ക്രൈം ഡെസ്‌ക്
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ മാതൃഭൂമി ന്യൂസ് പുറത്തു വിട്ടു. ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ പള്‍സര്‍ സുനി നില്‍ക്കുന്ന ദൃശ്യങ്ങളാണ് മാതൃഭൂമി ന്യൂസ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.
ദിലീപ് നായകനായ ‘ജോര്‍ജ്ജേട്ടന്‍സ് പൂരം’ എന്ന സിനിമയുടെ ലൊക്കേഷനില്‍ ഇരുവരും ഒരേസമയത്ത് എത്തിയതിന്റെ തെളിവുകളാണ് പുറത്ത് വന്നത്.
നഗരത്തിലെ ഒരു പ്രധാന ക്ലബ്ബിലായിരുന്നു ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷന്‍ ഈ ക്ലബ്ബിലെ ഹെല്‍ത്ത് ക്ലബ്ബില്‍ അക്രമത്തിനിരയായ നടി സ്ഥിരം എത്താറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2016 നവംബര്‍ 13 നാണ് ഇരുവരും ഒരേ ടവര്‍ ലൊക്കേഷനില്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ചിത്രങ്ങള്‍ കിട്ടിയത്. ഇതുസംബന്ധിച്ച് ഹോട്ടലിലെ ജീവനക്കാരനില്‍ നിന്ന് പൊലീസ് മൊഴിയെടുക്കുന്നത് തുടരുകയാണ്.
പള്‍സര്‍ സുനിയെ അറിയില്ലന്നായിരുന്നു ദിലീപ് നേരത്തെ പറഞ്ഞിരുന്നത്. ഇപ്പോള്‍ പുറത്തു വന്ന ഈ ഫോട്ടോ മാത്രം വച്ച് ദിലീപിനെ കുറ്റക്കാരനാക്കാനും കഴിയില്ല. കാരണം, ഒരു ലൊക്കേഷനില്‍ വരുന്ന നൂറ് കണക്കിന് ആളുകളില്‍ എല്ലാവരും താരങ്ങള്‍ അറിയുന്നവരായിരിക്കില്ല.
ദിലീപ് തന്നെ നേരത്തെ ടവര്‍ മൊബൈല്‍ ലൊക്കേഷനില്‍ ഇരുവരും ഒരേ സ്ഥലത്തുണ്ടെന്ന വാര്‍ത്ത വന്നപ്പോള്‍ ഇത് ഗൂഢാലോചനയുടെ ഭാഗമായിക്കൂടെ എന്ന് പ്രതികരിച്ചിരുന്നു.
ദിലീപും പള്‍സര്‍ സുനിയും ഒരുമിച്ചുള്ള ഫോട്ടോ ഉണ്ടെങ്കില്‍ മാത്രമേ കാര്യങ്ങള്‍ക്ക് കൃത്യത ഉണ്ടാകൂ എന്നതിനാല്‍ അതിനായുള്ള നെട്ടോട്ടത്തിലാണ് ഇപ്പോള്‍ പൊലീസ്.
ഇതിനിടെ ദിലീപ് ചിത്രമായ രാമലീലയുടെ റിലീസ് തീയതി മാറ്റി. ദിലീപ് ഇടപെട്ടതിനെ തുടര്‍ന്നാണ് ചിത്രത്തിന്റെ റീലീസ് മാറ്റിയത്.
ഈ വരുന്ന വെള്ളിയാഴ്ചയായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. റീലീസ് മാറ്റിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ ദിലീപിനെ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്യുക കൂടി ചെയ്ത സാഹചര്യത്തില്‍ സിനിമ റിലീസ് ചെയ്താല്‍ വേണ്ടത്ര ജനപിന്തുണ ലഭിക്കില്ലെന്ന ആശങ്കയാവാം ചിത്രത്തിന്റെ റിലീസിങ് മാറ്റിവെച്ചതിന് പിന്നില്‍ എന്നാണ് അറിയുന്നത്.
രാമലീലയുടെ ടീസര്‍ കഴിഞ്ഞയാഴ്ചയായിരുന്നു പുറത്തിറക്കിയിരുന്നത്. പുലിമുരുകന്‍ എന്ന ചിത്രത്തിന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന രാമലീല നവാഗതനായ അരുണ്‍ ഗോപിയായിരുന്നു സംവിധാനം ചെയ്തത്. ചിത്രത്തില്‍ രാഷ്ട്രീയനേതാവായാണ് ദിലീപ് എത്തുന്നത്. ഏറെക്കാലമായി ദിലീപ് ആരാധകര്‍ കാത്തിരുന്ന ചിത്രമായിരുന്നു രാമലീല. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ തന്നെ തേജോവധം ചെയ്യാനുള്ള ശ്രമം സോഷ്യല്‍ മീഡിയായിലൂടെയും,ചില മഞ്ഞ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും ഒളിഞ്ഞും, തെളിഞ്ഞും നടക്കുന്നതായി ദിലീപ് ആരോപിച്ചിരുന്നു. തന്നെ സ്നേഹിക്കുന്ന പ്രേക്ഷകരെ എന്നെന്നേക്കുമായ് തന്നില്‍ നിന്നകറ്റാനാനും എന്റെ പുതിയ ചിത്രം രാമലീലയേയും,തുടര്‍ന്നുള്ള സിനിമകളേയും പരാജയപ്പെടുത്താനുമാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ദിലീപ് ആരോപിച്ചിരുന്നു.
The post പള്‍സര്‍ ദിലീപിനെ കണ്ടതിനു തെളിവ്: ചിത്രങ്ങള്‍ പുറത്തു വിട്ട് മാതൃഭൂമി ന്യൂസ്; ദിലീപിനു കുരുക്ക് മുറുകുന്നു: രാമലീലയുടെ റിലീസ് മാറ്റി വച്ചു appeared first on Daily Indian Herald.