Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20537

മൂന്നാര്‍ കയ്യേറ്റം- സര്‍വ്വകക്ഷിയോഗ തീരുമാനങ്ങള്‍ അട്ടിമറിക്കപ്പെടുന്നു:വി.എം സുധീരന്‍

$
0
0

ആലപ്പുഴ :സര്‍ക്കാര്‍ ഭൂമി അനധികൃതമായി കയ്യേറിയവരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് മെയ് 7 ന് ബഹു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനങ്ങള്‍ ഏറെ പ്രത്യാശാജനകമായിരുന്നു. വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് ഉടന്‍ നടപടി ഉണ്ടാകുമെന്നും യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഈ തീരുമാനങ്ങളൊക്കെ അട്ടിമറിക്കപ്പെടുന്ന കാര്യങ്ങളാണ് പിന്നീട് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
സര്‍വ്വകക്ഷിയോഗത്തിനു മുമ്പ് ബഹു. മുഖ്യമന്ത്രിക്കും റവന്യൂ, നിയമം, വനം എന്നീ വകുപ്പ് മന്ത്രിമാര്‍ക്കും നല്‍കിയ കത്തില്‍ വന്‍കിട കയ്യേറ്റക്കാര്‍ അനധികൃതമായും നിയമവിരുദ്ധമായും കൈവശം വെച്ചിട്ടുള്ള 5.5 ലക്ഷം ഏക്കറോളം വരുന്ന സര്‍ക്കാര്‍ഭൂമി തിരിച്ചു പിടിക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ള വീഴ്ചകളെ സംബന്ധിച്ച് അക്കമിട്ട് ഞാന്‍ പറഞ്ഞിരുന്നു. അതിലെ പ്രധാനപ്പെട്ട ഒന്നാണ് എ.വി.റ്റി. കമ്പനികളുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയില്‍ കൈകാര്യം ചെയ്തതില്‍ സര്‍ക്കാരിനുണ്ടായ വീഴ്ച.
എ.വി.റ്റി. കമ്പനിക്കെതിരായി നിലവിലുണ്ടായിരുന്ന മരം വെട്ടരുത് എന്ന ഉത്തരവ് റദ്ദാക്കി സര്‍ക്കാര്‍ഭൂമിയില്‍ നിന്നും മരം മുറിക്കാന്‍ അനുമതി നല്‍കുന്ന ഉത്തരവ് ബഹു. ഹൈക്കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായത് ചൂണ്ടിക്കാണിച്ചിരുന്നു. അതിലൂടെ കോടികളുടെ നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടാകുന്നത് എന്നും ഇപ്പോഴത്തെ സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ ഈ കേസില്‍ ഹാജരാകാത്തതാണ് ഇപ്രകാരം ഉത്തരവിന് ഇടവരുത്തിയതെന്ന കാര്യവും പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഈ കേസില്‍ അപ്പീല്‍ ഫയല്‍ ചെയ്തിട്ടില്ലെന്നതും ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ പോയില്ല എന്നത് വളരെ ഗൗരവത്തോടെ കാണേണ്ടതാണ്. അപ്പീല്‍ ഹര്‍ജി നല്‍കി സര്‍ക്കാര്‍ നിലപാട് കൃത്യമായി അവതരിപ്പിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച വന്നു.സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ചില പൊതുപ്രവര്‍ത്തക്കര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി പരിഗണിക്കപ്പെട്ടപ്പോഴും ഫലപ്രദമായി സര്‍ക്കാര്‍ നിലപാട് അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ വക്കീലിന് കഴിഞ്ഞില്ല. എ.വി.റ്റിയുടെ ഭൂമി വിഷയത്തില്‍ സര്‍ക്കാര്‍ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന കോടതിയുടെ ചോദ്യത്തിന് മുമ്പില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ മിണ്ടിയില്ല എന്നും മാധ്യമ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഫലത്തില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയത പാലിച്ചത് എ.വി.റ്റി. കമ്പനിയെ സഹായിക്കാനാണെന്ന് വ്യക്തം. സര്‍വ്വകക്ഷി യോഗ തീരുമാനത്തിന്റെ അന്തസത്തയെ കാറ്റില്‍ പറത്തി വന്‍കിട കയ്യേറ്റക്കാരായ എ.വി.റ്റി. കമ്പനിക്ക് ഒത്താശ ചെയ്തു കൊടുത്ത സര്‍ക്കാര്‍നടപടി സര്‍ക്കാരിന്റെ വിശ്വാസ്യതയെ തന്നെയാണ് തകര്‍ക്കുന്നത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ നിയമപരമായ അനന്തരനടപടികള്‍ ഉടനെ സ്വീകരിക്കണം. ഇതിനിടയിലാണ് മൂന്നാര്‍ മേഖലയിലെ കയ്യേറ്റക്കാരെ സംബന്ധിച്ച് റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച ലിസ്റ്റില്‍ നിന്നും അമ്പതോളം കയ്യേറ്റക്കാര്‍ ഒഴിവാക്കപ്പെട്ടതായി മാധ്യമ റിപ്പോര്‍ട്ട് വന്നിട്ടുള്ളത്. നിരവധി തവണ സര്‍ക്കാര്‍ഭൂമി കയ്യേറിയ ഇവര്‍ക്കെതിരെ ഭൂസംരക്ഷണ നിയമപ്രകാരം കേസെടുക്കാന്‍ റവന്യൂ വകുപ്പ് പോലീസിന് നേരത്തെ തന്നെ പരാതി നല്‍കിയിട്ടുള്ളതാണ്.ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പെട്ടവരാണ് ഇപ്പോള്‍ ഉദ്യോഗസ്ഥ അട്ടിമറിയിലൂടെ രക്ഷപ്പെട്ടിട്ടുള്ളത്. കയ്യേറ്റക്കാര്‍ക്ക് അനുകൂലമായി പ്രത്യക്ഷമായും പരോക്ഷമായും പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം.
എ.വി.റ്റി. കമ്പനിയുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ കേസ് ഹൈക്കോടതിയില്‍ കൈകാര്യം ചെയ്തതില്‍ വന്ന വീഴ്ചയും മൂന്നാറിലെ കൈയ്യേറ്റക്കാര്‍ രക്ഷപ്പെടുന്നത് സംബന്ധിച്ച മാധ്യമവാര്‍ത്തയും വ്യക്തമാക്കുന്നത് സര്‍ക്കാരിന്റെ പ്രഖ്യാപനവും പ്രവര്‍ത്തിയും തമ്മിലുള്ള വൈരുദ്ധ്യമാണ്. കയ്യേറ്റക്കാരുടെ സമ്മര്‍ദ്ദങ്ങള്‍ക്കും സ്വാധീനത്തിനും വഴങ്ങാതെ ഫലപ്രദവും കര്‍ശനവുമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയ്യാറായില്ലെങ്കില്‍ അത് ജനങ്ങളോട് കാണിക്കുന്ന കടുത്ത വഞ്ചനയായിരിക്കും. അതുകൊണ്ട് ഇപ്പോള്‍ ഉണ്ടായ വീഴ്ചകള്‍ അടിയന്തിരമായി പരിഹരിച്ച് സര്‍വ്വകക്ഷിയോഗത്തിന്റെ തീരുമാനങ്ങള്‍ക്ക് അനുസരിച്ച നിലയില്‍ സര്‍വ്വ കയ്യേറ്റക്കാരെയും ഒഴിപ്പിക്കുന്നതിന് വേണ്ട ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The post മൂന്നാര്‍ കയ്യേറ്റം- സര്‍വ്വകക്ഷിയോഗ തീരുമാനങ്ങള്‍ അട്ടിമറിക്കപ്പെടുന്നു:വി.എം സുധീരന്‍ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20537

Trending Articles