Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

ടിപി ചന്ദ്രശേഖരന്റെ കൊലയാളികള്‍ നിസാമിന്റെ കാവലാളുകള്‍; ഫോണില്‍ നിന്ന് വിളിച്ചത് 300 തവണ; കൊലയാളിയായ കോടീശ്വരന്‍ ജയിലില്‍ സുഖിക്കുന്നത് ഇങ്ങനെ

$
0
0

കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാം ഫോണിലൂടെ വധഭീഷണി മുഴക്കിയെന്ന സഹോദരങ്ങളുടെ പരാതി പിന്‍വലിക്കാന്‍ നീക്കം. നിസാമിന്റെ സഹോദരന്മാരായ അബ്ദുള്‍ റസാഖ്, അബ്ദുള്‍ നിസാര്‍ എന്നിവരാണു നിസാം ഭീഷണിപ്പെടുത്തിയതായി മൊഴി നല്‍കിയത്. ഇവരുടെ ബന്ധുക്കള്‍ ഇടപെട്ടാണു പരാതി പിന്‍വലിക്കാന്‍ ശ്രമമെന്നറിയുന്നു. അതിനിടെ നിസാം ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പൊലീസ് നടപടി തുടങ്ങി. പൊലീസ് പരാതിനല്‍കിയ സഹോദരന്റെ മൊഴിയെടുത്തു. നിസാം ഉപയോഗിച്ചെന്നുപറയുന്ന ഫോണ്‍ നമ്പറിന്റെ ഉടമയില്‍നിന്നു മൊഴിയെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. നിസാമിന്റെ സുഹൃത്ത് ഷിബിന്റെ നമ്പറാണിതെന്നാണ് സഹോദരന്‍ നിസാര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

അതിനിടെ കണ്ണൂര്‍ജയിലില്‍നിന്നു മൊബൈല്‍ഫോണില്‍ വിളിച്ചത് മുന്നൂറിലേറെ തവണ. രണ്ടു സിംകാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഇയാള്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും ജീവനക്കാരെയും വിളിച്ചിരിക്കുന്നത്. രാജസ്ഥാന്‍, കാസര്‍കോട് സ്വദേശികളുടെ പേരിലുള്ള സിംകാര്‍ഡുകളാണ് ജയിലിലുള്ളതെന്നാണ് അറിയുന്നത്. ഒരാള്‍ക്കുമാത്രം 140ഓളം വിളികള്‍ ഒരുവര്‍ഷത്തിനിടെ പോയിട്ടുണ്ട്. അധികൃതരുടെ ഒത്താശയോടെ ജയിലില്‍ നിന്ന് നിസാം മൊബൈല്‍ ഫോണിലൂടെ തന്റെ ബിസിനിസ് നിയന്ത്രിക്കുന്നതിന്റെ തെളിവുകളാണ് ഇവ. കണ്ണൂര്‍ ജയിലിലുള്ള സിപിഐ(എം) തടവുകാരുടെ പിന്തുണയിലാണ് നിസാം ഇതെല്ലാം സാധ്യമാക്കുന്നത്. ടിപി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരുമായി നിസാമിന് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന.

സഹോദരങ്ങളായ റസാക്കിനെയും നിസാറിനെയും ജയിലില്‍നിന്ന് നിസാം ബന്ധപ്പെട്ടു. റസാക്കിന് ജയിലില്‍നിന്നു നാലുവിളി വന്നു. നിസാറിന് എസ്.എം.എസ്. സന്ദേശം അയച്ചു. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലുള്ളവരെയും നിസാം ഈ ഫോണ്‍നമ്പറുകള്‍ ഉപയോഗിച്ചു ബന്ധപ്പെട്ടെന്നാണ് അറിയുന്നത്. നിരവധി അഭിഭാഷകരെയും വിളിച്ചിട്ടുണ്ട്. ഭാര്യ അമലിന്റെ നമ്പറിലേക്ക് നാല്പതോളം വിളികള്‍ വന്നു. ഒരുദിവസം ഒരാളെത്തന്നെ നാലും അഞ്ചും തവണ വിളിച്ചിട്ടുണ്ട്. സിറാജുദ്ദീന്‍ എന്ന ആളിന്റെ പേരിലുള്ള നമ്പറിലേക്കാണ് ഇയാള്‍ സ്ഥിരമായി വിളിച്ചിരുന്നതെന്നാണ് അന്വേഷണത്തില്‍ വെളിപ്പെടുന്നത്. ജയിലിലെ നമ്പറുകളിലേക്ക് നിസാമുമായി ബന്ധമുള്ളവര്‍ തിരിച്ചു വിളിച്ചിട്ടുമുണ്ട്. കൂടാതെ എസ്.എം.എസ്സുകളും വന്നിട്ടുണ്ട്.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്നവരെ ഉപയോഗപ്പെടുത്തി അപായപ്പെടുത്തുമെന്നാണ് നിസാമിന്റെ ഭീഷണിയെന്ന് സഹോദരന്‍ ആരോപിച്ചിട്ടുണ്ട്. നിസാം ജയിലില്‍ സുഖജീവിതം നയിക്കുകയാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നതിന്റെ പേരില്‍ അന്വേഷണവും നടന്നിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ ജയിലില്‍ പരിശോധന നടത്തി. നിസാം കഴിയുന്ന പത്താം ബ്ലോക്കില്‍ ജയില്‍ സുപ്രണ്ട് അശോകന്‍ അരിപ്രയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്നാണ് ലഭ്യമായ വിവരം.

8769731302, 9746576553 എന്നീ നമ്പറുകളാണ് നിസാം ജയിലില്‍ ഉപയോഗിച്ചത്. ഇത് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉള്‍പ്പെടുന്ന ടവര്‍ ലൊക്കേഷനാണെന്ന് വ്യക്തമായിട്ടുണ്ട്. ജയിലില്‍വച്ചും കേസാവശ്യത്തിന് പൊലീസ് അകമ്പടിയോടെ ബംഗളുരുവിലേക്കു കൊണ്ടു പോകുന്ന വഴിയുമായിരുന്നു ഫോണ്‍ ഉപയോഗം. രാജസ്ഥാന്‍ സ്വദേശിയായ തടവുകാരന്റെ പേരിലുള്ളതാണ് ഇതില്‍ ഒരു നമ്പര്‍. മറ്റേതു കാസര്‍ഗോഡ് സ്വദേശിയായ സഹതടവുകാരന്റെ ബന്ധുവിന്റെ പേരിലുള്ളതും. ഭാര്യയുമായും നിസാം ഫോണില്‍ ബന്ധപ്പെടാറുണ്ടെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.

ജയില്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ് നിസാം ഉപയോഗിച്ചിരുന്ന ഫോണുകള്‍ കൈകാര്യം ചെയ്തിരുന്നതെന്നും കോളുകള്‍ വരുമ്പോള്‍ മാത്രമാണു ഫോണ്‍ കൈമാറിയിരുന്നതുമെന്നാണു സൂചന. ബംഗളുവുരില്‍ കേസിന്റെ വിചാരണക്ക് കൊണ്ടുപോയ ബസില്‍ നിസാമിന്റെ സുഹൃത്തുക്കളും ഓഫീസ് ജീവനക്കാരും യാത്ര ചെയ്തിരുന്നുവെന്നും നിസാമിന്റെ ചെലവിലാണ് പൊലീസ് ബംഗളുരുവിലേക്ക് പോയതെന്നും ആരോപണമുണ്ട്. എന്നാല്‍ ജയിലില്‍ വച്ചു നിസാം മൈാബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന ആരോപണം തെറ്റാണെന്നാണും അതീവ സുരക്ഷയും നിരീക്ഷണവുമുള്ള പത്താം ബ്ലോക്കില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നുമാണു ജയില്‍ അധികൃതര്‍ പറയുന്നത്.


Viewing all articles
Browse latest Browse all 20539

Trending Articles