സിനിമാ ഡെസ്‌ക്
കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്യപ്പെട്ട പൾസർ സുനിയുടെ ഭീഷണിക്കത്ത് പുറത്തായി. കേസിൽ പ്രതിചേർക്കപ്പെട്ട പൾസർ മലയാളത്തിലെ പ്രമുഖ നടനെ ഭീഷണിപ്പെടുത്തി സുഹൃത്തിനു അയച്ച കത്താണ് പുറത്തായത്. ‘ ഇതുവരെ എല്ലാം ഒളിച്ചുവെച്ചു, ഞാൻ ഒന്നും പറഞ്ഞില്ല, എനിക്ക് കുറച്ച് കാശ് തന്ന് സഹായിക്കണം അല്ലെങ്കിൽ എല്ലാം ഞാൻ വിളിച്ചു പറയും ‘ ഇതായിരുന്നു കത്തിലെ മുന്നറിയിപ്പ്.
കൂടെ ജയിലിൽ കിടന്നിരുന്ന സഹതടവുകാരന്റെ കൈവശം കൊടുത്ത കത്ത് ഇപ്പോൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യലിൽ പൊലീസിനോട് പറയാത്ത കാര്യം ഇപ്പോൾ പൾസർ സുനി പറയാനുണ്ടായ സാഹചര്യമെന്താണെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.
മുൻപ് ചാർളി എന്ന ഒരു വ്യക്തിയോട് 50,000 രൂപ കടം ചോദിച്ച പൾസർ സുനി പ്രമുഖ നടനു വേണ്ടിയാണ് കൃത്യം ചെയ്തതെന്ന് പറഞ്ഞിരുന്നു.
ഈ കാര്യം പൊലീസ് ചോദിച്ചപ്പോൾ മാധ്യമങ്ങളിൽ പ്രമുഖ നടന്റെ പേര് വച്ച് വാർത്തകൾ വന്നത് കൊണ്ടാണ് താൻ ഇത്തരത്തിൽ പറഞ്ഞതെന്ന മൊഴിയാണ് പ്രതി നൽകിയിരുന്നത്.
അതുകൊണ്ട് തന്നെ ഇപ്പോൾ വീണ്ടും നടനെയും സുഹൃത്തായ സംവിധായകനെയും വലിച്ചിഴക്കുന്നത് പണം തട്ടാൻ ലക്ഷ്യമിട്ടാണോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
പങ്കുണ്ടെങ്കിലും ഇല്ലെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ നടന്റെ പേര് പ്രതി പറഞ്ഞാൽ അത് പൊതുസമൂഹത്തിനിടയിൽ വലിയ തിരിച്ചടിയാകുമെന്നതിനാൽ നടൻ പണം നൽകുമെന്ന് പൾസർ സുനി കണക്ക് കൂട്ടാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
എന്തായാലും കത്തിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം തന്നെയാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
സംവിധായകൻ, നടൻ എന്നിവരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും ഫോൺ വിശദാംശങ്ങളും പൾസർ സുനി സഞ്ചരിച്ച ‘ലൊക്കേഷൻ’ കേന്ദ്രീകരിച്ച പരിശോധനയും പൊലീസ് നടത്തുന്നുണ്ട്.
കത്തിൽ പ്രതി പറയുന്ന കാര്യങ്ങളിൽ കഴമ്പ് ഉണ്ടോ എന്ന് ആദ്യം കണ്ടെത്തിയതിന് ശേഷം മാത്രമേ തുടർ നടപടി ആലോചിക്കൂ എന്ന നിലപാടിലാണ് അന്വേഷണ സംഘം.
കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രമുഖ നടി തൃശൂരിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രക്കിടെ പീഡിപ്പിക്കപ്പെട്ടത്.
ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് പൾസർ സുനിയെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പണം തട്ടാൻ ബ്ലാക്ക് മെയിൽ ചെയ്യാൻ ഉദ്ദേശിച്ച് ചെയ്ത പ്രവർത്തിയാണെന്നായിരുന്നു പൾസർ സുനിയും മറ്റ് പ്രതികളും മൊഴി നൽകിയിരുന്നത്.
The post ഞാൻ എല്ലാം തുറന്നു പറയും..! ജയിൽ നിന്നു പൾസർ സുനിയുടെ ഭീഷണിക്കത്ത്; പൾസറിനെ ഭയപ്പെടുന്നത് ആരെല്ലാം appeared first on Daily Indian Herald.