Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

സ്വാശ്രയ ചര്‍ച്ച പരാജയം.ഫീസ് കുറയ്ക്കാന്‍ തയ്യാറല്ല.വി ടി ബല്‍റാമും റോജി എം ജോണും നിയമസഭാ കവാടത്തില്‍ നിരാഹാര സമരം തുടങ്ങി.

$
0
0

തിരുവനന്തപുരം: സ്വാശ്രയ കോളേജിലെ ഫീസ് സംബന്ധിച്ച് മാനേജ്‌മെന്റ് പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായും ആരോഗ്യ മന്ത്രിയുമായും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസ് കുറയ്ക്കുന്നത് സംബന്ധിച്ചോ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത് സംബന്ധിച്ചോ യാതൊരു ചര്‍ച്ചയും മുഖ്യമന്ത്രിയുമായി നടന്നിട്ടില്ലെന്ന് സ്വാശ്രയ മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനത്തില്‍ ഫീസ് കുറയ്ക്കാമെന്ന എംഇഎസ് ചെയര്‍മാന്‍ ഡോ. ഫസല്‍ ഗഫൂറിന്റെ നിര്‍ദ്ദേശം മറ്റ് സ്വാശ്രയ മാനേജ്‌മെന്റുകള്‍ തള്ളി. ഇതോടെ സര്‍ക്കാരും മാനേജ്‌മെന്റുകളും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടു. ഫസല്‍ ഗഫൂറിന്റെ നിര്‍ദ്ദേശം അനുസരിച്ച് ചര്‍ച്ച വിജയിക്കുമെന്നും സ്വാശ്രയ പ്രവേശന വിഷയം പരിഹരിക്കപ്പെടുമെന്നും പ്രതീക്ഷിച്ച പ്രതിപക്ഷത്തിന് ഇത് കനത്ത തിരിച്ചടിയായി.

ഇതോടെ പ്രതിപക്ഷ എംഎല്‍എമാരായ വി ടി ബല്‍റാമും റോജി എം ജോണും നിയമസഭാ കവാടത്തില്‍ നിരാഹാര സമരം തുടങ്ങി. ആരോഗ്യസ്ഥിതി മോശമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഏഴ് ദിവസമായി നിരാഹാര സമരം നടത്തി വന്നിരുന്ന എംഎല്‍എമാരായ ഹൈബി ഈഡനെയും ഷാഫി പറമ്പിലിനെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവര്‍ക്ക് പകരമാണ് ബല്‍റാമും റോജിയും നിരാഹാരം ഏറ്റെടുത്തത്. അനൂപ് ജേക്കബിനെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നേരത്തെ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവ് നല്‍കി സമരം ഒത്തുതീര്‍പ്പാക്കാനാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ നിലവിലെ അവസ്ഥയില്‍ പിന്നോട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിലപാടെടുത്തത്. ഇതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമായത്. ഇന്ന് മൂന്ന് മണിയോടെയാണ് ചര്‍ച്ച ആരംഭിച്ചത്. എന്തെങ്കിലും നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കാനുണ്ടോയെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു മാനേജ്‌മെന്റ് പ്രതിനിധികളുടെ മറുപടി.

അതേസമയം ഫീസിളവുമായി ബന്ധപ്പെട്ട് ഒരുകാര്യവും സര്‍ക്കാരും മാനേജ്‌മെന്റുകളും ചര്‍ച്ച ചെയ്തിട്ടില്ലെന്നും മുന്‍കൂട്ടി നിശ്ചയിച്ച ചര്‍ച്ച മാത്രമാണ് നടന്നതെന്നുമാണ് മാനേജ്‌മെന്റ് പ്രതിനിധികള്‍ പ്രതികരിച്ചത്. ഈ വിഷയത്തില്‍ ഇനിയൊരു ചര്‍ച്ചയുണ്ടാകില്ലെന്നും മാനേജ്‌മെന്റുകള്‍ അറിയിച്ചു.

അതേസമയം മാനേജ്‌മെന്റുകളുമായുള്ള ചര്‍ച്ച പരാജയപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് മുന്‍കൈയെടുത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ജനകീയ സമരങ്ങളോടുള്ള വെല്ലുവിളിയാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സ്വാശ്രയ പ്രശ്‌നത്തില്‍ പരിഹാരം കാണാതെ സമരത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസുമായി ബന്ധപ്പെട്ട് ഇത്തവണ എന്തെങ്കിലും ചെയ്യാനാകുമെന്ന് കരുതുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. ഇനിയൊരു ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്നും കാര്യങ്ങള്‍ മനസിലാക്കി ദുരഭിമാനം വെടിഞ്ഞ് പ്രതിപക്ഷം സമരത്തില്‍ നിന്നും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫസല്‍ ഗഫൂറിന്റെ നിര്‍ദ്ദേശം ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനമായി മാറുമെന്നാണ് പ്രതിപക്ഷമുള്‍പ്പെടെ എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എംഇഎസ് ചെയര്‍മാന്റെ നിര്‍ദ്ദേശം മാനേജ്‌മെന്റുകള്‍ തള്ളുകയായിരുന്നു. ഫസല്‍ ഗഫൂര്‍ സ്വന്തം കോളേജിന്റെ കാര്യം മാത്രം നോക്കിയാല്‍ മതിയെന്നും മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടെണ്ടെന്നുമായിരുന്നു അവരുടെ നിലപാട്.അതേ സമയം ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് നിരാഹാരമിരിക്കുന്ന കോണ്‍ഗ്രസ് എം.എല്‍.എമാരായ ഷാഫി പറമ്പിലിനെയും ഹൈബി ഈഡനെയും ആശുപത്രിയിലേക്ക് മാറ്റി.

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക:https://www.facebook.com/DailyIndianHeraldnews/
www.dailyindianherald.com


Viewing all articles
Browse latest Browse all 20522

Trending Articles