കൊല്ലം: അപകടത്തിൽ പരിക്കേറ്റ തമിഴ്നാട് സ്വദേശി ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ ഡോക്ടർമാരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ആരംഭിച്ചു. കൊല്ലം മെഡിസിറ്റി ഉൾപ്പെടെയുള്ള സ്വകാര്യ ആശുപത്രികൾ ഗുരുതരമായ കൃത്യവിലോപം കാണിച്ചുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി കൊല്ലത്തെ ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച മുരുകന് മതിയായ ചികിത്സ നൽകാത്തത് ഈ സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. അത്യാഹിത വിഭാഗത്തിലെത്തിച്ച രോഗിയെ ആശുപത്രിയുടെ അകത്തേക്ക് പോലും പ്രവേശിപ്പിക്കാൻ ഡോക്ടർമാർ തയ്യാറായില്ല.
സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർക്കെതിരെയും ആശുപത്രികൾക്കെതിരെയും പോലീസ് മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരെ ഉടൻ തന്നെ അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്.
ബുധനാഴ്ച ആശുപത്രികളിലെത്തിയ അന്വേഷണ സംഘം സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരിൽ നിന്നും വിശദമായ മൊഴിയെടുത്തു. ഈ സമയത്ത് ആശുപത്രികളിലുണ്ടായിരുന്ന മറ്റുള്ളവരിൽ നിന്നും, പരിക്കേറ്റയാളെയും കൊണ്ട് ആശുപത്രികളിൽ കയറിയിറങ്ങിയ ആംബുലൻസ് ഡ്രൈവറുടെയും സഹായിയുടെയും മൊഴികളും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
The post ഇനിയാർക്കും ചികിത്സ നിഷേധിക്കരുത്; കൊല്ലത്തെ സ്വകാര്യആശുപത്രികളിലെ ഡോക്ടർമാരെ ഉടൻ അറസ്റ്റ് ചെയ്യും appeared first on Daily Indian Herald.