കാസര്‍കോട്: വിദേശത്തേയ്ക്ക് പോകാന്‍ എയര്‍പോര്‍ട്ടിലെത്തിയ യുവാവില്‍ നിന്ന് 10,80,364 രൂപയുടെ വിദേശ കറന്‍സി കസ്റ്റംസ് അധികൃതര്‍ പിടിച്ചു. തളങ്കര നുസറത്ത് റോഡിലെ അഷ്‌റഫ് മൊയ്തീന്റെ (35) പക്കല്‍ നിന്നാണിത് പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായിലേക്ക് പോകാന്‍ മംഗലരുവിലെത്തിയതായിരുന്നു.
കറന്‍സി ബാഗിന്റെ അടിഭാഗത്ത് നിരത്തിവെച്ചിരിക്കുകയായിരുന്നു. പണം കണ്ടുകെട്ടി. പിഴയടയ്ക്കാന്‍ നോട്ടീസ് നല്‍കി. 4100 ഡോളര്‍, 1600 കുവൈത്ത് ദിനാര്‍, 1,00,000 സൗദി റിയാല്‍, 6000 യു.എ.ഇ. ദിര്‍ഹം എന്നിവയടക്കമുള്ള കറന്‍സികളാണ് പിടികൂടിയത്. ഒരാഴ്ചയ്ക്കുള്ളില്‍ വിദേശകറന്‍സി കടത്തിന് പിടിയിലാകുന്ന നാലാമത്തെ ആളാണ് അഷ്‌റഫ്. മറ്റു മൂന്നുപേരില്‍ നിന്നായി പത്തുലക്ഷത്തോളം രൂപയുടെ കറന്‍സി പിടിച്ചിരുന്നു.
ഇന്ത്യയില്‍ ഗോവ അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന വിദേശികളില്‍ നിന്നാണ് കറന്‍സി കടത്തുകാര്‍ ഇവ സംഘടിപ്പിക്കുന്നതെന്ന് കസ്റ്റംസ് സംശയിക്കുന്നു. സഞ്ചാരികളില്‍നിന്ന് കൂടുതല്‍ വില കൊടുത്ത് വാങ്ങുന്ന കറന്‍സികള്‍ ദുബായില്‍ കടലാസുകമ്പനികളില്‍ നിക്ഷേപിക്കാനോ അവിടുന്ന് സാധനങ്ങള്‍ വാങ്ങി ഇവിടേക്ക് അയക്കാനോ ആണ് ഉപയോഗിക്കുന്നത്.
The post ദുബായിലേക്ക് പോകാനെത്തിയ യുവാവില്‍ നിന്ന് പത്ത് ലക്ഷത്തിന്റെ വിദേശ കറന്‍സികള്‍ പിടികൂടി appeared first on Daily Indian Herald.