സ്വന്തം ലേഖകൻ
ലബനൻ: മരണത്തിൽ പോലും ആനന്ദം കണ്ടെത്തുന്ന ഐഎസ് തീവ്രവാദികളുടെ വീഡിയോ വൈറലാകുന്നു. സോഷ്യൽ മീഡിയയിലൂടെ വീഡിയോ പ്രചരിപ്പിച്ച് കൂടുതൽ യുവാക്കളെ തീവ്രവാദത്തിലേയ്ക്കു ആകർഷിക്കുകയാണ് ഇപ്പോൾ ഈ വീഡിയോ പുറത്തു വിട്ടതിലൂടെ ഐഎസ് അനൂകൂലികൾ ലക്ഷ്യമിടുന്നതെന്നാണ് സൂചന.
നാലോ അഞ്ചോ പേരിൽ നിന്നും ചാവേറാകാൻ തെരഞ്ഞെടുപ്പപ്പെടുന്നയാൾ ആഹഌദം പ്രകടിപ്പിക്കുന്നതും സന്തോഷത്തോടെ മറ്റുള്ളവരെ ആലിംഗനം ചെയ്യുന്നതുമായ വീഡിയോ ദൃശ്യമാണ് വ്യാപകമായി പ്രചരിക്കുന്നത്. വെളളിയാഴ്ചയാണ് ദൃശ്യം പ്രത്യക്ഷപ്പെട്ടത്. തോക്കുധാരികളായ നാലോ അഞ്ചോ പേർ ഒരു വാഹനത്തിന് സമീപം നിൽക്കുന്നതും ഒരാൾ മുഷ്ടി ചുരുട്ടിപ്പിടിച്ച് ചാവേറാകാൻ പോകുന്നയാളുടെ പേര് നറുക്കെടുക്കുന്നതും ആണ് ദൃശ്യത്തിലുള്ളത്. കല്ല് പിടിച്ചാണ് തെരഞ്ഞെടുപ്പ്. കൈകൾ തുറക്കുമ്പോൾ അടുത്ത ചാവേറാകാൻ തെരഞ്ഞെടുക്കപ്പെട്ടയാൾ സന്തോഷിക്കുന്നതുമാണ് ദൃശ്യം.
താടി വെച്ച ഇയാൾ സന്തോഷത്തോടെ തുള്ളിച്ചാടുമ്പോൾ തൊട്ടടുത്ത് നിൽക്കുന്നവർ ഇയാളെ ആഹഌദത്തോടെ ആലിംഗനം ചെയ്യുന്നു. പിന്നീട് ഒരു കാർ പോകുന്നതും സ്‌ഫോടനത്തിൽ പുക ഉയരുന്ന ദൃശ്യത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. അതേസമയം അവസാനം ഉയരുന്ന പുക ഇയാൾ ചാവേർ ആക്രമണം നടത്തിയതിന്റെ ഭാഗമാണെന്നതിന് സ്ഥിരീകരണമില്ല.
സംയുക്ത സേന ആക്രമണം കടുപ്പിച്ചതോടെ മൊസൂളിൽ ഐഎസിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലായിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഭാര്യമാരും കാമുകിമാരും ഉൾപ്പെടെ സ്ത്രീകളെ അപകട സ്ഥലത്തു നിന്നും മാറ്റാൻ തലവൻ അൽ ബാഗ്ദാദി നിർദേശിച്ചെന്നും ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനൊപ്പം സ്ത്രീ വേഷം കെട്ടി തീവ്രവാദികളും രക്ഷപെടാൻ ശ്രമിക്കുന്നതായും കഴിഞ്ഞ ദിവസം വാർത്ത പുറത്തു വന്നിരുന്നു. മൊസൂളിൽ പോരാട്ടം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇറാഖി സൈന്യവും കുർദ്ദിഷ് പോരാളികളും മൊസൂൾ പിടിച്ചടക്കുകയാണെന്നാണ് വാർത്തകൾ.