Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

മാസശമ്പളം ഇരുപത്തയ്യായരം രൂപ വാങ്ങുന്ന താല്‍ക്കാലിക ജീവനക്കാരന് കൊച്ചിയില്‍ ആഡംബര ഫ്‌ളാറ്റ്; ഭാര്യയ്ക്ക് ബിഎംഡബ്ല്യൂ കാറ് കോടികളുടെ സ്വത്തുക്കളും

$
0
0

മലപ്പുറം: ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന ജലനിധി പദ്ധതിയുടെ പേരില്‍ കോടികള്‍ തട്ടിയെന്ന് ആരോപണങ്ങള്‍ സത്യമാണെന്ന് തെളിയുന്നു. മലപ്പുറം ജലനിധി ഓഫിസില്‍ താല്‍ക്കാലിക ജീവനക്കാരനായ ഒരു ഉദ്യോഗസ്ഥന്‍ മാത്രം അടിച്ചുമാറ്റിയത് കോടികളാണ്. ജലനിധിയുടെ പേരിലുള്ള കൊള്ള സംസ്ഥാന വ്യാപകമായി നടന്നിട്ടും പിടിക്കപ്പെട്ടത് ഒരാള്‍ മാത്രമാണ്.

മലപ്പുറം ജലനിധി ഓഫീസിലെ താത്ക്കാലിക ജീവനക്കാരനായ കാസര്‍കോട് നീലേശ്വരം സ്വദേശി പ്രവീണിന് തന്റെ ബി.എം.ഡബ്ലിയു കാറിന്റെ ചെലവിന് തന്നെ വേണം മാസം ഒരുലക്ഷത്തോളം രൂപ. ജലനിധി ഓഫീസില്‍ നിന്ന് മാസവേതനമായി ലഭിക്കുന്നതോ 25,000 രൂപയും. രണ്ട് ആഡംബര വീടുകളും കൊച്ചിയിലൊരു ഫ്ലാറ്റുമടക്കം കോടികളുടെ സ്വത്തുക്കളുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

2011ലാണ് പ്രവീണ്‍ കരാര്‍ വ്യവസ്ഥയില്‍ ജലനിധി ഓഫീസില്‍ അക്കൗണ്ടന്റായി എത്തുന്നത്. അന്നു മുതലുള്ള മുഴുവന്‍ ശമ്പളവും മിച്ചം പിടിച്ചാല്‍ പോലും ഇപ്പോള്‍ കൈവശമുണ്ടാവുക 16 ലക്ഷം രൂപ മാത്രം. കുടുംബപരമായി ആസ്തികളൊന്നുമില്ലാത്ത പ്രവീണ്‍ ഇന്ന് കോടിശ്വരനാണ്. ബാങ്ക് രേഖകളിലും ജലനിധി വൗച്ചറുകളിലും പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ നവംബര്‍ മുന്നിന് ജലനിധി മലപ്പുറം മേഖലാകേന്ദ്രം ഡയറക്ടര്‍ നല്‍കിയ പരാതിയില്‍ മലപ്പുറം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രവീണിന്റെ തട്ടിപ്പുകള്‍ പുറം ലോകം അറിയുന്നത്.

2011ന് മുമ്പും പ്രവീണ്‍ ജലനിധിയില്‍ ജോലി ചെയ്തിരുന്നതായും വിവരമുണ്ട്. ഒരുപക്ഷെ, ഈ കാലയളവിലും സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ടാവാനും സാദ്ധ്യതയുണ്ട്. യഥാര്‍ത്ഥ സ്റ്റേറ്റ്മെന്റില്‍ മേഖലാ ഡയറക്ടറുടെ ഒപ്പുവാങ്ങിയശേഷം, ആദ്യപേജ് മാറ്റിയാണ് തട്ടിപ്പിന്റെ ഒരുരീതി. അതോടെ ഏത് അക്കൗണ്ടിലേക്കാണ് പണം അടക്കേണ്ടതെന്ന് രേഖപ്പെടുത്തിയ പുതിയ പേജ് ചേര്‍ത്തുവയ്ക്കും. വ്യാജ സീലുകള്‍ നിര്‍മ്മിച്ച് ബാങ്ക് സ്റ്റേറ്റ്മെന്റ് ഉണ്ടാക്കി അത് ഓഫീസില്‍ കൊടുക്കും. മലപ്പുറം ജലനിധിയില്‍ നിന്ന് തട്ടിച്ച പണം പെരിന്തല്‍മണ്ണയിലെ പ്രവീണിന്റെ തുണിക്കടയുടെയും മറ്റൊരു സ്ഥാപനത്തിന്റെയും അക്കൗണ്ടിലേക്കാണ് പോയിരുന്നത്.

മലപ്പുറം ഓഫീസിന് കീഴിലെ മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ 41 പഞ്ചായത്തുകളിലെ 500ഓളം കുടിവെള്ള പദ്ധതികളിലേക്ക് എത്തേണ്ട പണമാണിത്. 2012 മുതല്‍ 25 തവണയായാണ് തുക തട്ടിയത്. ജലനിധിയില്‍ നിന്ന് തട്ടിയെടുത്ത പണമുപയോഗിച്ച് എറണാകുളത്ത് രണ്ട് ഫ്ലാറ്റ്, പെരിന്തല്‍മണ്ണയില്‍ ഇയാളുടെ പേരിലും ഭാര്യാപിതാവിന്റെ പേരിലും രണ്ട് വീടും സ്ഥലവും പെരിന്തല്‍മണ്ണ പാതായ്ക്കരയില്‍ 40 സെന്റ് സ്ഥലവും വാങ്ങിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. കോഴിക്കോട് നിന്ന് 68 ലക്ഷം രൂപയ്ക്ക് ബി.എം.ഡബ്ല്യു കാറും ജീപ്പും ആള്‍ട്ടോ കാറും വാങ്ങിയിട്ടുണ്ട്. ഭാര്യ ദീപയുടെ സന്തോഷത്തിന് വേണ്ടിയാണത്രേ ബി. എം. ഡബ്ളിയു കാര്‍

തട്ടിപ്പില്‍ പങ്കാളിയായെന്ന കണ്ടെത്തലില്‍ ജലനിധി എക്സിക്യുട്ടീവ് ഡയറക്ടറുടെ സെക്രട്ടറി വി.എന്‍. ലക്ഷ്മിയെ കഴിഞ്ഞ ദിവസം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. ജലനിധിയിലെ തട്ടിപ്പ് പുറത്തുവന്നതോടെ കണ്ണൂര്‍ റീജിയണല്‍ ഡയറക്ടര്‍ വി. ചന്ദ്രന്റെ നേതൃത്വത്തില്‍ സ്പെഷല്‍ ടീമുണ്ടാക്കി നടത്തിയ അന്വേഷണത്തില്‍ പ്രവീണിന്റെ അക്കൗണ്ടില്‍ നിന്നും 20.50 ലക്ഷം രൂപ ലക്ഷ്മിയുടെയും ഭര്‍ത്താവിന്റെയും അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം കണ്ണമ്മൂല സ്വദേശി ലക്ഷ്മി 2012 ഏപ്രിലിലാണ് എക്സിക്യൂട്ടീവ് ഡയറക്ടറുടെ സെക്രട്ടറിയായി കരാര്‍ അടിസ്ഥാനത്തില്‍ ചുമതലയേറ്റത്. ഓരോ വര്‍ഷവും കരാര്‍ പുതുക്കി ജോലിയില്‍ തുടരുകയായിരുന്നു.
ലക്ഷ്മിയും ചില്ലറക്കാരിയല്ല. തിരുവനന്തപുരം ജലനിധി ഓഫീസിലെ ജീവനക്കാരന്റെ നേമം വില്ലേജില്‍ വരുന്ന 70 സെന്റ് കുടുംബസ്വത്ത് അടുത്തിടെ വന്‍തുക നല്‍കി ലക്ഷ്മിയും പ്രവീണും സ്വന്തമാക്കിയതായും വിവരമുണ്ട്. തിരുവനന്തപുരം നഗരത്തില്‍ ലക്ഷ്മിക്ക് ഒരുടെക്സ്റ്റൈയില്‍ ഷോപ്പുമുണ്ട്.


Viewing all articles
Browse latest Browse all 20522

Trending Articles