Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20573

കേരളത്തിൽ എല്ലാ മെഡിക്കൽ കോളേജുകളിലും ട്രാൻസ്ജെന്റേഴ്സിനു വേണ്ടി പ്രത്യേക ക്ലിനിക്കുകൾ ആരംഭിക്കും- കെ കെ ശൈലജ ടീച്ചർ

$
0
0

തിരുവനന്തപുരം:  എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും ട്രാൻസ്ജെന്റർ വിഭാഗത്തിനു വേണ്ടി പ്രത്യേക ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പു മന്ത്രി കെ.കെ ശൈലജ ടീച്ചർ അറിയിച്ചു. ഇതിനാവശ്യമായ തീരുമാനം ആരോഗ്യവകുപ്പ് കൈക്കൊള്ളുകയും പൈലറ്റ് പദ്ധതി എന്ന നിലയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ട്രാൻസ്ജെന്റേഴ്സിനായുള്ള പ്രത്യേക ഒ.പി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മാസത്തിൽ ഒരു തവണയാണ് കോട്ടയത്ത് ഇപ്പോൾ ഒ.പി പ്രവർത്തിക്കുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടു കൂടിയാണ് ഒ.പി പ്രവർത്തനം നടന്നു വരുന്നത്. പ്രധാനപ്പെട്ട രണ്ടു മെഡിക്കൽ കോളേജുകളിൽ ട്രാൻസ്ജെന്റർ വിഭാഗത്തിൽ സർജറിക്കാവശ്യമായ സംവിധാനമൊരുക്കും. കോട്ടയം മെഡിക്കൽ കോളേജിൽ സർജറി രണ്ടു മാസത്തിനുള്ളിൽ ആരംഭിക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടുകൂടിയാണ് സർജറിക്കാവശ്യമായ സംവിധാനം ഉണ്ടാക്കുക.

മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ, സൈക്യാട്രി, ഡർമറ്റോളജി, എൻഡോക്രൈനോളജി, പ്ലാസ്റ്റിക് സർജറി തുടങ്ങിയ വിഭാഗത്തിലെ ഡോക്ടർമാർ എല്ലാ മാസവും ആദ്യ ചൊവ്വാഴ്ച്ച പ്ലാസ്റ്റിക് സർജറി ഡിപ്പാർട്ടുമെന്റിൽ നടത്തുന്ന ക്ലിനിക്കിൽ ട്രാൻസ്ജെന്ററുകളെ പരിശോധിച്ചു വേണ്ട ചികിത്സ നൽകും.
ഇതോടൊപ്പം ട്രാൻസ്ജെന്റർക്കു നിയമ സഹായം നൽകുന്നതിന് ഒരു പാരാ ലീഗൽ വോളന്റിയറുടെ സേവനവും ക്ലിനിക്കിൽ ലഭ്യമാണ്. ഭാവിയിൽ ലിംഗമാറ്റ ശസ്ത്രക്രിയ അടക്കമുള്ള ചികിത്സകൾ നടത്തുന്നതിന് പര്യാപ്തമായ രീതിയിൽ ക്ലിനിക്കിന്റെ പ്രവർത്തനങ്ങളെ വികസിപ്പിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ലീഗൽ സർവീസ് സൊസൈറ്റിയുടെ നിർദ്ദേശ പ്രകാരം കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജില്ലാ ലീഗൽ സർവീസ് സൊസൈറ്റി ഭിന്നലിംഗക്കാർക്കായുള്ള ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നത്. പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ഭിന്നലിംഗക്കാർക്കു വേണ്ടി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ധാരാളം പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. തൊഴിൽ പരിശീലനം നൽകാനുള്ള രണ്ട് പ്രോജക്ടുകൾ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ പരിഗണനയിലാണ്. സംസ്ഥാനത്ത് ആദ്യമായി മൂന്ന് ട്രാൻസ്ജെന്ററെ പാരാ ലീഗൽ വോളന്റിയർമാരായി തെരഞ്ഞെടുത്തതും കോട്ടയത്താണ്. സമൃദ്ധി സുരക്ഷ എന്ന എൻ.ജി.ഒ യും കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും ഈ പ്രവർത്തനങ്ങളിലെല്ലാം ലീഗൽ സർവീസസ് അതോറിറ്റിയുടെ പങ്കാളിയാണ്. മതിയായ ചികിത്സ തേടാൻ കഴിയാതെ വരുന്നു എന്നതാണ് ട്രാൻസ്ജെന്റർ നേരിടുന്ന പ്രധാന പ്രശ്നം.
ഈ വിഭാഗത്തിനു മാത്രമായുള്ള ചില ആരോഗ്യപ്രശ്നങ്ങൾക്കും ആവശ്യങ്ങൾക്കും ചികിത്സ തേടി എവിടെ പോകണമെന്ന ആശയക്കുഴപ്പവും ഇവർക്കിടയിൽ നിലനിന്നിരുന്നു. അഥവാ ഡോക്ടറുടെയടുക്കൽ പോയി അവരുടെ ആവശ്യങ്ങൾ പറഞ്ഞാൽ അത് ഗൗരവമായി എടുക്കുമോ എന്ന സംശയവും ഇവർക്കുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ആദ്യമായി ട്രാൻസ്ജെന്റസിന് മാത്രമായി ക്ലിനിക്ക് എന്ന ആവശ്യം ഉയർന്നത്.
ലീഗൽ സർവീസ് സൊസൈറ്റിയോടൊപ്പം കോട്ടയം മെഡിക്കൽ കോളേജിന്റെ സഹകരണം കൂടിയായപ്പോൾ ക്ലിനിക്കെന്ന ആശയം ഫലപ്രാപ്തിയിലെത്തുകയായിരുന്നു.

മെഡിക്കൽ കോളേജിൽ ട്രാൻസ്ജെന്റേഴ്സ് വിഭാഗത്തിനു വേണ്ടി പ്രത്യേക ക്ലിനിക്ക് ആരംഭിച്ചതിനെ ബി.ബി.സി റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയിൽ ട്രാൻസ്ജെന്റർ വിഭാഗത്തിൽപെട്ടവർ ഒരുപാട് വിവേചനങ്ങളും വിഷമതകളും അനുഭവിക്കുന്നുണ്ട്. എന്നാൽ അവർക്ക് സർക്കാർ തലത്തിൽ കിട്ടുന്ന പരിഗണന വളരെ കുറവാണ്. എന്നാൽ കേരളത്തിൽ സൗജന്യ ചികിത്സാ സൗകര്യം ഏർപ്പെടുത്തിക്കൊണ്ട് കോട്ടയത്ത് പ്രത്യേക ക്ലിനിക്ക് ആരംഭിച്ചത് ട്രാൻസ്ജെന്റർ വിഭാഗത്തിന് വളരെ ഗുണകരമായിരിക്കുമെന്നും ഈ വിഭാഗത്തിൽപ്പെട്ടവർക്ക് ഇത് വളരെ ഉപകാരപ്രദമായിരിക്കുമെന്നും ബി.ബി.സി വാർത്തയിൽ പറഞ്ഞു.

The post കേരളത്തിൽ എല്ലാ മെഡിക്കൽ കോളേജുകളിലും ട്രാൻസ്ജെന്റേഴ്സിനു വേണ്ടി പ്രത്യേക ക്ലിനിക്കുകൾ ആരംഭിക്കും- കെ കെ ശൈലജ ടീച്ചർ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20573

Trending Articles