Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

ഖത്തർ: വ്യോമ ഉപരോധത്തിൽ ഇളവ്; ഇന്ത്യക്കാർക്കടക്കം ആശ്വാസം

$
0
0

സ്വന്തം ലേഖകൻ

ഖത്തർ: മധ്യപൂർവേഷ്യയിൽ യുദ്ധഭീതി ഉയർത്തിയ ഖത്തർ ഉപരോധത്തിൽ ഇളവു വരുത്താൻ തീരുമാനം. അന്താരാഷ്ട്ര തലത്തിൽ സമ്മർദം ശക്തമായതിനെ തുടർന്ന് ഖത്തറിനെതിരെ ഏർപ്പെടുത്തിയ വ്യോമ ഉപരോധത്തിൽ അയവു വരുത്തി. ഖത്തറിലോ ഉപരോധമേർപ്പെടുത്തിയ രാജ്യങ്ങളിലോ രജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കൊഴികെ വിലക്ക് ബാധകമല്ലെന്ന യു.എ.ഇ യുടെ പ്രഖ്യാപനത്തെ തുടർന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ ദുബായ് വഴിയുള്ള സർവീസുകൾ പുനരാരംഭിച്ചു. പ്രതിസന്ധിയെ തുടർന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വെട്ടിക്കുറച്ച ലഗേജ് പരിധി 30 കിലോ ആയി ഉയർത്തി.
ഗൾഫ് പ്രതിസന്ധി രൂക്ഷമായി തുടരുന്നത് മേഖലയിലെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് മനസ്സിലാക്കിയതോടെ പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിന് വിദേശ രാജ്യങ്ങളിലും തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. അമേരിക്ക,റഷ്യ, യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ എന്നിവക്ക് പുറമെ ഖത്തറുമായി കൂടുതൽ അടുപ്പം പുലർത്തുന്ന രാജ്യങ്ങളുമായി ആശയവിനിമയം ശക്തമാക്കാൻ സൗദി അനുകൂല രാജ്യങ്ങളും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സൗദി,യു.എ.ഇ ,ബഹ്റൈൻ സ്ഥാനപതിമാർ അങ്കാറയിൽ തുർക്കി വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തി.
ഇതിനിടെ കടുത്ത നടപടികളിൽ നിന്ന് ഇരുവിഭാഗവും വിട്ടുനിൽക്കണമെന്ന കുവൈറ്റ് അമീറിന്റെ നിർദേശം ഇരുവിഭാഗവും അംഗീകരിച്ചതായാണ് സൂചന. അതേസമയം ഉപാധികളോടെയുള്ള അനുരഞ്ജന ചർച്ചകൾക്ക് മാത്രമേ സന്നദ്ധമാവൂ എന്ന നിലപാടിൽ സൗദി അനുകൂല രാജ്യങ്ങൾ ഉറച്ചു നിൽക്കുകയാണ്. എന്നാൽ ഖത്തറിലും ഉപരോധമേർപ്പെടുത്തിയ രാജ്യങ്ങളിലും രജിസ്റ്റർ ചെയ്ത വിമാനക്കമ്പനികൾക്കൊഴികെ ദുബായ് വ്യോമമേഖല വഴി സർവീസ് നടത്തുന്നതിന് വിലക്കില്ലെന്ന യു.എ.ഇ യുടെ പ്രഖ്യാപനത്തെ തുടർന്ന് ദോഹയിൽ നിന്നുള്ള ജെറ്റ് എയർവെയ്‌സ്,എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ ഇതുവഴിയുള്ള സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. വ്യോമമേഖലയിൽ വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് ജൂൺ അഞ്ചു മുതൽ ഈ വിമാനങ്ങൾ ഒമാൻ, ടെഹ്റാൻ വഴിയാണ് ഇന്ത്യയിലേക്ക് സർവീസ് നടത്തിയിരുന്നത്. ഇതേതുടർന്ന് വെട്ടിക്കുറച്ച ലഗേജ് പരിധി എയർ ഇന്ത്യ എക്‌സ്പ്രസ് ഇന്നലെ മുതൽ പഴയ നിലയിൽ പുനഃസ്ഥാപിച്ചിട്ടുണ്ട്.
വ്യോമഉപരോധത്തിൽ ഈജിപ്തും സമാനമായ ഉപാധികളോടെ ഇളവ് വരുത്തിയിട്ടുണ്ട്. ഖത്തറിന് ആവശ്യമെങ്കിൽ ഭക്ഷ്യോത്പന്നങ്ങൾ ഉൾപ്പെടെ ഏതുതരത്തിലുള്ള സഹായവുമെത്തിക്കാൻ തയാറാണെന്നു സൗദി വിദേശകാര്യ മന്ത്രി ആദിൽ അൽ ജുബൈർ അറിയിച്ചു. എന്നാൽ ഭക്ഷ്യോത്പന്നങ്ങൾ ഉൾപ്പെടെയുള്ള ആവശ്യവസ്തുക്കൾക്ക് ക്ഷാമം നേരിടാതിരിക്കാനുള്ള നടപടികൾ ഖത്തർ ഊർജിതമാക്കി.

The post ഖത്തർ: വ്യോമ ഉപരോധത്തിൽ ഇളവ്; ഇന്ത്യക്കാർക്കടക്കം ആശ്വാസം appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles