സ്വന്തം ലേഖകൻ
കൊച്ചി: എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ (60) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഹൃദയ, ഉദര സംബന്ധ അസുഖങ്ങളെ തുടർന്ന് ഈ മാസം 11 മുതൽ ചികിത്സയിലായിരുന്നു. ശനിയാഴ്
ചയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. ഇതോടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെട്ട അദ്ദേഹം ഞായറാഴ്ച 7 മണിയോടെ മരണപ്പെടുകയായിരുന്നു.
കോട്ടയം കുറിച്ചിത്താനം സ്വദശിയായ ഉഴവൂർ വിജയൻ കോൺഗ്രസിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. നർമ്മം കലർത്തിയുളള അദ്ദേഹത്തിന്റെ പ്രസംഗശൈലി മറ്റു രാഷ്ട്രീയക്കാരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കിയിരുന്നു.
കോൺഗ്രസ് പിളർന്നപ്പോൾ അദ്ദേഹം കോൺഗ്രസ് എസിലെത്തുകയും അതുവഴി എൻ.സി.പിയിൽ എത്തുകയുമായിരുന്നു.
കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ്, ദേശീയ സമിതി അംഗം, എൻ.സി.പിയുടെ തൊഴിലാളി വിഭാഗമായ ഐ.എൻ.എൽ.സി സംസ്ഥാന വർക്കിങ് പ്രസിഡന്റ്, കേന്ദ്ര പൊതുമേഖലാ വ്യവസായ തൊഴിലാളി പ്രസിഡന്റ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗം, എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
2001ൽ കെ.എം മാണിക്കെതിരെ പാലായിൽ മത്സരിച്ചതായിരുന്നു അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പോരാട്ടം.
കുറിച്ചിത്താനം കാരാംകുന്നേൽ ഗോവിന്ദൻ നായരുടെയും ലക്ഷ്മിക്കുട്ടിയുടേയും മകനാണ് ഉഴവൂർ വിജയൻ. കെ.ആർ നാരായണൻ സർക്കാർ എൽ.പി സ്‌കൂൾ, കുറിച്ചിത്താനും വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു പഠനം. ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്നും ധനതത്വശാസ്ത്രത്തിൽ ബിരുദമെടുത്തു.
The post എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ (60) അന്തരിച്ചു appeared first on Daily Indian Herald.