു. കള്ളക്കേസുണ്ടാക്കിയത് പോലും സമരത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന നീക്കങ്ങളെക്കുറിച്ച് മനസ്സിലാക്കിയിട്ടായിരുന്നു.

കെഎസ്യു ഭാരവാഹിയായിരുന്ന പെണ്‍കുട്ടിയുടെ കൈയില്‍ കയറിപ്പിടിച്ചുവെന്നായിരുന്നു പരാതി. പിന്നീട് ഈ കേസ് കോടതിയിലെത്തി. കേസ്സ് സ്‌റ്റേഷനിലായിരുന്നപ്പോള്‍ ലക്ഷമി നായര്‍ പറഞ്ഞത് ആ കുട്ടിയോടല്ല മറിച്ച് അക്കാദമി അസംബ്ലിയില്‍ വച്ച് തന്നോടാണ് ആദര്‍ശ് മാപ്പ് പറയേണ്ടത് എന്നായിരുന്നു. ഇല്ലെങ്കില്‍ കോളേജില്‍ നിന്നും സസ്പെന്റ് ചെയ്യേണ്ടിവരും എന്നും പറഞ്ഞിരുന്നു. ചെയ്യാത്ത കുറ്റത്തിന് മാപ്പ് പറയില്ലെന്നും സസ്പെന്‍ഷനെകുറിച്ച് ചിന്തിക്കേണ്ടെന്നും തനിക്ക് ടി.സി തന്നാല്‍ മതിയെന്ന നിലപാടാണ് ആദര്‍ശ് സ്വീകരിച്ചത്. പിന്നീട് ലോ അക്കാദമിയില്‍ നിന്നും ലോ കോളേജിലെത്തിയാണ് ആദര്‍ശ് നിയമ പഠനം പൂര്‍ത്തിയാക്കിയത്. അന്ന് അപമര്യാദയായി പെരുമാറിയെന്ന് പരാതി നല്‍കിയ പെണ്‍കുട്ടിയും അച്ഛനും പിന്നീട് കോടതിയില്‍ നിന്നും കേസ് പിന്‍വലിച്ചിരുന്നു. അന്ന് പരാതി നല്‍കിയില്ലായിരുന്നുവെങ്കില്‍ തന്റെ മകള്‍ ഒരിക്കലും ഒരു അഭിഭാഷകയാകില്ലായിരുന്നുവെന്നും പഠനം പകുതി വഴിയില്‍ ഉപേക്ഷിച്ച് മടങ്ങേണ്ടി വരുമായിരുന്നുവെന്നും കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞതായും ആദര്‍ശ് പറയുന്നു.

The post ലോ അക്കാഡമി സമരത്തില്‍ എസ് എഫ് ഐ നിലപാടിനെതിരെ മുന്‍ ജില്ലാ വൈസ് പ്രസിഡന്റ്; ലക്ഷ്മിനായര്‍ തിരിച്ചു വരും, സമരം ചെയ്ത വിദ്യാര്‍ത്ഥികളുടെ കാര്യം കഷ്ടത്തിലാകും, കുതന്ത്രങ്ങള്‍ മെനയാന്‍ അവരെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles