പരിശോധനയ്ക്കിടെ 11 മീറ്റര്‍ ഉയരമുള്ള കെമിക്കല്‍ ടാങ്കില്‍ വീണ ഇന്‍സ്‌പെക്ടറെ എമര്‍ജന്‍സി പോലിസ് രക്ഷപ്പെടുത്തി.
ദുബയ് ക്രീക്കിലാണ് സംഭവം. തീക്കെടുത്താന്‍ ഉപയോഗിക്കുന്ന ദ്രവരൂപത്തിലുള്ള രാസപദാര്‍ഥം നിറച്ച ടാങ്കിലാണ് പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥന്‍ വീണത്.
കമ്പനി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മിനുട്ടുകള്‍ക്കകം എത്തിയ ദുബായ് പോലിസിന്റെ മാരിടൈം റെസ്‌ക്യൂ വിഭാഗമാണ് ശ്രമകരമായ ദൗത്യത്തിലൂടെ യുവാവിനെ രക്ഷപ്പെടുത്തിയത്.
തികച്ചും പ്രയാസകരമായിരുന്നു രക്ഷാ പ്രവര്‍ത്തനമെന്ന് റെസ്‌ക്യൂ പോലിസ് തലവന്‍ ലഫ്. കേണല്‍ അലി അല്‍ ഖസീബ് പിന്നീട് പറഞ്ഞു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ വെല്ലുവിളികള്‍ ഏറെയായിരുന്നു. 11 മീറ്റര്‍ ഉയരമുള്ള ടാങ്കില്‍ നാല് മീറ്ററോളം രാസപദാര്‍ഥമുണ്ടായിരുന്നു. ചെറിയ ദ്വാരം മാത്രമുള്ള ടാങ്കില്‍ ഓക്‌സിജന്‍ കുറവായിരുന്നത് രക്ഷ്പ്രവര്‍ത്തകരെ പ്രയാസപ്പെടുത്തി.
ടാങ്കിലകപ്പെട്ട ഇന്‍സ്‌പെക്ടര്‍ക്ക് ആദ്യം ഓക്‌സിജന്‍ സംവിധാനമടങ്ങുന്ന കിറ്റ് ഇറക്കിക്കൊടുക്കുകയായിരുന്നു. ടാങ്കിന്റെ ഭിത്തി കനം കുറഞ്ഞതായതിനാല്‍ രക്ഷാ പ്രവര്‍ത്തകരുടെ ഭാരം താങ്ങാന്‍ അതിന് കെല്‍പ്പുണ്ടായിരുന്നില്ല. ഇതും പ്രശ്‌നമായി.
വളരെ സാഹസികമായാണ് വലിയ അപകടങ്ങളൊന്നുമില്ലാതെ ഇയാളെ പുറത്തെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ടാങ്കില്‍ നിന്ന് പുറത്തെടുത്ത ഉടനെയും ആംബുലന്‍സില്‍ വച്ചും ഇന്‍സ്‌പെക്ടര്‍ക്ക് അത്യാവശ്യ ചികില്‍സ നല്‍കിയതായും ഇയാള്‍ ആശുപത്രിയില്‍ അപകടനില തരണം ചെയ്തതായും പോലിസ് അറിയിച്ചു.
The post 11 മീറ്റര്‍ ഉയരമുള്ള കെമിക്കല്‍ ടാങ്കില്‍ വീണ ഇന്‍സ്‌പെക്ടറെ സാഹസികമായി രക്ഷപ്പെടുത്തി appeared first on Daily Indian Herald.