പുരോഗമനപരമെന്ന് എപ്പോഴും മേനിനടിക്കുന്ന കേരളം പോലൊരു സ്ഥലത്ത് ആളുകള്‍ എന്തിനാണ് ഇപ്പോഴും പേരിനൊപ്പം ജാതിവാല്‍ ചേര്‍ക്കുന്നത്? നടി പാര്‍വ്വതി നായരോട് ഒരു തമിഴ് ടെലിവിഷന്‍ ചാനലിന്റെ ടോക്ക് ഷോയിലായിരുന്നു ചോദ്യം. അതിനുള്ള നടിയുടെ മറുപടി തുടര്‍ന്നുള്ള ഗൗരവതരമായ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്. സ്റ്റാര്‍ വിജയ് ചാനലിലെ ‘നീയാ നാനാ?’ എന്ന പരിപാടിയിലായിരുന്നു ചര്‍ച്ച. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്ന, 100 ശതമാനം സാക്ഷരതയുള്ള, നിരന്തരമായുള്ള രാഷ്ട്രീയ സംവാദങ്ങള്‍ നടക്കുന്ന, കമ്യൂണിസത്തിന് വേരോട്ടമുള്ള, പുരോഗമനപരമായ ഒരു സ്ഥലത്ത് എന്തുകൊണ്ടാണ് ആളുകള്‍ ഇപ്പോഴും പേരിനൊപ്പം ജാതിപ്പേര് ഉപയോഗിക്കുന്നതെന്നായിരുന്നു പാര്‍വ്വതി നായരോടുള്ള ആദ്യ ചോദ്യം. അതിനുള്ള അവരുടെ മറുപടി ഇങ്ങനെ..
‘നായര്‍’ എന്റെ ജാതിപ്പേരാണ്. ശങ്കരന്‍ നായര്‍ എന്നായിരുന്നു എന്റെ മുത്തച്ഛന്റെ പേര്. പക്ഷേ എന്റെ അച്ഛന്‍ പേരിനൊപ്പമുള്ള ‘നായര്‍’ ഒഴിവാക്കി. വേണുഗോപാല്‍ എന്ന് മാത്രമാണ് അദ്ദേഹം പേരായി ഉപയോഗിച്ചത്. അച്ഛനും അമ്മയും പുരോഗമന ചിന്തയുള്ളവരായിരുന്നു. ജാതിപ്പേര് വേണ്ട എന്നായിരുന്നു അവരുടെ തീരുമാനം. പക്ഷേ എന്റെ പേര് വന്നപ്പോള്‍ പാര്‍വ്വതി വേണുഗോപാല്‍ നായര്‍ എന്നായി. കേരളത്തില്‍ ഒരുപാട് പേര്‍ക്ക് ജാതിപ്പേര് ഒരു ‘പ്രസ്റ്റീജ് ഇഷ്യു’ ആണ്. എന്റെ ജാതി ഇതാണ് എന്നുപറയുന്നതില്‍ അവര്‍ക്ക് വലിയ താല്‍പര്യമാണ്. നായര്‍, നമ്പൂതിരി, നമ്പീശന്‍ തുടങ്ങി ഉയര്‍ന്ന ജാതിക്കാര്‍ മാത്രമാണ് പേരിനൊപ്പം ജാതി ഉപയോഗിക്കുന്നത്. പാര്‍വ്വതി നായര്‍ പറഞ്ഞു.
കേരളത്തിലെ ഉയര്‍ന്ന ജാതിക്കാര്‍ തലമുറകള്‍ക്ക് മുന്‍പേ വിദ്യാസമ്പന്നരാണെന്നും തന്റെ അമ്മൂമ്മയുടെ അമ്മ വരെ വിദ്യാഭ്യാസമുള്ളവരായിരുന്നുവെന്നും പറയുന്ന പാര്‍വ്വതി നായരോട് അവതാരകന്റെ അടുത്ത ചോദ്യം ഇങ്ങനെ.. ”തമിഴ്നാട്ടില്‍ വിദ്യാഭ്യാസം നേടിയവരാണ് പേരിനൊപ്പം ജാതിപ്പേര് ഒഴിവാക്കിയത്. പക്ഷേ പുരോഗമനപരമെന്ന് പറയുന്ന കേരളത്തില്‍ എന്തുകൊണ്ടാണ് അത് സംഭവിക്കാത്തത്?” കേരളം അത്ര പുരോഗമനപരമല്ല എന്നതാണ് അതിന് കാരണമെന്നും പല കാര്യങ്ങളിലും മലയാളികള്‍ യാഥാസ്ഥിതികരാണെന്നുമാണ് പാര്‍വ്വതി നായരുടെ മറുപടി.
തുടര്‍ന്ന് ജാതിപ്പേര് വിട്ട് ജാതി വേര്‍തിരിവ് എന്നതിലേക്ക് നീണ്ട ചര്‍ച്ചയില്‍ ജാതി എന്നതിനെ പാര്‍വ്വതി നായര്‍ ഇങ്ങനെ നിര്‍വ്വചിക്കുന്നു.. മനുസ്മൃതിയെ കൂട്ടുപിടിച്ചാണ് ജാതി വളരെ നിരുപദ്രവകരമായ ഒരാശയമാണെന്ന് നടി പറയുന്നത്. ”ജാതി ആളുകളെ വേര്‍തിരിക്കാന്‍വേണ്ടി ആരംഭിച്ചതല്ല. തൊഴിലിന്റെ അടിസ്ഥാനത്തിലാണ് ഓരോ വിഭാഗത്തെ ഓരോ ജാതിയായി പേരിട്ടുവിളിച്ചത്. ഉദാഹരണത്തിന് അധ്യാപനം, ഭരണനിര്‍വ്വഹണം, കൃഷി തുടങ്ങിയ തൊഴിലുകള്‍. അതുപ്രകാരം എല്ലാ ജാതിയ്ക്കും ഒരേ ബഹുമാനം ലഭിക്കുന്നുണ്ട്..”
തോട്ടിപ്പണി ചെയ്യുന്നവര്‍ക്ക് ഈ ബഹുമാനം ലഭിക്കുന്നുണ്ടോ എന്നാണ് വേദിയില്‍ നിന്നുയര്‍ന്ന ചോദ്യം. ”അധ്യാപനം, വ്യവസായം ഇതിലൊക്കെ ഏര്‍പ്പെടുന്നവര്‍ക്ക് ഈ വ്യവസ്ഥ ബുദ്ധിമുട്ടുണ്ടാക്കില്ല. പക്ഷേ കക്കൂസ് കഴുകുന്ന ഒരു ജാതിയുണ്ട്. അവരെപ്പറ്റി എന്താണ് അഭിപ്രായം? തലമുറകളുടെ തുടര്‍ച്ചയില്‍ അവര്‍ അതേ ചെയ്യാന്‍ പാടുള്ളൂ എന്ന് പറയുന്നത് ശരിയാണോ? അവിടെയാണ് പ്രശ്നം..”
നീണ്ട ചര്‍ച്ചയ്ക്ക് ശേഷവും ‘നായര്‍’ എന്നത് വെറുമൊരു പേരാണെന്നും നേരത്തേ ‘അവിടെത്തന്നെയുള്ളതാണെ’ന്നുമാണ് പാര്‍വ്വതി നായരുടെ മറുപടി. അത് കേവലമൊരു പേരല്ലെന്നും നിങ്ങളെപ്പോലൊരാള്‍ ഇങ്ങനെ പറയുമ്പോള്‍ ലജ്ജ തോന്നുന്നുവെന്നും ‘നീയാ നാനാ’ വേദി പ്രതികരിക്കുന്നു. തമിഴ്നാട്ടിലും ജാതീയതയുണ്ടെന്നും പക്ഷേ സവര്‍ണത്വം ഒരു മേന്മയായി തോന്നുന്നില്ലെന്നും പറഞ്ഞാണ് ടോക്ക് ഷോ അവസാനിക്കുന്നത്. ”തമിഴ്നാട്ടില്‍ നായ്ക്കരും ഗൗണ്ടറുമൊക്കെയുണ്ട്. പക്ഷേ ഉയര്‍ന്ന ജാതി ഒരു മേന്മയായി തോന്നുന്നില്ല. യഥാര്‍ഥ വേര്‍തിരിവ് പണമുള്ളവനും ഇല്ലാത്തവനും തമ്മിലാണ്. പണമുള്ളവന്റെ ജാതിയെക്കുറിച്ച് സമൂഹം ശ്രദ്ധയൊന്നും ചെലുത്തില്ല..’
The post വിദ്യാഭ്യാസമുള്ള താങ്കള്‍ എന്തിനാണ് പേരിനൊപ്പം ജാതിപ്പേര് ചേര്‍ക്കുന്നത്?; നടി പാര്‍വതി നായരെ ഉത്തരം മുട്ടിച്ച് തമിഴ് ചാനല്‍ ഷോ appeared first on Daily Indian Herald.