Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി നല്‍കിയത് മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് , കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യപ്രകാരമെന്ന് സരിത.തെളിവുകള്‍ കെ.സി.ജോസഫിലേക്കും

$
0
0

കൊച്ചി:കണ്ണൂര് എംഎല്എ എപി അബ്ദുള്ളക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയത് കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യപ്രകാരമെന്ന് സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. കെബി ഗണേഷ് കുമാറിന്റെ പിഎയുടെ ഫോണില്‍ വിളിച്ച് തമ്പാനൂര്‍ രവിയാണ് ഈ ആവശ്യമുന്നയിച്ചത്. സോളാര്‍ ആരോപണം തണുപ്പിക്കാനും വഴിതിരിച്ചുവിടാനുമാണ് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയും അറിഞ്ഞുകൊണ്ടാണ് ഇതെന്നും രവി പറഞ്ഞു. പരാതി കൊടുത്താല്‍ മാത്രം മതിയെന്നും ബാക്കിയെല്ലാം തങ്ങള്‍ നോക്കിക്കോളാമെന്നും ഉറപ്പ്‌നല്‍കിയിരുന്നു. പിന്നീട് പ്രശ്‌നം കോണ്‍ഗ്രസില്‍ ചര്‍ച്ചയായപ്പോള്‍ പരാതിയില്‍ നിന്ന് പിന്‍വാങ്ങണമെന്ന് ബെന്നി ബഹന്നാന്‍ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു പരാതി പിന്‍വലിച്ചത്.

അബ്ദുള്ളക്കുട്ടിക്കെതിരായ ആരോപണത്തിലൂടെ സോളാര്‍ കേസ് മറ്റൊരു തലത്തിലാകുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. അതിനാലാണ് ആരോപണമുന്നയിക്കാന്‍ ആവശ്യപ്പെട്ടതെന്നും സരിത പറഞ്ഞു. എപി അബ്ദുള്ളക്കുട്ടി തന്നെ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ ബലാത്സംഗം ചെയ്‌തെന്ന് ആരോപണമുന്നയിച്ചാണ് സരിത ഡിജിപിക്ക് പരാതി നല്‍കിയിരുന്നത്.

നേരത്തെ  സരിത  മൂന്നു സിഡികളും അനുബന്ധ തെളിവുകളും സോളര്‍ കമ്മിഷനില്‍ കൈമാറി. കഴിഞ്ഞ രണ്ടു വര്‍ഷത്തെ സംഭാഷണങ്ങളാണ് ഇതില്‍ ഉള്ളതെന്ന് സരിത പറഞ്ഞു. ബെന്നി ബെഹനാന്‍, തമ്പാനൂര്‍ രവി, സലിംരാജ് എന്നിവരുമായുള്ള സംഭാഷണമാണ് സിഡികളിലുള്ളതെന്നും കമ്മിഷനില്‍ സരിത അറിയിച്ചു.മൊഴികളെ സാധൂകരിക്കുന്ന തെളിവുകള്‍ സോളര്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കുമെന്ന് സരിത എസ്. നായര്‍ രാവിലെ വ്യക്തമാക്കിയിരുന്നു.

മൂന്ന് സിഡികളും മറ്റു രേഖകളുമാണ് ഹാജരാക്കിയത്. ഒന്നാം സിഡിയില്‍ മുഖ്യമന്ത്രിയുടെ കടുത്ത അനുയായിയായ ബെന്നി ബെഹന്നാനുമായി 2014 മുതല്‍ 2016 വരെ നടത്തിയ ടെലഫോണ്‍ സംഭാഷണങ്ങളുണ്ടെന്നാണ് വിവരം. കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് എന്നിവരുമായുള്ള ഫോണ്‍ സംഭാഷണമാണ് മറ്റു സിഡികളില്‍ .രേഖകളില്‍ തെളിവ് നശിപ്പിക്കണമെന്ന് ആറന്മുള വിമാനത്താവളത്തിന്റെ ആസൂത്രകരിലൊരാളായ എബ്രഹാം കലമണ്ണില്‍ ആവശ്യപ്പെടുന്ന വീഡിയോ തെളിവുകളും ഹാജരാക്കിയിട്ടുണ്ട്.

എബ്രഹാം കലമണ്ണിലിന്റെ കെജിഎസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താന്‍ ഇടനിലക്കാരിയായി നിന്ന് താന്‍ 5 കോടി കമ്മീഷന്‍ ആവശ്യപ്പെട്ടുവെന്നും സരിത പറഞ്ഞിട്ടുണ്ട്. ബാബുരാജിന് റീസര്‍വ്വേ നടത്താന്‍ സര്‍ക്കാര്‍ ചെയ്ത സഹായങ്ങളുടെ രേഖകളും സരിത ഹാജരാക്കി. 32 കോടി കോടിയുടെ ഇടപാടിനാണ് ഇടനിലക്കാരിയായി നിന്നത്. എബ്രഹാമിന് അടൂര്‍ പ്രകാശ് മടക്കിയ ഫയലില്‍ ഉമ്മന്‍ചാണ്ടി നേരിട്ടിടപെട്ട് ഭൂമി അനുവദിച്ചെന്ന ഗുരുതര ആരോപണവും സരിത ഉന്നയിച്ചിട്ടുണ്ട്

കടിത്തുരുത്തിയിലെ സ്ഥാപന ഉദ്ഘാടനത്തില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ മുഖ്യമന്ത്രി തന്നെ മന്ത്രി കെസി ജോസഫിനെ ഏല്‍പ്പിക്കുകയും അദ്ദേഹം പങ്കെടുക്കുകയും ചെയ്തുവെന്നും സരിത മൊഴി നല്‍കിയിട്ടിണ്ട്. വിവാദമായ ഡല്‍ഹി കൂടിക്കാഴ്ചയ്ക്ക് പോകാന്‍ എടുത്ത ടിക്കറ്റിന്റെ രേഖയും സരിത ഹാജരാക്കിയിട്ടുണ്ട്.സരിതയുടെ ഡയറിയിലെ രണ്ട് പേജുകളും രേഖകളിലുണ്ട്. പല പരിപാടികളിലും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ചതിന്റെ രേഖകളും സരിത ഹാജരാക്കി. കൂടുതല്‍ രേഖകള്‍ ഉച്ചകഴിഞ്ഞ് ഹാജരാക്കിയേക്കും.

വിസ്താരത്തിനു മുന്‍പേ തന്നെ അവര്‍ സിഡി കമ്മിഷന് നല്‍കി. പണം തിരികെ ആവശ്യപ്പെട്ട് രണ്ടാഴ്ച മുന്‍പ് മുഖ്യമന്ത്രിയുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു. തുടര്‍ന്ന് ബെന്നി ബഹ്നാന്‍, തമ്പാനൂര്‍ രവി എന്നിവരുമായി നടത്തിയ ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും സരിത പറഞ്ഞിരുന്നു. ഈ മൊഴികളെ സാധൂകരിക്കുന്ന ഡിജിറ്റലും ഫിസിക്കലുമായുള്ള തെളിവുകള്‍ ഹാജരാക്കുമെന്ന് സരിത അറിയിച്ചിരുന്നു.

നേരത്തെ നിശ്ചയിച്ചതിലും 45 മിനിറ്റ് വൈകിയാണ് സരിത ഇന്ന് മൊഴി നല്‍കാന്‍ എത്തിയത്. സിഡികളുടെ പകര്‍പ്പ് എടുക്കുന്നതിനാണ് വൈകിയതെന്നാണ് സരിതയുടെ വിശദീകരണം.

സിഡി 1: തമ്പാനൂര്‍ രവിയും സലീം രാജുമായി സരിത നടത്തിയ സംഭാഷണങ്ങള്‍ 
സിഡി 2: ബെന്നി ബഹ്നാനുമായി 2014 മുതലുള്ള സംഭാഷണങ്ങള്‍.
സിഡി 3: വ്യവസായി ഏബ്രഹാം കലമണ്ണിലുമായുള്ള കൂടിക്കാഴ്ചയുടെ ദൃശ്യം. മുഖ്യമന്ത്രിക്കെതിരെ തെളിവ് നല്‍കരുതെന്ന് ഏബ്രഹാം ആവശ്യപ്പെടുന്നു.
പത്തനംതിട്ട സ്വദേശി ബാബുരാജിന് റീസര്‍വ്വേ നടത്താന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി 2012 ഡിസംബര്‍ 13ന് നല്‍കിയ ശിപാര്‍ശ കത്തിന്റെ പകര്‍പ്പും സരിത ഹാജരാക്കിയ രേഖകളില്‍ പെടുന്നു.

അതേസമയം രേഖകളുടെ ആധികാരികത പരിശോധിച്ച ശേഷം മാത്രമേ സ്വീകരിക്കാവൂവെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. രേഖകള്‍ കമ്മീഷന്‍ പരിശോധിക്കണമെന്ന മറ്റു കക്ഷികളും ആവശ്യം കമ്മീഷന്‍ ഉച്ചയ്ക്ക് തീരുമാനമെടുക്കും.

 

 


Viewing all articles
Browse latest Browse all 20522

Trending Articles