തിരുവനന്തപുരം : ദുരിതാവസ്ഥയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ ഉപേക്ഷിച്ചെന്ന ആക്ഷേപം തെറ്റാണെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുമകുമാരി .കഴിഞ്ഞ ദിവസം മഹിളാ അസോസിയേഷന്‍ ഭാരവാഹികള്‍ സുമകുമാരിയെ കോണ്‍ഗ്രസ് പാര്‍ട്ടി ഉപേക്ഷിച്ചെന്ന് ആരോപിച്ച് നെയ്യാറ്റിന്‍കരയില്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മഹിളാ അസോസിയേഷന്റെ ആരോപണം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സുമകുമാരി തന്നെ രംഗത്തെത്തിയത്. മാസങ്ങള്‍ക്ക് മുമ്പ് സുമകുമാരിക്ക് ശസ്ത്രക്രിയ വേണ്ടി വന്നിരുന്നു. അന്ന് സുമകുമാരിക്ക് ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സൗകര്യവും ചെയ്തു നല്‍കിയത് പാര്‍ട്ടിയാണെന്നും സുമകുമാരി പ്രസ്താവനയിലൂടെ പറഞ്ഞു.
തന്നെ മഹിളാ കോണ്‍ഗ്രസ് സെക്രട്ടറിയാക്കിയതും ശസ്ത്രക്രിയാ ചെലവ് വഹിച്ചതും പാര്‍ട്ടി തന്നെയാണ്. കൂടാതെ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ എന്നിവരടക്കമുള്ള നേതാക്കള്‍ ആശുപത്രിയിലെത്തി സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്നും സുമകുമാരി പ്രസ്താവനയില്‍ പറയുന്നു. ഈ വിഷയത്തില്‍ തനിക്കില്ലാത്ത പരാതി എന്തിനാണ് മഹിളാ അസോസിയേഷനുള്ളതെന്നും സുമകുമാരി ചോദിക്കുന്നു. തന്നെ അപമാനിക്കാന്‍ ശ്രമിച്ചത് പോലെയാണ് ബ്ലോക്ക് ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സതികുമാരിയെ പതിയിരുന്ന് ആക്രമിച്ച ശേഷം ചെയ്തില്ലായെന്ന് പറയുന്നതെന്നും സുമകുമാരി ആരോപിക്കുന്നു.