Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20641

കള്ളപ്പണക്കാരെ പിടിക്കാന്‍ ആദായ നികുതി വകുപ്പ് പരിശോധന തുടങ്ങി; നാല് ലക്ഷം കോടിയുടെ നിക്ഷേപങ്ങള്‍ നിരീക്ഷണത്തില്‍

$
0
0

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തെ ബാങ്കുകളില്‍ നടന്ന പണമിടപാടുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന തുടങ്ങി. സംശയാസ്പദമായ നാല് ലക്ഷം കോടി രൂപയുടെ നിക്ഷേപം പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. 1.14 ലക്ഷം അക്കൗണ്ടുകളിലായി വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും 80 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപമാണിത്. പണത്തിന്റെ സ്രോതസ്സ് വ്യക്തമാക്കാനാവശ്യപ്പെട്ട് ആദായനികുതി വകുപ്പ് നോട്ടീസയച്ചു തുടങ്ങി. അയ്യായിരം പേര്‍ക്ക് ഇതുവരെ നോട്ടീസ് ലഭിച്ചു. ഡിസംബര്‍ 17 വരെയുള്ള അക്കൗണ്ടുകളാണ് പരിശോധിച്ചത്.

15.44 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് നവംബര്‍ എട്ടിന് അസാധുവാക്കിയത്. ഇതില്‍ 14 ലക്ഷം കോടി രൂപ ബാങ്കുകളില്‍ തിരിച്ചെത്തിയത് ചൂണ്ടിക്കാട്ടി നോട്ട് റദ്ദാക്കല്‍ പൊളിഞ്ഞതായി പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രതിപക്ഷ വാദത്തിന്റെ മുനയൊടിക്കുന്നതാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍.

ബാങ്കുകളില്‍ നിക്ഷേപിക്കുന്നതോടെ പണം നിയമവിധേയമാകുന്നില്ല. രണ്ട് ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ കര്‍ശനമായി പരിശോധിക്കും. വന്‍ നിക്ഷേപങ്ങളില്‍ പണത്തിന്റെ ഉറവിടം വ്യക്തമാക്കേണ്ടതുണ്ട്. ഇതില്‍ നികുതി ഒടുക്കേണ്ടിയും വരും. ചുരുക്കത്തില്‍, കള്ളപ്പണത്തിന്റെ യഥാര്‍ത്ഥ കണക്കുകള്‍ തുടര്‍ നടപടികളിലൂടെയാണ് വ്യക്തമാവുക. വരുംദിവസങ്ങള്‍ നോട്ട് റദ്ദാക്കലിന്റെ നേട്ടങ്ങളുടെ പട്ടികയാവും നിരത്തുകയെന്ന് വ്യക്തം.

ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടതില്‍ സ്ഥാപനങ്ങളുടേത് ഉള്‍പ്പെടെ ഏഴ് ലക്ഷം കോടി വന്‍ തുകയുടെ നിക്ഷേപങ്ങളാണ്. വ്യവസ്ഥാപിതമായ മാര്‍ഗ്ഗത്തിലൂടെ സമ്പാദിച്ച പണവും ഇതിലുണ്ട്. അന്വേഷണത്തിലൂടെ മാത്രമേ കള്ളപ്പണം എത്രയുണ്ടെന്ന് വ്യക്തമാകു. നികുതി വെട്ടിച്ച് ഇത്രയും വലിയ അളവില്‍ പണം നോട്ടുകളായി സൂക്ഷിച്ചത് കള്ളപ്പണ സാധ്യതയാണ് സൂചിപ്പിക്കുന്നത്. നിക്ഷേപങ്ങളുടെ സ്രോതസ്സ് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വമേധയാ കള്ളപ്പണം വെളിപ്പെടുത്താനുള്ള പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജനയിലെ കണക്കുകളും പുറത്ത് വന്നിട്ടില്ല. സാധാരണക്കാരെ മറയാക്കി ജന്‍ധന്‍ അക്കൗണ്ടുകളില്‍ കള്ളപ്പണം നിക്ഷേപിച്ചതും വര്‍ഷങ്ങളോളം നിര്‍ജ്ജീവമായിരുന്ന അക്കൗണ്ടുകളില്‍ ലക്ഷങ്ങള്‍ ഒഴുകിയെത്തിയതും അന്വേഷണത്തിലാണ്. ബംഗാളും കര്‍ണാടകയുമാണ് ജന്‍ധന്‍ നിക്ഷേപത്തില്‍ മുന്നില്‍. നോട്ട് റദ്ദാക്കലിന് ശേഷം നവംബറില്‍ മാത്രം അമ്പതിനായിരം കോടിരൂപയുടെ വായ്പ തിരിച്ചടച്ചതായും കണ്ടെത്തി. കെവൈസി ഇല്ലാത്ത നിരവധി അക്കൗണ്ടുകളില്‍ ഒരു കോടിക്ക് മുകളില്‍ നിക്ഷേപമെത്തി. ഇത് വ്യാജ അക്കൗണ്ടുകളെന്നാണ് നിഗമനം.

നിക്ഷേപത്തിന്റെ വിശദാംശങ്ങള്‍ അടിയന്തരമായി നല്‍കാന്‍ ആര്‍ബിഐ വിവിധ ബാങ്കുകളോട് നിര്‍ദ്ദേശിച്ചു. നവംബര്‍ എട്ടിന് ശേഷമുണ്ടായ മൊത്തം നിക്ഷേപത്തിന്റെ കണക്കും ആര്‍ബിഐ ആരാഞ്ഞിട്ടുണ്ട്.


Viewing all articles
Browse latest Browse all 20641

Trending Articles