Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

ഞാൻ മുസ്ലീമിന്റെ ശത്രുവല്ല: ഹിന്ദുക്കളിൽ തീവ്രവാദികളില്ല: കെ.പി ശശികല ടീച്ചർ

$
0
0

സ്വന്തം ലേഖകൻ

കൊച്ചി: ഹിന്ദു വികാരം ആളിക്കത്തിക്കുന്ന പ്രസംഗങ്ങളിലൂടെ കേരളത്തിലെ ക്ഷേത്രഭൂമികളിൽ തീപാറിക്കുന്ന നിലപാടുകളാണ് എന്നും വിഎച്ച്പി സംസ്ഥാന നേതാവ് കെ.പി ശശികല ടീച്ചർ സ്വീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ മതമൈത്രിയോ, കേരളം പുലർത്തിപോന്നിരുന്ന മതേതര മൂല്യങ്ങളോ ഇവർ പാലിക്കാറില്ല. വർഗീയ വികാരം ആളിക്കത്തിക്കുന്ന പ്രസംഗ ശൈലിയിലൂടെ ഇവർ പൊലീസ് കേസിലും പെട്ടിട്ടുണ്ട്. എന്നാൽ, തന്റെ പ്രസംഗ ശൈലിയിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നു തന്നെയാണ് ഇപ്പോൾ ശശികല ടീച്ചർ പറയുന്നത്. മംഗളത്തിനു നൽകിയ അഭിമുഖത്തിൽ ശശികല ടീച്ചർ പറയുന്ന വാക്കുകളിലൂടെ.
എന്റെ വീടിന് നാലുപുറവും താമസിക്കുന്നത് മുസ്ലീങ്ങളാണ്. ഞാൻ പഠിപ്പിക്കുന്ന സ്‌കൂളിലെ വിദ്യാർഥികളിൽ തൊണ്ണൂറുശതമാനവും മുസ്ലീം കുടുംബത്തിൽനിന്ന് വരുന്നവരാണ്. അവരാരും പറയില്ല, ഞാൻ ഇസ്ലാമിന്റെ ശത്രുവാണെന്ന്. ശശികല ടീച്ചർ സംസാരിക്കുന്നു.
ചുരികത്തലപ്പിനേക്കാൾ മൂർച്ചയുണ്ട്, ശശികലടീച്ചറുടെ വാക്കിന്. അത് കൊള്ളേണ്ടിടത്ത് കൊള്ളും. ചിലരുടെ ഉള്ളിൽക്കിടന്ന് അത് പൊള്ളും. സോഷ്യൽ മീഡിയയിലും ഫോണിലും തെറിവിളിയും ഭീഷണിയുമില്ലാത്ത ദിവസങ്ങൾ അപൂർവം. എന്നിട്ടും തോറ്റുമടങ്ങാൻ ടീച്ചർ ഒരുക്കമല്ല.
അസത്യം പറയുമ്പോഴാണ് നമ്മൾ ഭയപ്പെടേണ്ടത്. സത്യം വിളിച്ചുപറയാൻ ആരെയും പേടിക്കേണ്ടതില്ല. പറയുന്നതിൽ തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാം. തെറ്റാണെങ്കിൽ മാപ്പുചോദിക്കാനും തയ്യാറാണ്. സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങളാണ് ആവേശം തരുന്നത്. ആർക്കൊക്കെയോ കൊള്ളുന്നുണ്ട് എന്നതിന്റെ തെളിവല്ലേ അത്? അല്ലാതെ വെറുതെ എന്നെ പുകഴ്ത്തിയിട്ട് കാര്യമില്ലല്ലോ. പട്ടാമ്പിക്കടുത്ത വല്ലപ്പുഴ ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപികയാണ് ശശികല ടീച്ചർ. സ്‌കൂളില്ലാത്ത സമയങ്ങളിലാണ് ടീച്ചർ പ്രഭാഷണത്തിന് പോകുന്നത്. സഹയാത്രികനായി ഭർത്താവ് വിജയകുമാരൻ കൂടെയുണ്ടാവും. പ്രഭാഷണത്തിനായി പത്തനാപുരത്തേക്ക് പോകുന്ന വഴിക്കാണ് ശശികല ടീച്ചർ സംസാരിച്ചുതുടങ്ങിയത്.
ഷൊർണൂർ കവളപ്പാറയിലാണ് ഞാൻ ജനിച്ചത്. വാസുദേവൻ നായരുടെയും ചിന്നമ്മിണിയുടെയും ഏകമകൾ. കുട്ടിക്കാലം മുതലേ സംസാരിക്കാൻ ഇഷ്ടമായിരുന്നു. അമ്മ പഠിപ്പിക്കുന്ന സ്‌കൂളിലാണ് ഞാനും പഠിച്ചത്. ആദ്യം പ്രസംഗിക്കാൻ സ്‌റ്റേജിൽ കയറിയത് രണ്ടാംക്ലാസിൽ പഠിക്കുമ്പോഴാണ്. ഇന്ത്യാപാക് യുദ്ധം കഴിഞ്ഞ് ബംഗ്ലാദേശ് രൂപീകരിക്കുന്ന സമയം. അന്ന് സ്‌കൂളിൽ ആഘോഷമുണ്ടായിരുന്നു. അതിനുവേണ്ടി അമ്മ ചെറിയൊരു പ്രസംഗം എഴുതിത്തന്നു. അതായിരുന്നു തുടക്കം. പിന്നീട് സ്‌കൂളിൽ എന്ത് പ്രോഗ്രാമുണ്ടെങ്കിലും എന്നെയാണ് പ്രസംഗിക്കാൻ വിളിക്കുക. ആ സമയത്തൊക്കെ പ്രസംഗം എഴുതിത്തരുന്നത് അച്ഛനാണ്.
അച്ഛൻ സംഘപ്രവർത്തകനായിരുന്നു. എല്ലാ പ്രസിദ്ധീകരണങ്ങളും വായിക്കും. മറ്റാരുമായും പങ്കുവയ്ക്കാനില്ലാത്തതിനാൽ അച്ഛൻ സമകാലീന വിഷയങ്ങൾ ചർച്ച ചെയ്യുന്നത് ഞാനുമായിട്ടാണ്. ഈ ചർച്ച എന്നെ സംഘവുമായി അടുപ്പിച്ചു. പൊതുവേദിയിൽ പ്രസംഗിച്ചത് ഒൻപതാംക്ലാസിൽ പഠിക്കുമ്പോഴാണ്. ബാലഗോകുലം സംഘടിപ്പിച്ച ചടങ്ങായിരുന്നു അത്. പ്രീഡിഗ്രി കഴിഞ്ഞ സമയത്ത് കൂട്ടുകാരികളെല്ലാം ടി.ടി.സിക്ക് അപേക്ഷിച്ചു. അവർ ടി.ടി.സിക്ക് പോയാൽ ഞാൻ ഒറ്റയ്ക്കായിപ്പോവുമല്ലോ എന്നു കരുതി ഞാനും അപേക്ഷ നൽകി. പക്ഷേ എനിക്ക് മാത്രം അഡ്മിഷൻ കിട്ടി. അവർക്കാകട്ടെ കിട്ടിയതുമില്ല.
കിട്ടിയ സ്ഥിതിക്ക് പോകാമെന്ന് കരുതി. അങ്ങനെയാണ് ടി.ടി.സി കോഴ്‌സ് ചെയ്തത്. അതു കഴിഞ്ഞപ്പോൾ അധ്യാപികയായി ജോലിക്ക് കയറി. പതുക്കെപ്പതുക്കെ പ്രസംഗങ്ങളിൽ സജീവമായി. മൂന്നുമക്കളാണെനിക്ക്. വിജീഷ്, ഉമാമഹേഷ്, ഗിരീഷ്. മൂത്തവർ രണ്ടുപേരും അധ്യാപകരാണ്. ഗിരീഷാകട്ടെ ഭർത്താവിന്റെ സ്‌കൂളിൽ ജീവനക്കാരൻ.

തീവ്രമായ ഹിന്ദു നിലപാടിലേക്കെത്തുന്നത് എങ്ങനെയാണ്? ഹിന്ദുവിന്റെ നീതിക്കുവേണ്ടി പറയുന്നത് എങ്ങനെ തീവ്രമാകും? അങ്ങനെയൊരു ചിന്തയേ ശരിയല്ല. അച്ഛന്റെ നാട് മലപ്പുറമാണ്. മാപ്പിളലഹളയിൽ അച്ഛന്റെ കുടുംബക്കാർ അനുഭവിച്ച പീഡനങ്ങൾ ഭീകരമായിരുന്നു. അച്ഛന്റെ അമ്മയൊക്കെ അനുഭവിച്ച കഥകൾ അച്ഛൻ പറഞ്ഞുകേട്ടിട്ടുണ്ട്. ഹിന്ദുക്കളെ സഹായിക്കുന്ന മുസ്ലീം കുടുംബങ്ങളും അന്നുണ്ടായിരുന്നു. ഹിന്ദുക്കൾക്ക് അവർ അഭയം നൽകി. ലഹളക്കാർ വന്നാൽപോലും വിട്ടുകൊടുക്കില്ല.
ഞങ്ങളെ കൊന്നതിനുശേഷമേ ഇവരെ നിങ്ങൾക്ക് തൊടാൻ കഴിയൂ.” ഇതുകേൾക്കുമ്പോൾ ലഹളക്കാർ തിരിച്ചുപോകും.
ഹൈന്ദവസമൂഹത്തിന് ഒരു കൂട്ടായ്മ ഉണ്ടായിരുന്നെങ്കിൽ മാപ്പിളലഹള സംഭവിക്കില്ലായിരുന്നുവെന്നാണ് അച്ഛന്റെ നിരീക്ഷണം. അച്ഛന് രണ്ട് മൂത്ത സഹോദരൻമാരാണ്. അവർ കുഞ്ഞായിരിക്കുമ്പോഴുണ്ടായ ഒരനുഭവം കേട്ടിട്ടുണ്ട്. ഒരു വയസ്സിന്റെ വ്യത്യാസം മാത്രമുള്ള ആ കുഞ്ഞുങ്ങൾ കട്ടിലിൽ ഉറങ്ങിക്കിടക്കുന്നു.
അടുപ്പത്ത് കഞ്ഞി തിളക്കുമ്പോഴാണ് പെട്ടെന്ന് ലഹള പൊട്ടിപ്പുറപ്പെട്ടത്. അച്ഛമ്മയും സുഖമില്ലാതിരുന്ന സഹോദരിയും മാത്രമേ വീട്ടിലുള്ളൂ. മൂത്തമകനെയെടുത്ത് ചുമലിലിട്ടപ്പോൾ രണ്ടാമത്തെ മകനെ എടുത്ത് ഞാൻ വന്നോളാമെന്ന് സഹോദരി പറഞ്ഞു. അച്ഛമ്മ ആ കുട്ടിയെയും കൊണ്ട് അടുത്ത മുസ്ലീംവീട്ടിൽ അഭയം തേടി. പിന്നാലെ സഹോദരിയും വന്നു. തുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ സഹോദരിയുടെ കൈയിൽ നിന്ന് വാങ്ങുമ്പോൾ ഒട്ടും ഭാരമില്ല. തുറന്നുനോക്കുമ്പോൾ തലയണ. കുഞ്ഞ് വീഴാതിരിക്കാൻ കട്ടിലിനരികെ വച്ചതായിരുന്നു അത്. അപ്പോഴേക്കും ലഹളക്കാർ വീട്ടിലേക്ക് പാഞ്ഞുകയറി. അവർ വീടാക്രമിക്കുമ്പോൾ ഒന്നുമറിയാതെ ആ കുഞ്ഞ് ഉറങ്ങുകയായിരുന്നു. ബഹളം കേട്ട് ഉണർന്നിരുന്നെങ്കിൽ തീർന്നേനെ. പക്ഷേ അത്രയുംസമയം അച്ഛമ്മ അനുഭവിച്ച മാനസികപ്രയാസം ഭീകരമായിരുന്നു. ലഹളക്കാർ പോയതിനുശേഷം അച്ഛമ്മ ഓടിച്ചെന്ന് കുഞ്ഞിനെ വാരിയെടുത്തു. അപ്പോൾ മാത്രമാണ് അതുണർന്നു കരഞ്ഞത്. ഈ കഥയൊക്കെ എന്നെ നന്നായി സ്വാധീനിച്ചിട്ടുണ്ട്.

മാപ്പിളലഹളയുടെ സമയത്തുപോലും അഭയം നൽകിയത് മുസ്ലീങ്ങളാണെന്ന് ടീച്ചർ പറയുന്നു. എന്നിട്ടും അവരെ ശത്രുസ്ഥാനത്ത് നിർത്തുന്നത്?
ഞാനൊരിക്കലും ഇസ്ലാം മതത്തെയോ ക്രിസ്തുമതത്തെയോ കുറ്റപ്പെടുത്തിയിട്ടില്ല. അവരുടെ ആരാധനയെ എതിർക്കുന്നുമില്ല. തീവ്രവാദത്തെ എതിർക്കുന്ന ഇസ്ലാം മത വിശ്വാസികൾ ഒരുപാടുണ്ട്. എന്നാൽ അവരുടെ കൂടെ നിൽക്കാൻ ഒരു സംഘടനയുമില്ല. കൊല്ലാൻ വരുന്നവരുടെ കൂടെയാണ് രാഷ്ട്രീയക്കാർ. ഈ സമീപനം കൊണ്ടാണ് ഇവിടെ ഭീകരവാദികൾ വളരുന്നത്. എന്റെ വീടിന് നാലുപുറവും താമസിക്കുന്നത് മുസ്ലീങ്ങളാണ്. ഞാൻ ജോലി ചെയ്യുന്ന സ്‌കൂളിൽ 4500ലധികം കുട്ടികളുണ്ട്. അക്കൂട്ടത്തിൽ തൊണ്ണൂറുശതമാനവും മുസ്ലീം കുടുംബത്തിൽനിന്ന് വരുന്നവരാണ്. അവരാരും പറയില്ല, ഞാൻ ഇസ്ലാമിന്റെ ശത്രുവാണെന്ന്. ടീച്ചർ ഏറ്റവും കൂടുതൽ ഇടപെട്ടത് ശബരിമലയുടെ കാര്യത്തിലാണ്. ഇപ്പോഴും ശബരിമല വിവാദങ്ങളിൽ നിറയുന്നു. ഒരു സ്ത്രീ എന്ന നിലയിൽ ശബരിമലയിലെ സ്ത്രീ പ്രവേശത്തെഅംഗീകരിക്കുന്നുണ്ടോ?
ഏതൊരു സ്ഥലത്തും പരിഷ്‌കരണം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അതിന്റെ ഗുണഭോക്താക്കളാണ്. ഞങ്ങൾക്ക് ക്ഷേത്രത്തിൽ കയറാനുള്ള സ്വാതന്ത്ര്യം വേണമെന്ന് അധഃസ്ഥിതർ വാദിച്ചപ്പോഴാണ് ക്ഷേത്രപ്രവേശന വിളംബരമുണ്ടായത്. ആ പ്രക്ഷോഭം ഫലം കാണുകയും ചെയ്തു. അതുപോലെ തന്നെയാണ് ഇതും. കേരളത്തിലെ സ്ത്രീകൾ അത്ര മോശക്കാരല്ല. ക്ഷേത്രം മുഴുവൻ ഹിന്ദുവിന്റേതല്ല, ഭക്തരായ വിശ്വാസികളുടേതാണ്. ഞങ്ങൾക്ക് ശബരിമലയിൽ കയറണമെന്ന് ഭക്തരായ സ്ത്രീകൾ ആവശ്യപ്പെട്ടാൽ ഇക്കാര്യം ഹിന്ദു ഐക്യവേദി ചർച്ച ചെയ്യും. ഏതുകാര്യവും ഞങ്ങൾ തീരുമാനമെടുക്കുന്നത് സാമുദായിക സംഘടനകളുമായി ആലോചിച്ചിട്ടാണ്. ദേവസ്വംബോർഡിലെ നിയമനം റിക്രൂട്ട്‌മെന്റാക്കണമെന്നായിരുന്നു ഞങ്ങളുടെ ആവശ്യം. പി.എസ്.എസിക്ക് വിടുന്നതാണ് നല്ലതെന്ന് സാമുദായിക സംഘടനകൾ പറഞ്ഞപ്പോൾ ഞങ്ങളും അത് അംഗീകരിച്ചു. എസ്.എൻ.ഡി.പി, എൻ.എസ്.എസ്, പുലയർമഹാസഭ തുടങ്ങിയ പ്രബലമായ സമുദായസംഘടനകളുടെ നാടാണ് കേരളം. അവർക്കൊക്കെയും സ്ത്രീ വിഭാഗവുമുണ്ട്. ഇവരാരും ശബരിമലയിൽ പോകണമെന്ന് പറഞ്ഞിട്ടില്ല. അതിനുവേണ്ടി ഒരു പ്രമേയം പോലും പാസാക്കിയിട്ടുമില്ല. തൊണ്ണൂറു ശതമാനം ക്ഷേത്രങ്ങളിലും മാതൃസമിതിയുണ്ട്. അവരും ഇക്കാര്യം അംഗീകരിക്കുന്നില്ല. പിന്നെന്തിനാ വെറുതെയൊരു വിവാദം? മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ച് ശബരിമലയ്ക്ക് മതേതരമായ ഒരു തലമുണ്ട്. മുസ്ലീമായ വാവരെ തൊഴുതിട്ടുവേണം മലകയറാൻ. അപ്പോൾപ്പിന്നെ മറ്റു മതക്കാർ കയറുമ്പോൾ എതിർക്കപ്പെടേണ്ടതുണ്ടോ? വാവരെ തൊഴുന്നതിൽ കുഴപ്പമില്ല. വാവർ ഇസ്ലാമാണെന്ന് അംഗീകരിച്ചാൽ അയ്യപ്പൻ വളരെ അടുത്തകാലത്ത് ജനിച്ച ഒരാളാണെന്ന് പറയേണ്ടിവരും. കേരളത്തിൽ ഇസ്ലാംമതം വ്യാപിച്ചിട്ട്‌നൂറ്റാണ്ടുകളേ ആയിട്ടുള്ളു. അയ്യപ്പൻ ജനിച്ചതാവട്ടെ സഹസ്രാബ്ദങ്ങൾക്കു മുമ്പാണ്. അപ്പോൾപ്പിന്നെ എവിടെയൊക്കെയോ പൊരുത്തക്കേടുകളുണ്ട്. എരുമേലിയിലേത് വാവരുടെ പള്ളിയല്ല എന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം കൊടുത്തത് പള്ളി നടത്തിപ്പുകാരായ ജമാഅത്ത് കമ്മിറ്റിക്കാരാണ്. നായനാർ പള്ളി എന്നാണതിന് പേരത്രേ. വാവര് പള്ളി എന്ന പേര് രേഖയിൽ ഒരിടത്തുമില്ല. ഇതൊന്നും ഞാൻ ഉണ്ടാക്കിപ്പറയുന്നതല്ല.
മന്ത്രി കെ.ടി.ജലീൽ ശബരിമല സന്ദർശിച്ചപ്പോഴും വിവാദമുണ്ടായി. അയ്യപ്പനി ൽ വിശ്വാസമുണ്ടെങ്കിൽ മതം നോക്കുന്നത് എന്തിനാണ്?

മതേതരത്വം തെളിയിക്കാൻ വേണ്ടി പോകേണ്ട ഇടമല്ല ശബരിമല. പിക്‌നിക് സ്‌പോട്ടല്ല അതെന്ന് ബി.ജെ.പിയുടെ മുൻപ്രസിഡന്റ് വി.മുരളീധരൻ പറഞ്ഞത് ശരിയാണ്. ഒന്നുകിൽ ഹിന്ദു. അല്ലെങ്കിൽ ഹിന്ദുത്വത്തിൽ വിശ്വസിക്കുന്നവർ. ഇവർക്ക് ശബരിമല കയറാം. നല്ല കാര്യങ്ങളാണ് ഭരണാധികാരികൾ ചെയ്യുന്നതെങ്കിൽ കുഴപ്പമില്ല. അയ്യപ്പനെ ചൂഷണം ചെയ്യുന്നതിനോട് താൽപ്പര്യമില്ല. ശബരിമലയിൽ ഭക്തർക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തുകയാണ് ഭരണാധികാരികൾ ചെയ്യേണ്ടത്. അല്ലാതെ ചീപ്പ് പബ്ലിസിറ്റിക്കുവേണ്ടി അയ്യപ്പനെ കരുവാക്കുന്നതിനോട് യോജിപ്പില്ല. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാത്തയാളാണ് ദേവസ്വം മന്ത്രി. അദ്ദേഹം ശബരിമലയിലെത്തി തൊഴുതു. ചിലപ്പോൾ മന്ത്രിക്ക് മാനസാന്തരം വന്നതായിരിക്കാം. അയ്യപ്പൻ അദ്ദേഹത്തെ നന്നാക്കട്ടെ.

ഭർത്താവിന് കുവൈറ്റിലായിരുന്നല്ലോ ജോലി. മുസ്ലീം രാജ്യമായതുകൊണ്ടാണോ അവിടം ഉപേക്ഷിച്ചത്?

അതൊന്നുമല്ല. ചെറുതെങ്കിലും സർക്കാർ ജോലി വേണമെന്ന് ഭർത്താവിന് നിർബന്ധമായിരുന്നു. അവരുടെ കുടുംബത്തിന് സ്വന്തം സ്‌കൂളുണ്ട്. അവിടെ നോൺടീച്ചിംഗ് സ്റ്റാഫിന്റെ ഒഴിവ് വന്നപ്പോഴാണ് കുവൈറ്റിലെ ജോലി വിട്ട് നാട്ടിലേക്ക് വന്നത്.
ഗൾഫ് മുസ്ലീംരാജ്യമാണെന്ന് പറയുമ്പോൾ ഹിന്ദുവിന് പറയാൻ എവിടെയാ ഒരു നാടുള്ളത്? ഇന്ത്യയിൽ ജീവിക്കുന്ന മുസൽമാനെ നമ്മൾ സഹോദരൻമാരെപ്പോലെയാണ് കാണുന്നത്. എല്ലാ ആനുകൂല്യവും അവർക്ക് നൽകുന്നുമുണ്ട്.
എന്നിട്ടും ഗൾഫിലെത്തുമ്പോൾ സ്വന്തം നാടാണെന്ന ബോധ്യം ചിലർക്കൊക്കെ ഉണ്ടാവുന്നു. ഇതല്ലേ സങ്കുചിതത്വം? ഗൾഫിൽ പോയി തിരിച്ചുവരുന്ന ഓരോ ഹിന്ദുവും കൂടുതൽ ഹിന്ദുത്വബോധത്തോടെ തിരിച്ചുവരുന്നത് അതുകൊണ്ടാണ്. ലോകം വാഴ്ത്തിയിട്ടും മദർതെരേസയെ അംഗീകരിക്കാൻ ടീച്ചർക്ക് കഴിയാത്തത് എന്തുകൊണ്ടാണ്?
മദർതെരേസയുടെ പ്രവർത്തനത്തെ ഞാൻ വിമർശിച്ചിട്ടില്ല. അവർക്ക് മതത്തിനപ്പുറമുള്ള ഒരു തലമുണ്ട്. ഞാൻ ക്രിസ്തുവിന്റെ മണവാട്ടിയാണ്, സാമൂഹ്യപ്രവർത്തകയല്ല എന്നാണ് അവർ
പറഞ്ഞിട്ടുള്ളത്. ഒറ്റക്കാര്യം ശ്രദ്ധിക്കുക. അവർ പ്രവർത്തിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ പിൻഗാമിയായി വന്നത് സിസ്റ്റർ നിർമ്മല ജോഷിയാണ്. നേപ്പാളിലെ ബ്രാഹ്മണകുടുംബത്തിൽപെട്ട പെൺകുട്ടിയായിരുന്നു അവർ. അപ്പോൾപിന്നെ മതംമാറ്റം നടത്തിയിട്ടില്ലെന്ന് പറയുന്നത് ശരിയല്ല. അവർ ചെയ്യുന്ന അത്രതന്നെ, അല്ലെങ്കിൽ അതിലധികം സേവനപ്രവർത്തനങ്ങൾ മാതാ അമൃതാനന്ദമയി ദേവി ചെയ്യുന്നുണ്ട്. പക്ഷേ ‘അമ്മ’യുടെ പെൻഷൻ വാങ്ങാൻ പർദ്ദയിട്ട് വരുന്നവർ ആ പർദ്ദയിട്ടിട്ടുതന്നെയാണ് തിരിച്ചുപോകുന്നത്.
അവരുടെ വീട് വാങ്ങിക്കാൻ കുരിശുമാലയിട്ട് പോകുന്നവരെ ആരും പിടിച്ചുവയ്ക്കുന്നില്ല. എന്നിട്ടും അമ്മയെ വാഴ്ത്തുകയല്ല, വീഴ്ത്തുകയാണ് ചെയ്യുന്നത്. അവരെ ആൾദൈവമായി കാണുന്നു. ഇതിന് പിറകിൽ ഒരജണ്ടയുണ്ട്. മദർ തെരേസ ചെയ്യുന്ന നല്ല പ്രവർത്തനങ്ങളെ മാനിക്കുന്നുണ്ട്. ബംഗാളിന്റെ തൊട്ടടുത്താണ് ബംഗ്ലാദേശ്. എന്തുകൊണ്ട് അവർ അവിടെപ്പോയി സാമൂഹ്യപ്രവർത്തനം നടത്തുന്നില്ല? ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ അവിടെ കഴിയില്ല. കാരണം ഇസ്ലാം ഭൂരിപക്ഷ പ്രദേശമാണത്. ഇന്ത്യ അവരുടെ റിസർവോയർ ആണ്.മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ ഇന്ത്യാ ഗവൺമെന്റ് വിട്ടത് സുഷമാസ്വരാജിനെയാണ്. എന്നാൽ കേരള സർക്കാർ പറഞ്ഞുവിട്ടതാകട്ടെ മതംനോക്കിയും. ഇതല്ലേ വർഗീയത? പഴയകാലത്തെ അപേക്ഷിച്ച് വിശ്വാസം കൂടിവരുന്ന കാഴ്ചയാണ് കേരളത്തിൽ. കമ്യൂണിസ്റ്റുകാർ പോലും ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നു?
വിശ്വാസം കൂടി എന്നു പറയാൻ കഴിയില്ല. പണ്ടും വിശ്വാസികൾ ഏറെയുണ്ടായിരുന്നു. അന്ന് വീടുകളിൽ വിളക്കുവച്ച് പ്രാർഥിക്കും. നാമം ചൊല്ലും. രാമായണം വായിക്കും. പണ്ടുകാലത്ത് യാത്ര ചെയ്യാനുള്ള പ്രയാസമുണ്ടായിരുന്നു. ഇന്നത് മാറി. മിക്കവർക്കും വണ്ടിയുണ്ട്. ഏത് ആരാധനാലയത്തിലേക്കും എളുപ്പം പോകാം. കമ്യൂണിസ്റ്റുകാരുടെ ജാഡ മാറി എന്നതാണ് ഇക്കാലത്തെ മാറ്റം. ശ്രീകൃഷ്ണജയന്തിയും വിനായകചതുർഥിയും ആഘോഷിക്കപ്പെടുമ്പോൾ അവർ ഇത്രയുംകാലം നോക്കിയിരിക്കുകയായിരുന്നു. അണികൾ അതിൽ പങ്കാളികളായപ്പോഴാണ് അവരും ഇറങ്ങിത്തിരിച്ചത്. മുൻ മന്ത്രിയായ ഇ.പി.ജയരാജൻ പോലും അമ്പലത്തിനുവേണ്ടി തേക്ക് ചോദിക്കുന്ന കാലത്താണല്ലോ നമ്മൾ ജീവിക്കുന്നത്.

ഹിന്ദുക്കളിലും തീവ്രവാദികളില്ലേ?

ഇപ്പോഴില്ല. മത വിശ്വാസപ്രകാരം ഒരു ഹിന്ദുവിന് തീവ്രവാദിയാകാൻ കഴിയില്ല. പക്ഷേ പല ചെറുപ്പക്കാരുടെയും മനസ് അസ്വസ്ഥമാണ്. എന്തുകൊണ്ട് ഹിന്ദു മാത്രം അവഗണിക്കപ്പെടുന്നു എന്നൊക്കെ ചിലർ ചോദിച്ചുതുടങ്ങിയിട്ടുണ്ട്. ഇതിനൊക്കെ ക്രമീകരണം ഉണ്ടായില്ലെങ്കിൽ തീവ്രവാദത്തിലേക്കാവും നയിക്കപ്പെടുക. ഹിന്ദുവാകുന്ന പ്രഷർകുക്കറിന്റെ സേഫ്റ്റിവാൽവാണ് എന്നെപ്പോലുള്ളവർ. സേഫ്റ്റിവാൽവ് കൂടി ഇല്ലായിരുന്നെങ്കിൽ ഈ കുക്കർ എപ്പോഴേ പൊട്ടിത്തെറിച്ചേനെ.

വർഗീയപ്രസംഗം നടത്തുന്നു എന്നാരോപിച്ച് ടീച്ചർക്കെതിരേ കേസെടുത്തല്ലോ?

ഇക്കാര്യത്തിൽ മാധ്യമങ്ങളിൽ നിന്നുള്ള അറിവേ എനിക്കുള്ളൂ. വിശദാംശങ്ങൾ ഒന്നും അറിയില്ല. പ്രസംഗം എവിടെ നടന്നു? ഏതുദിവസം? ഏതുസമയം? ഇത്തരം കാര്യങ്ങളൊന്നുമില്ലാതെ യൂ ട്യൂബിലെ ലിങ്ക് കാണിച്ചപ്പോൾ പോലീസ് കേസെടുത്തു എന്നു കേട്ടപ്പോൾ അദ്ഭുതം തോന്നി. മാത്രമല്ല, ഒന്നര മാസം മുമ്പാണ് സ്‌റ്റേഷനിൽ ഈ പരാതി കിട്ടിയത്. എന്നിട്ടും ഇത്രയുംനാൾ കേസെടുക്കാൻ എന്തിന് താമസിച്ചു എന്ന ചോദ്യവും സ്വാഭാവികം. രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഭാഗമാണ് ഈ കേസ്. അതുകൊണ്ടുതന്നെ ഗൗരവത്തോടെ കാണുന്നില്ല. ഇതുകൊണ്ടൊന്നും ഞാൻ പ്രസംഗം നിർത്താൻ പോകുന്നില്ല. ഹിന്ദുവിന് തുല്യനീതി കിട്ടിയാൽ ഹിന്ദു ഐക്യവേദി എന്ന സംഘടനയുടെ പ്രസക്തി നഷ്ടപ്പെടും. അത് നേടുന്നതുവരെ പ്രസംഗിച്ചുകൊണ്ടേയിരിക്കും.


Viewing all articles
Browse latest Browse all 20522

Trending Articles