ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കള്ളപ്പണ റാക്കറ്റുമായി ദിലീപിന് ബന്ധമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചതായി സൂചന. നടിയെ ആക്രമിച്ച കേസിൽ ക്വട്ടേഷൻ നൽകിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ദിലീപിന്‍റെ കണക്കിൽപ്പെടാത്ത സ്വത്ത് സംബന്ധിച്ച വിവരങ്ങൾ പോലീസിന് ലഭിച്ചത്. കേരള പോലീസിന് പുറമേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരിട്ടാണ് സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നത്.
നടിയെ ആക്രമിച്ച കേസിൽ നേരത്തെ പിടിയിലായ പൾസർ സുനി നൽകിയ മൊഴിയിലാണ് സാമ്പത്തിക ഇടപാടുകളിലേക്കും അന്വേഷണം തിരിയാൻ കാരണമായത്. നടിക്കെതിരെയുള്ള ക്വട്ടേഷൻ നടപ്പിലാക്കിയാൽ 62 കോടി രൂപയുടെ ലാഭമുണ്ടാകുമെന്ന് ദിലീപ് പറഞ്ഞതായാണ് സുനി മൊഴി നൽകിയിരുന്നത്. എന്നാൽ ഇതിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ സുനിക്കറിയില്ലായിരുന്നു.
ദിലീപ് നിർമ്മിച്ച സിനിമകൾ, ദിലീപിന്‍റെ വിവിധ ബിസിനസ് സംരഭങ്ങൾ, റിയൽ എസ്റ്റേറ്റ് ഇടപാടുകൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം നടക്കുക. അന്വേഷണത്തിന്‍റെ ഭാഗമായി ദിലീപിന്‍റെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും.ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കള്ളപ്പണ റാക്കറ്റുമായി ദിലീപ് അടുത്ത ബന്ധം പുലർത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പത്ത് വർഷത്തിനിടെ ദിലീപ് നേതൃത്വം നൽകിയ വിദേശ രാജ്യങ്ങളിലെ സ്റ്റേജ് ഷോകളെ സംബന്ധിച്ചും അന്വേഷിക്കും.
നടിയെ ആക്രമിച്ചതിന് പിന്നിൽ വെറും വ്യക്തിവൈരാഗ്യം മാത്രമാണെന്ന് പോലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. അന്വേഷണം സാമ്പത്തിക ഇടപാടുകളിലേക്ക് നീങ്ങാതിരിക്കാനുള്ള ദിലീപിന്റെ തന്ത്രമാണോ ഇതെന്നും പോലീസ് സംശയിക്കുന്നുണ്ട്.
The post ദിലീപിന്‍റെ സ്വത്തും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും;ദുബായ് മാഫിയയുമായി ദിലീപിന് ബന്ധം? appeared first on Daily Indian Herald.