കൊച്ചി∙ ജിഷ്ണു കേസിൽ ഒളിവിലുള്ള എല്ലാ പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികളെ ചോദ്യം ചെയ്യുകയോ ജയിലിടയ്ക്കുകയോ ചെയ്യേണ്ട സാഹചര്യമില്ലെന്നു വ്യക്തമാക്കിയ കോടതി, സാക്ഷി മൊഴികൾ തള്ളി. കേരളത്തിൽ ആരെയും പ്രതിയാക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. കൃഷ്ണദാസിന്റെ സമ്മർദത്തിലാണ് മൊഴി നൽകിയതെന്ന പ്രിൻസിപ്പലിന്റെ മൊഴി ദഹിക്കുന്നതല്ല. പ്രിൻസിപ്പലിന്റെയും സഹപാഠിയുടെയും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ജിഷ്ണുവിന്റെ ആത്മഹത്യാക്കുറിപ്പും കോടതിയിൽ ഹാജരാക്കി. കോളജ് അധികൃതരുടെ പീഡനത്തെക്കുറിച്ച് കുറിപ്പിൽ ഒന്നും പറയുന്നില്ലെന്നു കോടതി പറഞ്ഞു. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥനെതിരെയും കോടതി വിമർശനമുന്നയിച്ചു. കയ്യടി നേടാനല്ല, നീതിയുക്തമായ നടപടികളാണു വേണ്ടതെന്ന് കോടതി വ്യക്തമാക്കി.
നെഹ്റു കോളജ് അധ്യാപകരായ സി.പി.പ്രവീൺ, ദിപിൻ എന്നിവർക്കാണ് ഹൈക്കോടതി മുൻകൂർ ജാമ്യമനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ വൈസ് പ്രിൻസിപ്പൽ എൻ.കെ.ശക്തിവേലിനു തിങ്കളാഴ്ച ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇത് സ്ഥിര ജാമ്യമാക്കി മാറ്റിയിട്ടുണ്ട്. കോളജ് ചെയർമാൻ പി.കൃഷ്ണദാസ്, പിആർഒ സഞ്ജിത് വിശ്വനാഥൻ എന്നിവർക്ക് നേരത്തെ മുൻകൂർ ജാമ്യം നൽകിയിരുന്നു.
The post ജിഷ്ണു കേസിൽ ഒളിവിലുള്ള എല്ലാ പ്രതികൾക്കും ജാമ്യം, സാക്ഷി മൊഴികൾ തള്ളി appeared first on Daily Indian Herald.