Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20542

നിര്‍ധന യുവാവ് റോജിക്ക് കരള്‍ പകുത്തു നല്‍കിയ കുഞ്ചാക്കോ യാത്രയായി;മരണം ചികിത്സാ പിഴവില്‍; ശസ്ത്രക്രിയ നടത്തിയ അമൃത ആശുപത്രിക്കെതിരെ നാട്ടുകാര്‍

$
0
0

മുണ്ടക്കയം:മറ്റൊരു ജീവന്‍ രക്ഷിക്കാന്‍ കരള്‍ പകുത്തുനല്‍കിയ കുഞ്ചാക്കോ ഇനി ഓര്‍മ. എങ്കിലും പ്രാണനേക്കാള്‍ വിലയേറിയ ആ ത്യാഗം എന്നും ഓര്‍മ്മിക്കപ്പെടും. മുണ്ടക്കയം കോരുത്തോട് പള്ളിപ്പടി കുറ്റിക്കാട്ടില്‍ കുഞ്ചാക്കോയാണ് (54)കരളലിയും സ്‌നേഹം ബാക്കിവച്ച് ജീവിതത്തില്‍നിന്ന് വിടപറഞ്ഞത്.പാറത്തോട് പുത്തന്‍പുരയ്ക്കല്‍ റോജി ജോസഫിനാണ് കുഞ്ചാക്കോ കരളിന്റെ അറുപത് ശതമാനം പകുത്തുനല്‍കിയത്.

നിര്‍ധന യുവാവിന് സ്വന്തം കരള്‍ പകുത്തു നല്‍കിയ നല്‍കിയ ജനകീയനായ രാഷ്ട്രീയക്കാരന്‍ ആശുപത്രി അധികൃതരുടെ പിഴവിലാണ് മരിച്ചത്. കാഞ്ഞിരപ്പള്ളി ബ്ലോക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കോരുത്തോട് കുറ്റിക്കാട്ടില്‍ കുഞ്ചാക്കോ എന്നറിയപ്പെടുന്ന ചാക്കോ തോമസ് (54) ആണ് കരള്‍ദാനം ചെയ്യാനായി ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സയില്‍ കഴിയവേ മരണപ്പെട്ടത്. കൊച്ചിയിലെ അമൃതാ ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന ടെക്‌സ്റ്റെയില്‍ സെയില്‍സ്മാനായ റോജി ജോസഫ് (44) എന്നയാള്‍ക്കാണ് കുഞ്ചാക്കോ കരളിന്റെ പാതി നല്‍കി ജീവന്‍ രക്ഷിച്ചത്. എന്നാല്‍ കഴിഞ്ഞ ചൊവ്വാഴ്‌ച്ച നടന്ന ശസ്ത്രക്രിക്ക് ശേഷം ആരോഗ്യ സ്ഥിതി വഷളാകുകയും വയറ്റില്‍ വെള്ളം നില്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഇന്ന് രാവിലെ കുഞ്ചാക്കോ മരണപ്പെടുകയായിരുന്നു. അമൃതാ ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. മൃതദേഹം പോസ്റ്റ്്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

റോജി ജോസഫിന് ഗുരുതര കരള്‍രോഗം ബാധിച്ചതോടെ നാട്ടുകാര്‍ ലക്ഷങ്ങള്‍ സമാഹരിച്ചെങ്കിലും കരള്‍ നല്‍കാനായി സ്വമനസ്സുകള്‍ക്കായി അലയുന്നതിനിടെയാണ് കുഞ്ചാക്കോ സ്വയം സന്നദ്ധനായി കരള്‍ പകുത്തു നല്‍കാന്‍ തയ്യാറായി രംഗത്തുവന്നത്. ബന്ധുക്കള്‍ പോലും തയ്യാറാകാത്ത ഘട്ടത്തിലായിരുന്നു നാട്ടുകാരുടെ ജനകീയനായ നേതാവ് ത്യാഗസന്നദ്ധത അറിയിച്ചു രംഗത്തുവന്നത്. ഇപ്പോള്‍ ആശുപത്രിയുടെ പിഴവില്‍ മരണം സംഭവിച്ചതോടെ ഒരു നാടിന് തീരാഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
കഴിഞ്ഞ നാലുമാസക്കാലമായി നിയമപരമായ നടപടികളുമായി കുഞ്ചാക്കോയും കുടുംബവും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കയറിയിറങ്ങുകയായിരുന്നു. രോഗിയുടെ ബന്ധുവല്ലാത്തതിനാല്‍ വില്ലേജ് ഓഫിസര്‍, തഹസില്‍ദാര്‍, ഡി.എം.ഒ, ഡിവൈ.എസ്‌പി തുടങ്ങിയവരുടെ മുന്നിലും മെഡിക്കല്‍ കോളജിലും ശസ്ത്രക്രിയ നടത്തുന്ന ആശുപത്രിയിലെയും അധികാരികള്‍ക്കുമുന്നില്‍ കുഞ്ചാക്കോയും ഭാര്യ ലിസമ്മ, മക്കളായ സുമി, പൊന്നി, എബിന്‍ എല്ലാവരും ചേര്‍ന്ന് സമ്മതപത്രം നല്‍കി. രണ്ടാമത്തെ മകള്‍ പൊന്നിയൊഴികെ മറ്റെല്ലാവരും കുഞ്ചാക്കോയുടെ ത്യാഗ സന്നദ്ധതയെ പിന്തുണച്ചിരുന്നു. ഡോക്ടര്‍മാര്‍ നല്‍കിയ ഉറപ്പിലായിരുന്നു കുഞ്ചോക്ക് കരള്‍ പകുത്തു നല്‍കാന്‍ രംഗത്തെത്തിയത്.

ശസ്ത്രക്രിയക്കായി ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം കുഞ്ചാക്കോ മൂന്നുമാസം കൊണ്ട് കൊഴുപ്പുകുറക്കാന്‍ 40 കിലോ തൂക്കവും കുറച്ചിരുന്നു. നവംബര്‍ 16ാം തീയ്യതി അമൃതാ ആശുപത്രിയില്‍ അഡ്‌മിറ്റാകുകയും ചെയ്തിരന്നു. അടുത്ത ദിവസം തന്നെ കുഞ്ചാക്കോയുടെ ശസ്ത്രക്രിയയും റോജിയുടെ ശരീരത്തിലേക്കു കുഞ്ചാക്കോയുടെ കരള്‍ പിടിപ്പിക്കല്‍ ശസ്ത്രക്രിയയും ഡോ. സുധീന്ദ്രന്റെ നേതൃത്വത്തില്‍ നടന്നു.

ഇങ്ങനെ ശസ്ത്രക്രിയയ്ക്ക് ശേഷം അമൃത ആശുപത്രിയില്‍ തന്നെ വിശ്രമത്തില്‍ കഴിയവേയാണ് കുഞ്ചാക്കോ മരണപ്പെട്ടത്. അണുബാധയെ തുടര്‍ന്നും ആശുപത്രി അധികൃതരുടെ ശ്രദ്ധക്കുറവുമാണ് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. നല്ലവനായ ഒരു രാഷ്ട്രീയക്കാരന്റെ മരണത്തില്‍ ഒരു നാട് മുഴുവന്‍ ദുഃഖത്തിലാണ്. കുഞ്ചാക്കോയില്‍ നിന്നും കരള്‍ സ്വീകരിച്ച റോജി ജോസഫ് ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്.

ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് കുഞ്ചാക്കോ. കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് മുണ്ടക്കയം മണ്ഡലം പ്രസിഡന്റ്, ഗ്രാമവികാസ് സാംസ്‌കാരികസമിതി ചെയര്‍മാന്‍, നെഹ്രുസ്മാരക ഗ്രന്ഥശാലാപ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഭാര്യ: കൂവപ്പള്ളി പെരുന്നപ്പള്ളി കുടുംബാംഗം ലിസമ്മ. മക്കള്‍: സുമി, പൊന്നി, എബിന്‍. ശവസംസ്‌കാരം പിന്നീട്.

Viewing all articles
Browse latest Browse all 20542

Trending Articles